BREAKING NEWS
latest

728x90

header-ad

468x60

header-ad

സി പി ഐ (എം) ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി വിട വാങ്ങി

 


മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം. ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി (72) അന്തരിച്ചു.നെഞ്ചിലെ അണുബാധയെത്തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 19-നാണ് അദ്ദേഹത്തെ എയിംസിലെ അടിയന്തരപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

ജെ.എൻ.യു കാലമാണ് യെച്ചൂരിയിലെ രാഷ്ട്രീയക്കാരനെ പാകപ്പെടുത്തിയത്. പടിപടിയായി ഉയർന്ന് രാജ്യം ശ്രദ്ധിക്കുന്ന ശബ്‌ദമായും മികച്ച പാർലമെന്റേറിയനായും പേരെടുത്തു. 2015 ലാണ് പാർട്ടിയുടെ അമരത്തെത്തുന്നത്. 2022 ഏപ്രിലിൽ കണ്ണൂരിൽ നടന്ന 23-ാം പാർട്ടി കോൺഗ്രസിലാണ് യെച്ചൂരിയെ ജനറൽ സെക്രട്ടറിയായി മൂന്നാം തവണയും പാർട്ടി തിരഞ്ഞെടുത്തത്. 1992 മുതൽ പി.ബി അംഗമാണ്. 2005 മുതൽ 2017 വരെ പശ്ചിമ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. കമ്യൂണിസ്റ്റ് ധാരയിലെ പ്രായോഗികവാദിയായി വിലയിരുത്തപ്പെടുന്ന യെച്ചൂരിയായിരുന്നു ഒന്നാം യുപിഎ സർക്കാരിൽ പലപ്പോഴും കോൺഗ്രസും-സിപിഎമ്മുമായുള്ള പാലമായി പ്രവർത്തിച്ചത്


1974-ൽ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം ഒരു വർഷത്തിനുശേഷം സിപിഎമ്മിൽ അംഗമായി. ജെ.എൻ.യുവിൽ വിദ്യാർഥി ആയിരിക്കെ അടിയന്തരാവസ്ഥക്കെതിരേ ചെറുത്തുനിൽപ്പ് നടത്തിയതിന് 1975- ൽ അറസ്റ്റിലായി. അടിയന്തരാവസ്ഥക്കുശേഷം 1977- 78 കാലഘട്ടത്തിൽ മൂന്നുതവണ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്നു. ജെഎൻയുവിൽ ഇടതുകോട്ട കെട്ടിപ്പടുക്കുന്നതിൽ പ്രകാശ് കാരാട്ടിനൊപ്പം നിർണായക പങ്കുവഹിച്ചു. '78ൽ എസ്.എഫ്.ഐ. അഖിലേന്ത്യാ ജോ. സെക്രട്ടറിയും പിന്നീട് പ്രസിഡൻറുമായി.


ഇടതുവിദ്യാർഥിസംഘടനകൾക്ക് ശക്തമായ വേരോട്ടമുള്ള ജെ.എൻ.യു. അടിയന്തരാവസ്ഥക്കാലത്ത് തിളച്ചുമറിഞ്ഞു. അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടശേഷം '77ൽ ആദ്യമായിനടന്ന വിദ്യാർഥിയൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. നേതാവ് (ഇന്നത്തെ എൻ.സി.പി. ദേശീയനേതാവ്) ഡി.പി.ത്രിപാഠി പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് യെച്ചൂരിയും ജെ.എൻ.യു.വിലെ വിദ്യാർഥിനേതാവായിരുന്നു. മികച്ച പ്രാസംഗികൻകൂടിയായ യെച്ചൂരി തൊട്ടടുത്ത വർഷം പ്രസിഡൻ്റായി. '7879 കാലയളവിൽ നടന്ന മൂന്നു തിരഞ്ഞെടുപ്പിലും യെച്ചൂരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.


അടിയന്തരാവസ്ഥയ്ക്കു ശേഷം '77ൽ പാർട്ടി ആസ്ഥാനം കൊൽക്കത്തയിൽനിന്നു ഡൽഹിയിലേക്കു മാറ്റി. യെച്ചൂരി അന്നു പാർട്ടിയിൽ പ്രബലനായ ബി.ടി.രണദിവെയുടെ സഹായിയും. ഡൽഹികേന്ദ്രീകരിച്ചു പ്രവർത്തിച്ച യെച്ചൂരിയിലെ നേതാവിനെ കണ്ടെത്തിയതും വളർത്തിക്കൊണ്ടുവന്നതും ബസവ പുന്നയ്യയായിരുന്നു. യെച്ചൂരിയെയും സി.പി.എം. കേന്ദ്രനേതൃത്വത്തിലേക്കു കൈപിടിച്ചുയർത്തിയാവട്ടെ, സാക്ഷാൽ ഇ.എം.എസ്സും. പാർട്ടി സെൻ്റർ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ ആളെത്തരണമെന്ന് ഇ.എം.എസ്. സംസ്ഥാനങ്ങളോട് നിരന്തരമാവശ്യപ്പെട്ടിരുന്നു. യുവരക്തങ്ങളെ പാർട്ടിയിലേക്കു കൊണ്ടുവരാൻ ഇ.എം.എസ്. മുൻകൈയെടുത്തപ്പോൾ '84ൽ കാരാട്ടും യെച്ചൂരിയും കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാക്കളായി. '85ലെ 12-ാം പാർട്ടി കോൺഗ്രസിൽ കാരാട്ടിനും എസ്. രാമചന്ദ്രൻ പിള്ളയ്ക്കുമൊപ്പം യെച്ചൂരിയും കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.



പിന്നീട്, '89ൽ പി.ബി.ക്കു തൊട്ടുതാഴെ പുതുതായി അഞ്ചംഗ കേന്ദ്ര സെക്രട്ടേറിയറ്റ് രൂപവത്കരിക്കപ്പെട്ടപ്പോൾ അതിലൊരാൾ യെച്ചൂരിയായിരുന്നു. '92ലെ 14-ാം പാർട്ടി കോൺഗ്രസിൽ കാരാട്ടിനും എസ്.ആർ.പി.ക്കുമൊപ്പം യെച്ചൂരിയും പി.ബി.യിലെത്തി. പുതുതലമുറക്കാരുടെ കൂട്ടത്തിൽ കേന്ദ്രകമ്മിറ്റിയിൽ അംഗമായ സീതാറാം യെച്ചൂരിയുടെ ഭാവി ഏറെ ശോഭനമായിരുന്നു. ബി.ടി.ആറിൻ്റെ വിശ്വസ്‌തനായ അദ്ദേഹം പിന്നീട് ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിൻ്റെ വലംകൈയായി.ജെ.എൻ.യു.വിലെ വിദ്യാർഥികാലത്തുതന്നെ അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പാർട്ടികളുമായി യെച്ചൂരിക്കുള്ള അടുപ്പം പ്രകടമായി. 



പാകിസ്താനിൽനിന്ന് താരിഖ് അലി ജെ.എൻ.യു.വിലെത്തിയത് യെച്ചൂരിയുടെ കാലത്താണ്. അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പാർട്ടികളിലും അവഗാഹമുള്ള യെച്ചൂരിയെ തിരിച്ചറിഞ്ഞ ഇ.എം.എസ്., സോവിയറ്റ് യൂണിയനിലേക്കുള്ള പ്രതിനിധിസംഘത്തിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി. സുർജിത് സെക്രട്ടറിയായിരിക്കെ വിദേശ കമ്യൂണിസ്റ്റ് പാർട്ടികളുമായി നിരന്തരസമ്പർക്കം പുലർത്താനും യെച്ചൂരിക്ക് അവസരമുണ്ടായി. ബംഗാൾ മുൻമുഖ്യമന്ത്രി ജ്യോതിബസു ക്യൂബ സന്ദർശിച്ചപ്പോൾ യെച്ചൂരിയായിരുന്നു കൂട്ടാളി.


ഇടതുപക്ഷത്തെ ദേശീയരാഷ്ട്രീയത്തിൽ നിർണായകമാക്കിയ മൂന്നാംമുന്നണി സർക്കാരുകളുടെ നെയ്ത്‌തുകാരൻ ഹർകിഷൻ സുർജിത്തിനൊപ്പമുള്ള പ്രവർത്തനപരിചയമാണ് അദ്ദേഹത്തിൻ്റെ കൈമുതൽ. കോൺഗ്രസിനും ബി.ജെ.പി.ക്കും ബദലായി വി.പി.സിങ്, ദേവഗൗഡ, ഗുജ്റാൾ സർക്കാരുകൾ യാഥാർഥ്യമാക്കിയത് സുർജിത്തിൻ്റെ പ്രായോഗികബുദ്ധിയായിരുന്നു. വലംകൈയായി യെച്ചൂരിയുണ്ടായിരുന്നു.



 ഏറ്റവുമൊടുവിൽ 2004ൽ ബി.ജെ.പി.യെ ഭരണത്തിൽനിന്നകറ്റാനായി ഒന്നാം യു.പി.എ. സർക്കാരിൻ്റെ ശില്പിയായി സുർജിത് മാറിയപ്പോൾ യെച്ചൂരിയായിരുന്നു അദ്ദേഹത്തിന്റെ നിഴൽ. സുർജിത്തിൻ്റെ മരണശേഷം യു.പി.എ.ഇടത് ബന്ധത്തിലെ സുപ്രധാനകണ്ണിയായി യെച്ചൂരി പ്രവർത്തിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഏറ്റവുമടുപ്പമുള്ള കമ്യൂണിസ്റ്റ് നേതാവാണദ്ദേഹം. ഇറ്റാലിയൻ പൗരത്വത്തിൻ്റെ പേരിൽ മാറിനിന്ന സോണിയയെ പ്രധാനമന്ത്രിയാവാൻ യെച്ചൂരി ഉപദേശിച്ചിരുന്നുവെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയവരാന്തകളിൽ പരസ്യമായ ഒരു രഹസ്യം.


1952 ഓഗസ്റ്റ് 12-ന് ചെന്നൈയിലെ തെലുഗു ബ്രാഹ്‌മണ കുടുംബത്തിലാണ് യെച്ചൂരിയുടെ ജനനം. അച്ഛൻ സർക്കാരിൽ മെക്കാനിക്കൽ എൻജിനീയറായിരുന്ന സർവേശ്വര സോമയാജുലു യെച്ചൂരി. അമ്മ കൽപ്പാക്കം യെച്ചൂരി സാമൂഹികപ്രവർത്തകയായിരുന്നു. മുത്തച്ഛൻ ഭീമ ശങ്കർ ആന്ധ്രാ ഹൈക്കോടതിയിലെ ജഡ്‌ജിയായിരുന്നു. അദ്ദേഹവും കുടുംബവും പിന്നീട് ഡൽഹിക്കു ചേക്കേറി. ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽനിന്നു സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. പിന്നീട്, ബിരുദാനന്തരബിരുദത്തിനും ഗവേഷണത്തിനുമായി ജെ.എൻ.യു.വിൽ ചേർന്നു. ഇവിടെവെച്ചാണ് മാർക്‌സിസത്തിലാകൃഷ്‌ടനായത്. പഠനശേഷം ഉയർന്ന ജോലി കിട്ടുമായിരുന്നിട്ടും അദ്ദേഹം രാഷ്ട്രീയത്തിൽ തുടർന്നു. സീമ ചിസ്‌തിയാണ് ഭാര്യ.




« PREV
NEXT »

Facebook Comments APPID