ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൻ്റെ ദൃശ്യങ്ങൾ ടി.വിയിൽ കണ്ടപ്പോൾത്തന്നെ പേടിച്ച് വിറങ്ങലിച്ചെന്ന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. നേരിട്ടുചെന്ന് അതിന്റെ ഉത്ഭവസ്ഥാനത്ത് നിന്നാണ് കണ്ടതെന്നും സഹിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതിന്റെ വേദനയെന്നുപറയുന്നത്, ഇത്രയും ദുരന്തംകാരണം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം നമുക്ക് തിട്ടപ്പെടുത്താനായില്ല എന്നതിലാണ്. കിട്ടയവരുടേതെല്ലാം ഏത് രൂപത്തിലാണ് എന്ന് നോക്കുമ്പോൾ ആ വേദന അധികരിക്കും. ആഴത്തിൽ പുതഞ്ഞുകിടക്കുന്നവരെ ഇനിയൊരിക്കലും കിട്ടില്ല എന്നുപറയുന്ന വേദനയുമുണ്ട്. ഇതിനാർക്കാണ് ഒരു തലോടൽ നൽകാൻ പറ്റുന്നതെന്നും സാന്ത്വനിപ്പിക്കാൻ ആർക്കാണ് സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ആ അളവിൽ നോക്കുമ്പോൾ ഈ ദുരന്തത്തിൻ്റെ തീവ്രത വളരെ വലുതാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇങ്ങനെയുള്ള കാര്യങ്ങളിൽ രാഷ്ട്രീയം എന്ന വാക്കേ ഉപയോഗിക്കേണ്ടതില്ല. അതൊക്കെ തിരഞ്ഞെടുപ്പ് സമയത്താണ്. ഇവിടെനിന്ന് കണ്ടുമനസിലാക്കിയത് ഒരു നോട്ടാക്കി പ്രധാനമന്ത്രിക്ക് കൊടുക്കും. അദ്ദേഹം പിന്നീട് ഒരു ടെക്നിക്കൽ ടീമിനെ അയച്ചേക്കാം. തിങ്കളാഴ്‌ചതന്നെ പ്രധാനമന്ത്രിയെ കാണും. തിങ്കളാഴ്ച പാർലമെന്റിൽ വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് കാണാൻ പറ്റിയില്ലെങ്കിൽ ചൊവ്വാഴ്‌ച കാണും. പുനരധിവാസ പാക്കേജ് ആക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. അവർ കണക്കെടുത്തശേഷം ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടത്." സുരേഷ് ഗോപി പറഞ്ഞു.
ദുരിതബാധിതർക്ക് മാനസികബലം കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ഞായറാഴ്‌ച രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ദുരന്തഭൂമി സന്ദർശിച്ച സുരേഷ് ഗോപി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു. മന്ത്രി മുഹമ്മദ് റിയാസുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.
No comments
Post a Comment