അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടി കവിയൂർ പൊന്നമ്മ (79) അന്തരിച്ചു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ആർട്ടിസ്റ്റുകളിൽ ഒരാൾ കൂടിയാണ്.
പത്തനംതിട്ടയിലെ കവിയൂരിൽ 1945 ലാണ് ജനനം. ടി.പി ദാമോദരൻ, ഗൗരി എന്നിവരുടെ ഏഴ് മക്കളിൽ മൂത്തകുട്ടിയായിരുന്നു. അന്തരിച്ച നടി കവിയൂർ രേണുക ഇളയസഹോദരിയാണ്.
1962 ൽ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മയായിരുന്നു. തൊമ്മൻ്റെ മക്കൾ (1965) എന്ന സിനിമയിൽ സത്യന്റെയും മധുവിൻ്റെയും അമ്മയായി വേഷമിട്ടു. മലയാളത്തിൽ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യൻ്റെ നായികാകഥാപാത്രമായി 'അമ്പലക്കുളങ്ങരെ' എന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനമുൾപ്പടെയുള്ള രംഗങ്ങളിൽ നമുക്ക് കവിയൂർ പൊന്നമ്മയെ മറക്കാനാകില്ല. ആ വർഷം തന്നെ സത്യൻ്റെ അമ്മവേഷവും ചെയ്തു എന്നത് ആ അഭിനേത്രിയുടെ കഴിവിൻ്റെ സാക്ഷ്യപത്രം തന്നെയാണ്. നെല്ല് (1974)എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളിൽ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം.
1963 ൽ കാട്ടുമൈന എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. വെളുത്ത കത്രീന, തീർഥയാത്ര, ധർമയുദ്ധം, ഇളക്കങ്ങൾ, ചിരിയോ ചിരി, കാക്കക്കുയിൽ തുടങ്ങി എട്ടോളം സിനിമകളിൽ പാട്ടുപിടിയിട്ടുണ്ട്. 1999 മുതൽ ടെലിവിഷൻ രംഗത്ത് സജീവമാണ്. ദൂരദർശൻ, ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ടെലിവിഷൻ ചാനലുകളിൽ ഒട്ടേറെ പരമ്പരകളിൽ വേഷമിട്ടിട്ടുണ്ട്.
ചലച്ചിത്ര രംഗത്തെ ഏറ്റവും നല്ല സഹ നടിക്കുള്ള പുരസ്കാരങ്ങൾ 1971,1972,1973,1994 എന്നീ വർഷങ്ങളിൽ നാല് തവണ ലഭിച്ചു. ഭരത് മുരളി പുരസ്കാരം, പി.കെ റോസി പുരസ്‌കാരം, കാലരത്നം പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര വകുപ്പിൻ്റെ പ്രത്യേക പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ തേടിയെത്തി.
സിനിമാ നിർമാതാവായിരുന്ന മണിസ്വാമിയാണ് കവിയൂർ പൊന്നമ്മയുടെ ഭർത്താവ്. ആദ്യമായി നായികാ വേഷത്തിലെത്തിയ റോസിയുടെ നിർമാതാവായ മണിസ്വാമി സിനിമാ സെറ്റിൽ വച്ചാണ് വിവാഹഭ്യർഥന നടത്തിയത്. 1969 ൽ വിവാഹിതരായി. ഈ ബന്ധത്തിൽ ബിന്ദു എന്ന മകളുണ്ട്. മകളുടെ ജനനത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം മണിസ്വാമിയും കവിയൂർ പൊന്നമ്മയും വേർപിരിഞ്ഞു. എന്നിരുന്നാലും വാർധക്യത്തിൽ മണിസ്വാമി രോഗബാധിതനായപ്പോൾ 2011 ൽ അദ്ദേഹത്തിൻ്റെ മരണം വരെ കവിയൂർ പൊന്നമ്മയാണ് പരിചരിച്ചത്.
ഭൗതികശരീരം നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൾ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം ആലുവ വീട്ടുവളപ്പിൽ വൈകിട്ട് 4 മണിക്ക്.
No comments
Post a Comment