BREAKING NEWS
latest

728x90

header-ad

468x60

header-ad

കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും; വിവിധ വകുപ്പ് മേധാവിമാർ ചേർന്നാണ് പരിശോധ.

വയനാട് ദുരന്തത്തിന്റെ ഒൻപതാം ദിവസമായ ഇന്നും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും.
 സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് ആലോചന. 

അതേസമയം, തിരിച്ചറിയാത്ത 218 മൃതദേഹം ഇതുവരെ സംസ്കരിച്ചു. പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും. അതിനിടെ, പുത്തുമലയിൽ കൂടുതൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 20 സെന്റ് ഭൂമിയാണ് അധികമായി ഏറ്റെടുത്തത്. നിലവിൽ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുള്ള ഭൂമിയോട് ചേർന്നാണ് അധിക ഭൂമിയുമുള്ളത്. ഇവിടെ തിരിച്ചറിഞ്ഞിട്ടില്ലാത്തവരുടെ സംസ്കാരം ഇന്നും തുടരും. 

ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ പുനരധിവാസം പൂർത്തിയാകുന്നത് വരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ താമസത്തിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചതായി മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. 
സാധ്യമായ എല്ലാ വകുപ്പുകളുടെയും കെട്ടിടങ്ങൾ ഉപയോഗിക്കാൻ ആണ് തീരുമാനിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിൻ്റെ ക്വാർട്ടേഴ്‌സ് ഉൾപ്പെടെ സർക്കാരിൻ്റെ കീഴിലുള്ള കെട്ടിടങ്ങളിൽ 64 കുടുംബങ്ങൾക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
« PREV
NEXT »

Facebook Comments APPID