മഴയായതിനാല്‍ വ്യാഴാഴ്ച രാത്രിയില്‍ ഡ്രോണ്‍ പരിശോധന നടത്താൻ സൈന്യത്തിന് സാധിച്ചിരുന്നില്ല. ഗംഗാവലി പുഴയില്‍ കുത്തൊഴുക്ക് ശക്തമായതിനാല്‍ മുങ്ങല്‍ വിദഗ്ധർക്ക് നദിയില്‍ ഇറങ്ങാൻ കഴിയുന്നില്ലെന്നാണ് സൈന്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം തെർമല്‍ ഇമേജിങ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ പുഴയ്ക്കടിയിലുള്ള ലോറിക്കുള്ളില്‍ മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ലോറിയുടെ ഡ്രൈവൻ കാബിൻ തകർന്നിട്ടില്ലെന്നാണ് ഡ്രോണ്‍ പരിശോധനയില്‍ കണ്ടെത്തിയതെന്ന് മനോരമ റിപ്പോർട്ടില്‍ പറയുന്നു. ലോറിയുടെ കാബിനും പിൻവശവും വേർപെട്ടിട്ടുണ്ടെങ്കില്‍ ഇത് സംബന്ധിച്ചും എന്തെങ്കിലും സൂചന ലഭിക്കേണ്ടതുണ്ട്.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബെൻസ് ലോറിയാണ് അർജുൻ ഓടിച്ചിരുന്നത്. കാബിൻ എന്ത് സംഭവിച്ചാലും തകരില്ലെന്ന് ആവർത്തിക്കുകയാണ് ലോറി ഉടമകള്‍. അപകടം സംഭവിച്ചപ്പോള്‍ അർജുൻ അകത്തായിരുന്നോ അതോ പുറത്തായിരുന്നോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. ലോറിയുടെ ജിപിഎസ് പ്രകാരം മണ്ണിടിച്ചില്‍ ഉണ്ടായ സമയത്ത് എൻജിൻ ഓണായിരുന്നു. അർജുൻ അകത്ത് ഉണ്ടായിരുന്നുവെങ്കില്‍ കാബിൻ ലോക്കായിട്ടുണ്ടാകും. അങ്ങനെയെങ്കില്‍ അകത്ത് കുടുങ്ങിപ്പോയിട്ടുണ്ടാകും. ഇനി മറിച്ചാണെങ്കില്‍ അർജുൻ ഒഴുക്കില്‍പ്പെട്ട് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
അതേസമയം അര്‍ജുന്‍ ലോറിയുടെ ക്യാബിനകത്ത് ഉണ്ടെന്ന് ഉറപ്പില്ലെന്നാണ് രക്ഷദൗത്യത്തിന് നേതൃത്വം നല്‍കുന്ന റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ നമ്ബ്യാര്‍ പറഞ്ഞത്. ക്യാബിൻ വേർപെട്ട് പോകാൻ സാധ്യത ഇല്ലെന്നാണ് മെഴ്സിഡസിലെ വിദഗ്ധർ പറയുന്നതെങ്കിലും ഇതൊക്കെ സാധ്യതമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. റോഡില്‍ നിന്നും 60 മീറ്റർ ദൂരത്ത് പുഴയിലാണ് നിലവില്‍ ലോറി ഉള്ളത്. പുഴയിലേക്ക് 5 മീറ്റർ താഴ്ചയിലാണ് ഇത്. ബെലഗാവിയില്‍ നിന്നും തടിയുമായി വരുമ്ബോഴാണ് അർജുന്റെ ലോറി അപകടത്തില്‍ പെടുന്നത്. ലോറിയിലെ തടി സമീപപ്രദേശത്ത് നിന്നൊന്നും കാണാതിരുന്നതിനാലാണ് ലോറി കരയിലായിരിക്കാം എന്ന് തുടക്കം മുതല്‍ ബന്ധുക്കളും കേരളത്തില്‍ നിന്നുള്ള രക്ഷാപ്രവർത്തകരും ലോറി ഉടമയുമൊക്കെ പറഞ്ഞിരുന്നത്. എന്നാല്‍ മരത്തടികള്‍ കുറേയേറെ കരയ്ക്കടിഞ്ഞിട്ടുണ്ടെന്നും മേജർ ഇന്ദ്രബാലൻ പറഞ്ഞു.
അതേസമയം ഇന്നും അർജുനായി പരിശോധന നടത്തും. എന്നാല്‍ പ്രദേശത്ത് കനത്ത മഴ തുടരുന്നത് വെല്ലുവിളി തീർക്കുന്നുണ്ട്. ഇന്ന് ഷിരൂർ ഉള്‍പ്പെട്ട ഉത്തര കന്നഡയില്‍ ഓറഞ്ച് അലർട്ട് ആണ്.
No comments
Post a Comment