ഗുസ്‌തി താരം വിനേഷ് ഫോഗട്ടിന് അവർക്ക് അർഹതപ്പെട്ട വെള്ളി മെഡൽ നൽകണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. വനിതകളുടെ 50 കി.ഗ്രാം വിഭാഗത്തിൽ ഫൈനലിലെത്തിയ വിനേഷിനെ സ്വർണ മെഡൽ പോരാട്ടത്തിന് മുമ്പ് നടത്തിയ ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതലാണെന്ന കാരണത്താൽ ഒളിമ്പിക് കമ്മിറ്റി അയോഗ്യയാക്കുകയായിരുന്നു. ഇതിനെതിരേ വിനേഷ് സമർപ്പിച്ച ഹർജി ലോക കായിക തർക്കപരിഹാര കോടിതിയുടെ പരിഗണനയിലിരിക്കെയാണ് പിന്തുണയുമായി സച്ചിൻ രംഗത്തെത്തിയിരിക്കുന്നത്.
വിനേഷ് വെള്ളി മെഡൽ അർഹിക്കുന്നുവെന്നും അവർക്ക് മെഡൽ നൽകണമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ സച്ചിൻ വ്യക്തമാക്കി.
ന്യായമായാണ് വിനേഷ് ഫൈനലിലേക്ക് യോഗ്യത നേടിയതെന്നും അവർക്ക് അർഹമായ മെഡൽ തട്ടിയെടുക്കുകയായിരുന്നുവെന്നും സച്ചിൻ കൂട്ടിച്ചേർത്തു. ഉത്തേജക ഉപയോഗം പോലുള്ള മോശം പ്രവൃത്തികളുടെ പേരിലാണ് ഈ അയോഗ്യതയെങ്കിൽ അത് മനസിലാക്കാം. എന്നാൽ ഇത് അങ്ങനെയല്ലെന്ന് പറഞ്ഞ അദ്ദേഹം വിനേഷിന് അർഹിക്കുന്ന അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.
No comments
Post a Comment