എസ്.ബി.ഐ ബാങ്കിന്റെ ഗ്രാമീണ വികസന സ്വയം തൊഴില്‍ പരിശീലന പരിപാടിയിലൂടെ കരപിടിച്ചത് അനവധി ജീവിതങ്ങളാണെന്ന് കെ സി വേണുഗോപാൽ.
പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്, അന്ന് ഞാന്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിന്റെ ജനപ്രതിനിധിയായിരുന്ന കാലഘട്ടത്തിലാണ് ആര്‍.എസ്.ഇ.ടി.ഐക്ക് സ്വന്തമായി ഒരു പരിശീലന കേന്ദ്രത്തിനായി ഇടപെടല്‍ നടത്തുന്നത്.
സ്വന്തമായി ഭൂമിയെന്ന ദൗത്യം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെങ്കിലും ആര്യാട് പഞ്ചായത്തിന്റെ സഹകരണത്തോടെ അത് അന്ന് സാധ്യമായി. എങ്കിലും കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ ധനം ഒരു പ്രതിസന്ധിയായിരുന്നു. അഞ്ചെട്ടു വര്‍ഷങ്ങളാണ് അതിന്റെ പേരിലുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് നഷ്ടമായത്.
എങ്കിലും ഇക്കാലയളിവില്‍ സ്വയം തൊഴില്‍ പരിശീലനം മുടക്കമില്ലാതെ നടന്നിരുന്നു.
പക്ഷെ, കെട്ടിടത്തിന്റെ പണി നേരത്തെ തീര്‍ന്നിരുന്നെങ്കില്‍ ഇപ്പോള്‍ പരിശീലനം പൂര്‍ത്തിയാക്കിയവരെക്കാള്‍ കൂടുതല്‍ പേരെ നമുക്ക് സ്വയംപ്രാപ്തിയിലെത്തിക്കാന്‍ കഴിഞ്ഞെനെ!
ഒടുവില്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് എസ്ബിഐ ബാങ്കിന്റെ ഗ്രാമീണ വികസന സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ(ആര്‍.എസ്.ഇ.ടി.ഐ) റീജണല്‍ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് നിര്‍വഹിക്കാന്‍ കഴിഞ്ഞു. ഇതൊരു നല്ല തുടക്കമാണ്. നാളെയുടെ നല്ല ഭാവിയിലേക്കും സുരക്ഷിത്വത്തിലേക്കും കൂടുതല്‍ പേരെ പരിശീലിപ്പിക്കാനും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കാനും കഴിയുന്ന അസുലഭസുന്ദരമായ ചരിത്ര നിമിഷം കൂടിയാണിതെന്ന് എംപി പറഞ്ഞു.
പതിനായിരത്തിലധികം പേര്‍ ഇതിനോടകം ഇവിടെ നിന്ന് പരിശീലനം നേടി ജീവിതമാര്‍ഗം കണ്ടെത്തിക്കഴിഞ്ഞു. പ്രതിസന്ധികളിലും തളരാതെ പരീശിലനവുമായി മുന്നോട്ട് പോകുകയും കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തികരിക്കുകയും ചെയ്ത എസ്ബി ഐ ഉദ്യോഗസ്ഥര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഇനിയും കൂടുതലാളുകള്‍ക്ക് പരിശീലനത്തിലൂടെ ഈ സ്ഥാപനത്തിന്റെ സേവനവും പ്രയോജനവും ഉണ്ടാകണം.
സ്വന്തമായി കെട്ടിടവും മറ്റ് സൗകര്യങ്ങളും ഉണ്ടായ സ്ഥിതിക്ക് പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കാന്‍ ആര്‍.എസ്.ഇ.ടി.ഐ അധികൃതര്‍ തയ്യാറാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കി തൊഴില്‍ ദാതാവാകാന്‍ മുന്നൊട്ടുവരുന്ന സ്വയം തൊഴില്‍ സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനാവശ്യമായ നടപടികളില്‍ ബാങ്കിന്റെ കൂടുതല്‍ ഉദാരമായ ഇടപെടലുകളാണ് ഉണ്ടാകേണ്ടത്. എസ്.ബി.ഐയുടെ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഈ വിഷയത്തില്‍ കൂടുതല്‍ മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളണം.
സാധാരണക്കാര്‍ക്ക് സ്വയം തൊഴിലിലൂടെ വരുമാനം കണ്ടെത്താന്‍ സഹായിക്കുന്ന എസ്.ബി.ഐ ബാങ്കിന്റെ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനം മാതൃകാപരമാണ്. ജനതാല്‍പ്പര്യവും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലവും തുടര്‍ന്നും തന്റെ പിന്തുണ കെ.സി വേണുഗോപാൽ അറിയിച്ചു
No comments
Post a Comment