BREAKING NEWS
latest

728x90

header-ad

468x60

header-ad

ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവരെ മികച്ച രീതിയിൽ പുനരധിവസിപ്പിക്കും; ടൗൺഷിപ്പ് നിർമിക്കും - മുഖ്യമന്ത്രി പിണറായി വിജയൻ

 



വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവരെ മികച്ച രീതിയിൽ പുനരധിവസിപ്പിക്കുന്നതിനാണ് മുൻഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ സുരക്ഷിതമായ മറ്റൊരു സ്‌ഥലം കണ്ടെത്തി അവിടെ ടൗൺഷിപ്പ് നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ചർച്ചകൾ ഭരണതലത്തിൽ ആരംഭിച്ചുകഴിഞ്ഞു. ചുരൽമലയിൽ പുതിയ വീടുകൾ നിർമിച്ചു നൽകാൻ ധാരാളം പേർ മുന്നോട്ടുവരുന്നുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 100 വീടുകൾ നിർമിച്ചു നൽകുമെന്ന് കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചിട്ടുണ്ട്.


കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകൾ നിർമിച്ചു നൽകും. അദ്ദേഹത്തെ നേരിട്ടു വിളിച്ച് നന്ദി അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളാർമല സ്‌കൂളിൽ പഠനം പുനരാരംഭിക്കാനുള്ള നടപടികൾ വിദ്യാഭ്യാസമന്ത്രി വയനാട്ടിലെത്തി ഏകോപിപ്പിക്കും. പ്രളയം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ പ്രധാനകാരണം കാലാവസ്‌ഥാ വ്യതിയാനമാണ്. അതിതീവ്രമഴ പലപ്പോഴും മുൻകൂട്ടി പ്രവചിക്കപ്പെടുന്നില്ല. 



കേന്ദ്രകാലാവസ്ഥാ വകുപ്പ്, കേന്ദ്ര ജലകമ്മിഷൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നീ സ്‌ഥാപനങ്ങളാണ് മുന്നറിയിപ്പു  നൽകുന്നത്. ഇക്കാര്യത്തിൽ കാലഘട്ടത്തിന് യോജിച്ച മാറ്റങ്ങൾ വരുത്താൻ എല്ലാവരും തയാറാകണം. വയനാട്ടിലെ ദുരന്തത്തിൻ്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. തീവ്രമഴ സംബന്ധിച്ച് കേരളാ മോഡൽ മാനദണ്ഡങ്ങൾ നിർദേശിക്കാൻ കോട്ടയത്തെ കാലാവസ്‌ഥാ പഠന കേന്ദ്രത്തോട് ആവശ്യപ്പെടും. അതിനുള്ള സൗകര്യങ്ങൾ ഈ കേന്ദ്രത്തിന് ലഭ്യമാക്കും.


വയനാട്ടിലെ ദുരന്തമേഖലയിലും ചാലിയാറിലും തിരച്ചിൽ തുടരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ വിവിധയിടങ്ങളിൽ നടത്തിയ തെരച്ചിലിൽ 11 മൃതദേഹങ്ങൾ കണ്ടെത്തി. ജീവന്റെ തുടിപ്പുണ്ടോ എന്നറിയാൻ ഹ്യൂമൻ റെസ്‌ക്യൂ റഡാറും വിന്യസിച്ചിട്ടുണ്ട്. 16 അടി താഴ്‌ചയിൽ വരെയുള്ള സാന്നിധ്യം കണ്ടെത്താൻ കഴിയും. ചെളിയിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താൻ ഡൽഹിയിൽനിന്ന് ഡ്രോൺ ബെയ്‌സ്‌ഡ് റഡാർ എത്തിക്കും.



നിലമ്പൂർ മേഖലയിൽ ചാലിയാറിൽനിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത തരത്തിലാണ്. 67 മൃതദേഹങ്ങളാണ് തിരിച്ചറിയാൻ കഴിയാതെ കണ്ടെത്തിയത്. സർവമത പ്രാർഥനയോടെ ഈ മൃതദേഹങ്ങൾ പഞ്ചായത്തുകൾ സംസ്കരിക്കും. ആകെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. 87 സ്ത്രീകളും 98 പുരുഷന്മാരും. 30 കുട്ടികളും മരിച്ചു. 148 മൃതദേഹങ്ങൾ കൈമാറി. 206 പേരെ കണ്ടെത്താനുണ്ട്. 81 പേർ പരുക്കേറ്റ് ചികിത്സയിലാണ്. വയനാട്ടിൽ 93 ക്യാംപുകളിലായി 10042 പേർ താമസിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

« PREV
NEXT »

Facebook Comments APPID