തിരുവനന്തപുരം മൂന്നു ദിവസമായി കുടിവെള്ളം ലഭിക്കാതെ വലഞ്ഞ് തലസ്ഥഥാന നഗരവാസികൾ. തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റി സ്‌ഥാപിക്കുന്ന നടപടികൾ ആരംഭിച്ചതോടെയാണ് നഗരത്തിലെ വിവിധ വാർഡുകളിൽ ജലവിതരണം മുടങ്ങിയത്. 48 മണിക്കുറിനുള്ളിൽ തീർക്കാൻ നിശ്ചയിച്ചിരുന്ന പൈപ്പ്ലൈൻ അലൈൻമെന്റ് മാറ്റുന്ന ജോലികൾ വിവിധ കാരണങ്ങളാൽ നീണ്ടു. പിടിപി നഗറിൽനിന്നുള്ള 700 എംഎം ഡിഐ പൈപ്പ് ലൈൻ, നേമം ഭാഗത്തേക്കുള്ള 500 എംഎം ജലവിതരണ ലൈൻ എന്നിവയുടെ അലൈൻമെന്റ് മാറ്റുന്ന ജോലികളാണ് നടക്കുന്നത്. റെയിൽവേ ലൈനിന്റെ അടിയിലുള്ള 700 എംഎം പൈപ്പ് മാറ്റുന്ന പണികളും പുരോഗമിക്കുകയാണ്.
ഇന്ന് ഉച്ചയോടെയേ പണികൾ കഴിയു എന്ന് ജല അതോറിറ്റി അറിയിച്ചു. ടാങ്കർ വഴി വെള്ളം എത്തിക്കുന്നുണ്ട്. വെള്ളം ആവശ്യമുള്ള സ്‌ഥലങ്ങളിൽ വാർഡ് കൗൺസിലർ മുഖേന അസിസ്റ്റന്റ് എൻജിനീയർമാരെ ബന്ധപ്പെട്ട് ടാങ്കർ വഴി വെള്ളം ആവശ്യപ്പെടാമെന്ന് ജല അതോറിറ്റി അറിയിച്ചു. 44 വാർഡുകളിലാണ് ജലവിതരണം മുടങ്ങിയത്. തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് റെയിൽവേ ട്രാക്കിന് അടിയിലൂടെ പോകുന്ന 500 എംഎം, 700 എം എം പൈപ്പുകളുടെ അലൈൻമെൻ്റ് മാറ്റുന്നതിനു വേണ്ടി 5, 6 തീയതികളിൽ പമ്പിങ് നിർത്തും എന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്. എന്നാൽ പ്രവൃത്തി നീണ്ടു പോയതോടെ ശുദ്ധജലം കിട്ടാതെ ജനം വലഞ്ഞു. ജല വിതരണത്തിന് പകരം സംവിധാനമൊരുക്കുന്നതിൽ ജല അതോറിറ്റി അലംഭാവം കാട്ടിയതോടെ രുക്ഷമായ പ്രതിഷേധമുണ്ടായി.
തുടർച്ചയായി 3 ദിവസം ശുദ്ധജലം മുടങ്ങിയതോടെ ടാങ്കറിൽ വെള്ളമെത്തിക്കാൻ നഗരവാസികൾ മുടക്കിയത് വൻതുകയാണ്. 500 ലീറ്ററിന്റെ ടാങ്കറിന് 1500 മുതൽ 2000 രൂപ വരെ നൽകേണ്ടി വന്നു. ശുദ്ധജല വിതരണത്തിന് കോർപറേഷൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണം കുടിയതോടെ അനധികൃതമായി വെള്ളം വിൽക്കുന്നവർ രംഗത്തിറങ്ങുകയായിരുന്നു. സ്വന്തം ടാങ്കറുകൾക്ക് പുറമേ 25 ടാങ്കർ ലോറികൾ വാടകയ്ക്ക് എടുത്താണ് കോർപറേഷൻ ശുദ്ധജല വിതരണം നടത്തിയത്.
ഉദ്യോഗസ്ഥരുടെ അലംഭാവത്തെ മന്ത്രി വി. ശിവൻകുട്ടിയും എംഎൽഎമാരും വിമർശിച്ചു. സമയ പരിധിക്കുള്ളിൽ ജല വിതരണം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരം സംവിധാനം ഒരുക്കാതിരുന്നത് എന്തെന്ന് മന്ത്രി വി.ശിവൻകുട്ടി അവലോകന യോഗത്തിൽ ചോദിച്ചു. സാങ്കേതിക കാര്യങ്ങൾ തങ്ങൾക്ക് അറിയേണ്ടെന്നും ജനങ്ങൾക്ക് ശുദ്ധജലം വിതരണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗസ്‌ഥർ ജോലി മതിയാക്കി പോകണമെന്നും പറഞ്ഞ് ആന്റണി രാജു എംഎൽഎ ഉദ്യോഗസ്‌ഥരോട് കയർത്തു. രണ്ട് പൈപ്പുകളുടെ അലൈൻമെൻ്റ് മാറ്റാൻ ഇത്രയും വാർഡുകളിലെ ജല വിതരണം മുടക്കണോ എന്നും വാൽവ് ക്രമീകരിക്കുന്നതിൽ സാങ്കേതിക പിഴവ് ഉണ്ടായിരിക്കാമെന്നും വി.കെ.പ്രശാന്ത് എംഎൽഎ ആരോപിച്ചു.
No comments
Post a Comment