ലോകത്തെ ഏറ്റവും വേഗമേറിയ ചാർജിങ് സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് റിയൽമി. റിയൽമി സ്‌മാർട്ഫോൺ വെറും നാല് മിനിറ്റിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം ചാർജ് ചെയ്യാനാവുന്ന 320 വാട്ട് സൂപ്പർസോണിക് ചാർജ് സാങ്കേതിക വിദ്യയാണ് റിയൽമി അവതരിപ്പിച്ചത്. തങ്ങളുടെ ഭാവി സ്‌മാർട്ഫോണുകളിൽ ഈ സാങ്കേതിക വിദ്യ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഏത് ഫോണിലാണ് ഇത് ഉൾപ്പെടുത്തുകയെന്ന് റിയൽമി വ്യക്തമാക്കിയില്ല.
ചാർജിങ് വേഗത്തിൽ റിയൽമിയുടെ എതിരാളിയാണ് ഷാവോമി. മുമ്പ് ജിടി സീരീസില് ഫോണിൽ 240 വാട്ട് ചാർജിങ് റിയൽമി അവതരിപ്പിച്ചിരുന്നു. 300 വാട്ട് ചാർജിങ് സാങ്കേതിക വിദ്യ റെഡ്‌മി അവതിരിപ്പിച്ചിരുന്നുവെങ്കിലും ഒരു ഫോണിലും അത് ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.
നിലവിലുള്ള 240 വാട്ട് ചാർജിങിൽ നിന്നാണ് റിയൽമി 320 വാട്ട് ചാർജിങ് വേഗത്തിലേക്ക് ചാടിയത്. എന്നാൽ ചാർജിങ് അഡാപ്റ്ററിൻ്റെ വലിപ്പത്തിൽ മാറ്റമൊന്നുമില്ല. ഈ ചാർജറിന് രണ്ട് യുഎസ്‌ബി പോർട്ടുകളുണ്ടാവും. ഇവ ഉപയോഗിച്ച് 150 വാട്ട് വേഗത്തിൽ റിയൽമി ഫോണുകളും 65 വാട്ട് വേഗത്തിൽ ലാപ്ടോപ്പുകളും മറ്റ് ഉപകരണങ്ങളും ചാർജ് ചെയ്യാം.
റിയൽമി പങ്കുവെച്ച ഡെമോ വീഡിയോയിൽ 4420 എംഎഎച്ച് ബാറ്ററി 320 വാട്ട് അഡാപ്റ്റർ ഉപയോഗിച്ച് നാല് മിനിറ്റ് 30 സെക്കൻ്റിൽ മുഴുവൻ ചാർജ് ചെയ്തു. നിലവിലുള്ള അതിവേഗ ചാർജിങ് സാങ്കേതിക വിദ്യകളെ മറികടക്കുന്ന നേട്ടമാണിത്. ഷാവോമിയുടെ 300 വാട്ട് ചാർജറിൽ 4100 എംഎഎച്ച് ബാറ്ററി 5 മിനിറ്റിലാണ് മുഴുവൻ ചാർജ് ചെയ്യാനാവുക.
No comments
Post a Comment