വിവാദമായ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ പരീക്ഷാ ഏജൻസിയാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ ശ്രീനന്ദ് ഷർമിൽ ഉൾപ്പെടെ 17 വിദ്യാർഥികളാണ് പുതുക്കിയ റാങ്ക് പട്ടികയിൽ ഒന്നാമതെത്തി. ഇതിൽ 13 പേർ ആൺകുട്ടികളും 4 പേർ പെൺകുട്ടികളുമാണ്.
പുതുക്കിയ ഫലങ്ങൾ exams.nta.ac.in/NEET എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പുതുക്കിയ ഫലത്തിനൊപ്പം ഉദ്യോഗാർഥികൾക്ക് സ്കോർ കാർഡും വെബ്സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്. നിലവിൽ കേരളത്തിൽനിന്ന് ശ്രീനന്ദിനു മാത്രമാണ് ഒന്നാം റാങ്ക്. നേരത്തെ പുറത്ത് വിട്ട ഫലപ്രകാരം കേരളത്തിൽ നിന്നുള്ള നാല് പേർക്ക് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചിരുന്നു.
പുതുക്കിയ നീറ്റ് യുജി ഫലം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഇത് നാലാം തവണയാണ് പരീക്ഷയുടെ ഫലം പുറത്തുവരുന്നത്. നീറ്റ് യുജിയുടെ ആദ്യ ഫലം ജൂൺ 4നും രണ്ടാമത്തേത് ജൂൺ 30നും മൂന്നാമത്തേത് ജൂലൈ 20നുമാണ് ദേശീയ പരീക്ഷാ ഏജൻസി പ്രസിദ്ധീകരിച്ചത്. രാജ്യത്തുടനീളമുള്ള 571 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 14 നഗരങ്ങളിലുമായി 4750 കേന്ദ്രങ്ങളിലാണ് നീറ്റ് യുജി പരീക്ഷ നടത്തിയത്. മെയ് 5 ന് നടന്ന നീറ്റ് യുജി പരീക്ഷയ്ക്ക് ആകെ 13,31,321 പെൺകുട്ടികളും 9,96,393 ആൺകുട്ടികളും 17 ട്രാൻസ്ജെൻഡർ ഉദ്യോഗാർത്ഥികളുമാണ് ഹാജരായത്.
No comments
Post a Comment