നാല് ബഹിരാകാശ ദൗത്യങ്ങൾക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രമന്ത്രിസഭ. ചന്ദ്രയാൻ-4, ശുക്രനെ ലക്ഷ്യമിട്ടുള്ള വീനസ് ഓർബിറ്റർ മിഷൻ, ഇന്ത്യയുടെ ബഹിരാകാശ നിലയ ദൗത്യമായ ഭാരതീയ അന്തരീക്ഷ സ്‌റ്റേഷൻ, നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻജിഎൽവി) എന്നിവയ്ക്ക് വേണ്ടിയാണ് സർക്കാർ ഫണ്ട് അനുവദിച്ചത്.
ആകെ 22750 കോടി രൂപയാണ് ഈ നാല് ബഹിരാകാശ ദൗത്യങ്ങൾക്കുമായി സർക്കാർ മാറ്റിവെച്ചിരിക്കുന്നത്.
2027 ൽ വിക്ഷേപണത്തിന് പദ്ധതിയിട്ടിരിക്കുന്ന ഇന്ത്യയുടെ നാലാമത് ചാന്ദ്രദൗത്യമായ ചന്ദ്രയാൻ നാലിന് 2104.06 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ചന്ദ്രനിൽ നിന്ന് സാമ്പിൾ ശേഖരിച്ച് തിരികെ എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ദൗത്യം.
ശുക്രനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് വീനസ് ഓർബിറ്റർ മിഷൻ. 2028 മാർച്ചിൽ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ഈ ദൗത്യം ശുക്രന്റെ അന്തരീക്ഷത്തെ കുറിച്ചും ഭൂമിശാസ്ത്രത്തെ കുറിച്ചും പഠിക്കാൻ ലക്ഷ്യമിടുന്നു. 1236 കോടി രൂപയാണ് ഈ ദൗത്യത്തിനായി അനുവദിച്ചിരിക്കുന്നത്.
ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്ന് വിളിക്കുന്ന ഈ ദൗത്യത്തിൻ്റെ ആദ്യ മൊഡ്യൂൾ 2028 ൽ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. 2035-ഓടെ നിലയത്തിൻ്റെ നിർമാണം പൂർത്തിയാക്കാനും ഉദ്ദേശിക്കുന്നു. ഈ ദൗത്യത്തിനായി 11,170 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
പുനരുപയോഗം സാധ്യമായതും വലിയ ഭാരമുള്ള പേലോഡുകൾ ബഹിരാകാശത്തെത്തിക്കാൻ കെൽപ്പുള്ളതുമായ നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻജിഎൽവി) നിർമിക്കുന്നതിനായി 8240 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഗഗൻയാൻ ഉൾപ്പടെ ഭാവി ചാന്ദ്രദൗത്യങ്ങൾക്ക് ഈ വിക്ഷേപണ വാഹനം ഉപയോഗപ്പെടുത്താനാവും.
No comments
Post a Comment