മേപ്പാടി വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടു പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്‌ഥ വ്യതിയാനത്തെ ചെറുക്കാനുള്ള സഹായങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ വ്യാപ്‌തിയും ആഘാതവും കണക്കിലെടുത്തു വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായും ദേശീയ ദുരന്തമായും എത്രയും വേഗം പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർഥിച്ചു.
"അതിവേഗത്തിലുള്ള പുനർനിർമാണത്തിനും കാലാവസ്‌ഥാ വ്യതിയാനത്തെ ചെറുക്കാനും സംസ്‌ഥാനം നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്കു മതിയായ സാമ്പത്തിക പിന്തുണ ആവശ്യമാണ്. നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പു നടക്കുകയാണ്. ആയിരക്കണക്കിനു കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണു പ്രാഥമിക വിലയിരുത്തൽ. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ നിവേദനം സംസ്ഥാനം കേന്ദ്ര സർക്കാരിനു പിന്നീട് സമർപ്പിക്കും."- മുഖ്യമന്ത്രി പറഞ്ഞു.
ആഗോള താപനത്തിൻ്റെയും കാലാവസ്‌ഥാ വ്യതിയാനത്തിന്റെയും ആഘാതം സംസ്‌ഥാനത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. കാലാവസ്‌ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത പ്രകൃതിക്ഷോഭങ്ങൾ നേരിടാൻ മതിയായ സജ്‌ജീകരണങ്ങൾ കേരളത്തിന് ആവശ്യമാണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കേന്ദ്ര കാലാവസ്‌ഥ വകുപ്പ്, നാഷനൽ സിസ്‌മിക് സെന്റർ, ഇന്ത്യൻ നാഷനൽ സെന്റ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തുടങ്ങിയ ഗവേഷണ സ്‌ഥാപനങ്ങളുടെ സ്പെഷൽ സെന്ററുകളും അത്യാധുനിക പഠന സൗകര്യങ്ങളുള്ള പ്രാദേശിക ഓഫീസുകളും സംസ്‌ഥാനത്ത് ആരംഭിക്കണമെന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കാലാവസ്‌ഥാ നിരീക്ഷണത്തിനായി ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. അതിനായി ഹൈ റെസൊല്യൂഷൻ ഹസാർഡ് അസ്സെസ്‌റ്റ്‌മെൻ്റ് ടൂളുകളും ലാൻഡ് യൂസ് പ്ലാനിംഗ് മാപുകളും ലിഡാർ (LIDAR) അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റൽ എലവേഷൻ മോഡലും ഉപയോഗപ്പെടുത്താം.
സംസ്‌ഥാന സർക്കാർ കാലാവസ്‌ഥാ പഠനത്തിനായി 2015 ൽ കോട്ടയത്ത് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്‌റ്റഡീസ് സ്ഥാപിച്ചിട്ടുണ്ട്. കാലാവസ്‌ഥാ വ്യതിയാനത്തെ ദീർഘകാലാടിസ്‌ഥാനത്തിൽ അതിജീവിക്കാൻ പര്യാപ്‌തമായ നിർമാണ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കാൻ കേരള ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷനും പ്രവർത്തിച്ചുവരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് സംസ്‌ഥാനത്തിന് സുരക്ഷിതമായി മുന്നോട്ടുപോകാൻ ഈ രണ്ട് സ്ഥാപനങ്ങൾക്കും ഉദാരമായ സാമ്പത്തിക പിന്തുണയും സാങ്കേതിക സഹായവും ആവശ്യമാണ്. വയനാട് സന്ദർശിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തിൽ നന്ദി അറിയിച്ച മുഖ്യമന്ത്രി ദുരന്തത്തിൻ്റെ വ്യാപ്‌തി കണക്കാക്കി കേന്ദ്ര സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾ സംസ്‌ഥാന സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ നിർദ്ദേശം നൽകണമെന്നും അഭ്യർഥിച്ചു.
No comments
Post a Comment