പ്രധാനമന്ത്രിയായി മൂന്നാംതവണ അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദിക്ക് പാർട്ടിയിൽ പിൻമാഗിയാര് എന്നത് സംബന്ധിച്ചുള്ള ചോദ്യമുയരുന്നത് സ്വാഭാവികമാണ്. ഇത് സംബന്ധിച്ച് ഇന്ത്യ ടുഡേ നടത്തിയ സർവേയിൽ മുന്നിലെത്തിയിരിക്കുന്നത് ആഭ്യന്തര മന്ത്രി അമിത് ഷാ ആണ്. മോദിക്ക് ശേഷം അമിത് ഷായാകും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്നാണ് സർവേ പറയുന്നത്.
രണ്ടാമതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മൂന്നാമതായി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയുമാണ് സർവേയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
സർവേയിൽ പങ്കെടുത്ത 25 ശതമാനം ആളുകൾ അമിത് ഷായെ പിന്തുണയ്ക്കുമ്പോൾ 19 ശതമാനം ആളുകളാണ് യോഗി ആദിത്യനാഥിനെ പിന്തുണയ്ക്കുന്നത്. 13 ശതമാനം വോട്ടുകളാണ് നിതിൻ ഗഡ്‌കരിക്ക് ലഭിച്ചിരിക്കുന്നത്. അഞ്ചു ശതമാനം വീതം വോട്ടുകൾ നേടി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും കൃഷി മന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും ഇവർക്ക് പിന്നിലായുണ്ട്.
സർവേയിൽ ദക്ഷിണേന്ത്യയിലാണ് അമിത് ഷായ്ക്ക് ഏറ്റവുംകൂടുതൽ പിന്തുണ ലഭിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ സർവേയിൽ 31 ശതമാനം വോട്ടുകൾ അമിത് ഷാ നേടിയിട്ടുണ്ട്.
അതേസമയം, ഇന്ത്യ ടുഡേ മുമ്പ് നടത്തിയ സർവേകളെ അപേക്ഷിച്ച് അമിത് ഷായ്ക്കും യോഗിക്കും ലഭിക്കുന്ന പിന്തുണയ്ക്ക് ഇടിവുണ്ടായിട്ടുണ്ട്. ഇന്ത്യ ടുഡേ 2023 ഓഗസ്റ്റ്, 2024 ഫെബ്രുവരി എന്നീ ഘട്ടങ്ങളിൽ നടത്തിയ സർവേയിൽ അമിത് ഷായ്ക്ക് ലഭിച്ച പിന്തുണ യഥാക്രമം 28%, 29% എന്നിങ്ങനെയായിരുന്നു. ഇത്തവണ അത് 25% -ലേക്കെത്തി. യോഗി ആദിത്യനാഥിന് 2023-ൽ 25 ശതമാനവും ഈ വർഷം ഫെബ്രുവരിയിൽ 24 ശതമാനവും ആയിരുന്നു ജനപിന്തുണ. അത് ഇത്തവണ 19 ശതമാനത്തിലേക്കെത്തുകയും ചെയ്തു.
No comments
Post a Comment