ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ മകളെ കഴുത്തറത്ത് കൊന്ന് സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിലെറിഞ്ഞ യുവതി പിടിയിൽ. ബിഹാറിലെ മുസഫർപുരിലാണ് സംഭവം. മൂന്നുവയസ്സുകാരിയുടെ കൊലപാതകത്തിൽ മാതാവ് കാജൽ ആണ് അറസ്റ്റിലായത്.
ഭർത്താവിനെ പിരിഞ്ഞ് താമസിക്കാൻ മകളെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ മൊഴി. ആൺസുഹൃത്ത് മകളെ സ്വീകരിക്കില്ലെന്ന് പറഞ്ഞതിനാലാണ് കൊലപാതകമെന്നും കാജൽ പറഞ്ഞു. പ്രസിദ്ധമായ ടി.വി. ഷോ 'ക്രൈം പട്രോൾ' ആണ് കൊലപാകത്തിന് പ്രേരണയെന്ന് യുവതിയുടെ മൊഴിയിലുണ്ട്.
മുസാഫർപുരിലെ മിനാപുരിൽ പാർപ്പിടസമുച്ചയത്തിന് സമീപത്തുനിന്നാണ് ശനിയാഴ്ച മൂന്നുവയസ്സുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കിയ നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിനായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
അന്വേഷണത്തിനിടെ യുവതിയുടെ വീടിൻ്റെ തറയിലും സിങ്കിലും ടെറസ്സിൽനിന്നും രക്തക്കറ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കൊലപാതകം നടന്ന ദിവസം അമ്മായിയുടെ വീട്ടിലേക്ക് പോയതായി യുവതി ഭർത്താവ് മനോജിനെ വിളിച്ച് അറിയിച്ചിരുന്നു.
പിന്നാലെ മനോജ് നൽകിയ പരാതിയിൽ പോലീസ് കാജലിനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്‌തു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയെ പരിശോധനയ്ക്കൊടുവിൽ ആൺസുഹൃത്തിന്റെ വീട്ടിൽനിന്ന് യുവതിയെ കണ്ടെത്തുകയായിരുന്നു. ചോദ്യംചെയ്യലിനിടെ താൻ രണ്ടുവർഷത്തോളമായി വിവാഹേതരബന്ധത്തിലായിരുന്നുവെന്ന് യുവതി മൊഴിനൽകി.
ആൺസുഹൃത്തിനൊപ്പം മാറിത്താമസിക്കുമ്പോൾ കുട്ടിയേയും കൂടെ കൊണ്ടുപോകാനായിരുന്നു യുവതിയുടെ താത്പര്യം. എന്നാൽ, ആൺസുഹൃത്ത് ഇത് എതിർത്തു. പിന്നാലെ കുട്ടിയെ കഴുത്തറത്ത് കൊന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്ന് സിറ്റി പോലീസ് മേധാവി അവധേഷ് ദീക്ഷിത് അറിയിച്ചു.
വീട്ടിലെ രക്തക്കറ കഴുകിക്കളയാൻ യുവതി ശ്രമിച്ചിരുന്നു. എന്നാൽ, ഫൊറൻസിക് സംഘത്തിന് ഇതിൻ്റെ അംശങ്ങൾ ലഭിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തി. യുവതി തനിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആൺസുഹൃത്തിന് കൊലപാതകത്തിൽ പങ്കുള്ളതായി നിലവിൽ വ്യക്തമായിട്ടില്ലെന്നും അതിനാൽ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
No comments
Post a Comment