BREAKING NEWS
latest

728x90

header-ad

468x60

header-ad

മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായിട്ട് അറിയില്ല, അമ്മയിൽ യാതൊരു ഭിന്നതയുമില്ല - അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖ്


 ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാതെ അമ്മ ഭാരവാഹികൾ ഒളിച്ചോടിയിട്ടില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖ്. ഷോ റിഹേഴ്സൽ നടക്കുന്നതിനാലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം വൈകിയത്. റിപ്പോർട്ട് സ്വാഗതാർഹമാണ്. ഹേമ കമ്മിറ്റിയുടെ നിർദേശം നടപ്പിൽ വരുത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. മലയാള സിനിമയിലുള്ളവർ മുഴുവൻ മോശക്കാരാണ് എന്ന അർഥത്തിൽ പരാമർശങ്ങളിൽ വിഷമമുണ്ടെന്നും സിദ്ദീഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


ഈ റിപ്പോർട്ടിൽ നിർദേശങ്ങൾ സമർപ്പിക്കാൻ മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടിരുന്നു. അതിൻ്റെ ഭാഗമായി നിർദേശങ്ങൾ അമ്മ ഭാരവാഹികൾ സമർപ്പിച്ചു. റിപ്പോർട്ട് പുറത്തുവിടുന്നതിന് എതിരെ അമ്മ ഒന്നും ചെയ്‌തിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്ക്ക് എതിരായുള്ളത് അല്ല. അമ്മ എന്ന സംഘടന പ്രതിസ്ഥാനത്തില്ല. ഞങ്ങളുടെ അംഗങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് അതിൽ പറയുന്നത്. മാധ്യമങ്ങൾ ഞങ്ങളെ പ്രതിസ്ഥാനത്ത് നിർത്താനാണ് പലപ്പോഴും ശ്രമിക്കുന്നത്. കുറ്റകൃത്യങ്ങൾ നടക്കുന്നിട്ടുണ്ടെങ്കിൽ പോലീസ് കേസെടുത്ത് ശിക്ഷിക്കുകയാണ് വേണ്ടത്. പ്രതിസ്ഥാനത്ത് നിൽക്കുന്നവരെ സംരക്ഷിക്കാൻ അമ്മ ഒരിക്കലും ശ്രമിച്ചിട്ടില്ല. 



ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒരു മേഖലയെ അടച്ചാക്ഷേപിക്കുന്ന രീതി നല്ലതല്ല. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായിട്ട് അറിയില്ല. ഒരു സിനിമയിൽ ആരഭിനയിക്കണം എന്ന് ചിലർ മാത്രം തീരുമാനിച്ചാൽ എങ്ങനെയാണ് സിനിമ മുൻപോട്ട് പോകുന്നത്. മാഫിയ എന്ന വാക്കിന്റെ അർഥം അറിയാത്തതിനാലാണ് അങ്ങനെയെല്ലാം പറയുന്നത്. പോലീസ് അന്വേഷണത്തെ ഭയപ്പെടുന്നില്ല. ഷൂട്ടിങ്ങിൽ ഇൻ്റേർണൽ കംപ്ലൈന്റ്റ് കമ്മിറ്റിയെ വെക്കേണ്ടത് പ്രൊഡ്യൂസറാണ്. അതിൽ ഇടപെടാൻ അമ്മയ്ക്ക് സാധിക്കില്ല.


അമ്മയിൽ യാതൊരു ഭിന്നതയുമില്ല. വേട്ടക്കാരുടെ പേര് പുറത്ത് വിടാൻ ആവശ്യപ്പെടണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. അമ്മ ഭാരവാഹികളായ പല വനിതകളെയും ഹേമ കമ്മീഷൻ വിളിപ്പിച്ചിട്ടില്ല. സംവിധായകൻ കതകിൽ മുട്ടിയെന്ന പെൺകുട്ടിയുടെ പരാതി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. തിലകൻ്റെ മകൾ പറഞ്ഞ കാര്യങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. അതവർ തന്നെ കൈകാര്യം ചെയ്‌തുവെന്നാണ് മനസ്സിലാകുന്നത്. 



അമ്മയ്ക്ക് അവർ പരാതി നൽകിയിട്ടില്ല. പാർവതിക്ക് അവസരം കിട്ടാതിരുന്നതായി തോന്നിയിട്ടില്ല. സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വിഷയത്തിൽ അമ്മയ്ക്ക് ഇടപെടുന്നതിന് പരിമിതികളുണ്ട്. സ്ത്രീകൾക്ക് ഇപ്പോൾ സൗകര്യങ്ങളില്ല എന്ന് പറയുന്നത് ശരിയല്ല. ഇപ്പോൾ അതിലെല്ലാം മാറ്റങ്ങളുണ്ടായിട്ടുണ്ട്. കാസ്റ്റിങ് കൗച്ചിങ്ങിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഇല്ലാത്തതിനാലാണ് നടപടി സ്വീകരിക്കാൻ കഴിയാത്തതെന്നും സിദ്ദീഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

« PREV
NEXT »

Facebook Comments APPID