എഡിജിപി അജിത് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് തുടരന്വേഷണത്തിൽ കൊല്ലം എസ് പി തീരുമാനമെടുത്തത്. എഡിജിപി അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണമുയർന്നതിന് പിന്നാലെയാണ് തുടരന്വേഷണം നിർദ്ദേശിച്ചത്. തുടരന്വേഷണമുണ്ടായാൽ രണ്ട് പ്രതികൾ ജാമ്യം ലഭിക്കാനിടയാകും. തുടരന്വേഷണ അപേക്ഷ പിൻവലിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും.
2023 നവംബറിലാണ് ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയത്. പൊലീസ് തെരച്ചിൽ ശക്തമാക്കിയതോടെ ഒരു ദിവസത്തിന് ശേഷം പ്രതികൾ കുട്ടിയെ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു. ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രതികൾ. മൂന്ന് പേരും റിമാൻഡിലായി. പിന്നീട് അനുപമയ്ക്ക് കോടതി ജാമ്യം നൽകിയിരുന്നു. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് തുടർ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിൽ നാലാമതൊരാൾ കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഒരു മാധ്യമത്തോട് പറഞ്ഞത് പരിശോധിക്കുന്നതിനാണ് തുടർ അന്വേഷണമെന്നാണ് പൊലീസ് കോടതിയിൽ അറിയിച്ചത്.
No comments
Post a Comment