മുണ്ടക്കൈ ദുരന്തത്തിൽ രക്ഷപ്പെട്ട് ക്യാമ്പിൽ കഴിയുന്നവരെ സമ്മർദ്ദത്തിലാക്കി ഇഎംഐ തുക അടക്കാൻ ആവശ്യപ്പെട്ടുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ശ്രമത്തിനെതിരെ ടി സിദ്ധിഖ് എംഎൽഎ. ഒരു ഇഎംഐയും അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കഴുകൻമാർക്ക് ഇതിലും അന്തസ്സ് കാണുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇഎംഐ തുക അടക്കാൻ ആവശ്യപ്പെട്ട് വിളിച്ചെന്ന് ഒരാൾ റിപ്പോർട്ടറോട് സ്ഥിരീകരിച്ചതോടെയാണ് വാർത്ത പുറത്തുവന്നത്. തന്നെ ബന്ധപ്പെട്ട പണമിടപാട് സ്ഥാപനം 'ജീവിച്ചിരിപ്പുണ്ടോ?' എന്നാണ് എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കിൽ 'ഇഎംഐ തുക അടക്കണം' എന്നും ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പരാതിക്കാരൻ പറഞ്ഞത്.
'ഞാൻ ഇഎംഐ എടുത്തിരുന്നു. ഇപ്പോൾ പണമിടപാട് സ്ഥാപനത്തിൽ നിന്നും വിളിച്ചു. നിങ്ങൾ സുരക്ഷിതരാണോയെന്നാണ് ആദ്യം ചോദിച്ചത്. സുരക്ഷിതരാണെന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ ഇഎംഐ പെൻന്റിംഗ് ആണെന്നും അത് അടക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എങ്ങനെയെങ്കിലും പൈസ അടക്കണം. ഇല്ലെങ്കിൽ ചെക്ക് ബൗൺസ് ആവുമെന്നാണ് അറിയിച്ചത്. കടം വാങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണ്. വല്ലാത്ത അവസ്ഥയാണ് ഞങ്ങളുടേത്. ഞാൻ ജീവിച്ചിരിപ്പുണ്ട്. എപ്പോഴാണേലും അടച്ചോളാം. ഭക്ഷണം വേണോയെന്ന് ചോദിച്ചല്ല ആരും വിളിച്ചത്. ഈ ദുരന്തമുഖത്തിരിക്കുന്ന ഒരാളെ വിളിച്ചു ചോദിക്കാനുള്ള ചോദ്യമല്ല ഇത്. ജീവിച്ചിരിപ്പുണ്ടോ. എങ്കിൽ പണം അടക്കൂവെന്ന് കേൾക്കുമ്പോഴുള്ള മാനസികാവസ്ഥ വല്ലാത്തതാണ്. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്.' പരാതിക്കാരൻ പ്രതികരിച്ചു.
ദുരന്തത്തിൽ വീടും ബന്ധുക്കളെയും നഷ്‌ടപ്പെട്ട മാനസികമായി തകർന്നിരിക്കുന്നയാളെ വിളിച്ചാണ് ഇഎംഐ തുക ആവശ്യപ്പെട്ടത്. മുത്തൂറ്റ്, ബജാജ് അടക്കമുള്ള സ്ഥാപനങ്ങളാണ് ഇഎംഐ തുക ആവശ്യപ്പെട്ട് ബന്ധപ്പെട്ടതെന്നാണ് വിവരം.
No comments
Post a Comment