വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. കൽപറ്റ ഗസ്റ്റ് ഹൗസിൽ രാവിലെ 10 മണിക്കാണ് യോഗം. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, സ്കൂൾ വിദ്യാഭ്യാസ അധികൃതർ, പിടിഎ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. എത്രയും പെട്ടെന്ന് ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള കർമ്മപദ്ധതി യോഗം ചർച്ച ചെയ്യും.
മനശാസ്ത്രപരമായ പിന്തുണ, താൽക്കാലിക പഠന ഇടങ്ങൾ, സാമഗ്രികളുടെ വിതരണം, പാഠ്യപദ്ധതി ക്രമീകരണം, ഓൺലൈൻ പഠന സാധ്യതകൾ എന്നിവ യോഗത്തിൽ പ്രധാന വിഷയങ്ങളാകും. യോഗത്തിനു മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി ഓൺലൈനിൽ വിളിച്ചുചേർത്തിരുന്നു.
ദുരന്തബാധിതരായി കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ചൂരൽ മലയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ ദുരന്ത ബാധിതരായി ക്യാമ്പുകളിലടക്കം കഴിയുന്നവരുടെ മാനസികാവസ്ഥക്കാണ് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. തെരച്ചിൽ പ്രവർത്തനങ്ങളടക്കം ഊർജിതമായി തുടരുകയാണ്. പുനരധിവാസത്തിന് വേണ്ട സ്ഥലം, ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എത്രയും വേഗത്തിൽ പൂർത്തിയാക്കും.
രാജ്യത്ത് നിന്നാകമാനം പുനരധിവാസത്തിനും അതിജീവനത്തിനുമായി നിരവധി സഹായങ്ങൾ വിവിധ വ്യക്തികളിൽ നിന്നും ലഭ്യമാകുന്നുവെന്നത് ശ്രദ്ധേയമാണ്. സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ കഴിയുന്നത്ര വേഗത്തിൽ ദുരന്ത ബാധിതരായി കഴിയുന്ന വ്യക്തികൾക്ക് ആവശ്യമായ സഹായങ്ങൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
No comments
Post a Comment