ഉത്തരകന്നഡയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ എട്ടാം ദിവസവും കണ്ടെത്താനായില്ല. മഴ കനത്തതോടെ ചൊവ്വാഴ്‌ചത്തെ തിരച്ചിലും അവസാനിപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് പുഴയിലെ നീരൊഴുക്ക് വർധിച്ചതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായത്. ബുധനാഴ്‌ച കൂടുതൽ യന്ത്രങ്ങളെത്തിച്ച് തിരച്ചിൽ നടത്തുമെന്ന് കർണാടക എം.എൽ.എ. സതീഷ് കൃഷ്‌ണ സെയിൽ വ്യക്തമാക്കി.
ഗംഗവല്ലി പുഴയിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് മുങ്ങൽ വിദഗ്‌ദരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും കനത്ത മഴയിൽ നീരൊഴുക്ക് വർധിച്ചതോടെ പുഴയിലെ തിരച്ചിൽ നിർത്തിവെക്കേണ്ടി വരുകയായിരുന്നു. തീരത്തോട് ചേർന്ന് മണ്ണിടിഞ്ഞ് കൂടിക്കിടക്കുന്ന മൺകൂനകൾ ഒഴുക്കി കളയാനുള്ള ശ്രമങ്ങളായിരുന്നു നടത്തിവന്നിരുന്നത്. ആഴത്തിൽ തുരന്നുള്ള പരിശോധനയ്ക്കായി ബോറിങ് യന്ത്രവും എത്തിച്ചിരുന്നു.
അതേസമയം,രക്ഷാപ്രവർത്തനത്തിൽ അതൃപ്‌തിയില്ലെന്ന് അർജുൻ്റെ കുടുംബം പ്രതികരിച്ചു. ഇപ്പോൾ നടക്കുന്ന രക്ഷാപ്രവർത്തനത്തിൽ തൃപ്‌തരാണെന്നും അർജുനെ കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരണമെന്നും സഹോദരി അഞ്ജു ആവശ്യപ്പെട്ടു.
ജൂലായ് 16-ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) അപകടത്തിൽപ്പെട്ടത്. മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്.
സംഭവത്തിൽ കർണാടക ഹൈക്കോടതിയുടെ ഇടപ്പെടലുണ്ടായത് പ്രതീക്ഷ പകരുന്നതാണ്. വിഷയം ഗൗരവമാണെന്ന് നിരീക്ഷിച്ച കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. നിലവിലെ സ്ഥിതി അറിയിക്കാനാണ് നിർദേശം. ബുധനാഴ്‌ച തന്നെ മറുപടി നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഹർജി പരിഗണിച്ചത്. കോടതി ഇടപ്പെടൽ തിരച്ചിലിന് ഊർജ്ജം പകരുമെന്നാണ് പ്രതീക്ഷ. ഹർജി ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.
No comments
Post a Comment