ഇടയാറന്മുള ചെറുപ്പുഴയ്ക്കാട്ട് ദേവീക്ഷേത്രഭൂമിയിൽ ഇക്കുറിയും ശബരിമല നിറപുത്തിരി ആഘോഷത്തിനായി വ്യത്യസ്‌ത ഇനം നെൽക്കതിർ പാകമാകുന്നു. ഈ നെല്ല് വകഞ്ഞുമാറ്റി പാടത്തുണ്ടാക്കിയ അയ്യപ്പന്റെ രൂപവും ഏറെ ആകർഷകമായി. കഴിഞ്ഞ വിഷുവിന് വിതച്ച ഗുജറാത്തിലെ കാർഷിക സർവകലാശാലയുടെ നാസർ ബാത്ത്, തമിഴ്‌നാട് അംബാസമുദ്രം കാർഷിക സർവകലാശാലയിലെ പച്ചരി ഇനത്തിൽപ്പെട്ട എ.എസ്.ടി., ജപ്പാനിൽനിന്നുള്ള ജപ്പാൻ വയലറ്റ്, രക്തശാലി, മനുരത എന്നിവ ഒരേ സമയം കതിരിട്ടുതുടങ്ങി.
1991-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൻ്റെ ഉടമസ്ഥതയിലുള്ള ചെറുപ്പുഴയ്ക്കാട്ട് ദേവീക്ഷേത്രഭൂമിയിലെ 40 സെൻ്റ് സ്ഥലത്താണ് കൃഷി. നിറപുത്തിരിക്ക് സ്ഥിരമായി ശബരിമലയിൽ നെൽക്കതിർ എത്തിക്കുന്നതിനുവേണ്ടിയാണ് ക്ഷേത്രഭൂമിയിൽ നെൽക്കൃഷി ചെയ്യുന്നതെന്ന് ഭരണസമിതി പ്രസിഡന്റ് കെ.എസ്. രാജശേഖരൻ നായർ പറഞ്ഞു.
നെൽക്കൃഷിയിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ പ്രമുഖ നെൽക്കർഷകൻ ഉത്തമനാണ് കൃഷിയുടെ മേൽനോട്ടം വഹിക്കുന്നത്. തൃശ്ശൂർപൂരത്തിലെ കുടമാറ്റം രീതിയിൽ ഓരോ വർഷവും പുതിയ ഇനം വിത്തുകളാണ് കൃഷിക്ക് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതെന്നും ഉത്തമൻ പറഞ്ഞു.
No comments
Post a Comment