ആലപ്പുഴ
കെ എസ് ഇ ബി ലിമിറ്റഡ് ആഭ്യന്തര പരാതി പരിഹാര സെൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉപഭോക്താക്കൾക്കുണ്ടാകുന്ന പരാതികളും ആവലാതികളും മെച്ചെപ്പെട്ട നിലയിൽ പരിഗണിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ഐ ജി ആർ സി എന്ന പേരിൽ സബ് ഡിവിഷൻ, സർക്കിൾ തലങ്ങളിലാണ് സെൽ പ്രവർത്തിക്കുക.
ഉപഭോക്താക്കളുടെ പരാതിയിൽ പരിഹാരം ഉണ്ടാകാത്ത പക്ഷം ഇതിനായി പ്രാധമികമായി സമീപിക്കേണ്ട വൈദ്യുതി വിതരണ കമ്പനി ചുമതലപ്പെടുത്തിയിരിക്കുന്ന ഓഫീസുകളണ് ഇൻ്റേണൽ ഗ്രീവൻസ് റിഡ്രസൽ സെൽ (ഐ ജി ആർ സി)കൾ. സാങ്കേതിക കാര്യങ്ങൾ സംബന്ധിച്ച പരാതികൾ അസിസ്റ്റൻ്റ് എയിനീയർക്കും, മീറ്റർ റീഡിങ്, ബില്ലിങ് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സീനിയർ സൂപ്രണ്ടിനും പ്രാധമിക തല പരാതി നൽകാം. രണ്ടാം തലത്തിൽ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ചെയർമാനായ ഐ ജി ആർ സി യുമായിരിക്കും. നേരിട്ടോ, ഫോൺ മുഖാന്തിരമോ, ഇ മെയിൽ, ഓൺലൈൻ പോർട്ടൽ വഴിയോ പരാതി സമർപ്പിക്കാം.
വൈദ്യുതി തടസം, കുറഞ്ഞ വോൾട്ടേജ്, വൈദ്യുതി വിതരണത്തിൻ്റെ ഗുണനിലവാരം, ലോഡ് ഷെഡിങ്, മുൻകൂട്ടി നിശ്ചയിച്ച വൈദ്യുതി തടസങ്ങൾ, മീറ്റർ തകരാറുകൾ, ബില്ലിങ്, വൈദ്യുതി ചാർജ് സ്വീകരിക്കൽ, പണം അടക്കൽ, പുതിയ കണക്ഷനുകൾ, നിലവിലെ വൈദ്യുതി കണക്ഷനുകളുടെ പരിഷ്കരണം, കണക്റ്റഡ് ലോഡ്, കോൺട്രാക്ട് ഡിമാൻ്റ് , തെരുവു വിളക്കുകൾ എന്നിവ സംബന്ധിച്ചുള്ള പരാതികൾ നൽകാം.
എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ വൈദ്യുതി ഭവൻ കൺവെൻഷൻ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സ്മിത മാത്യു അധ്യക്ഷയായി. ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ജി ശ്രീകുമാർ, കൗൺസിലർമാരായ ഹെലൻ ഫെർണാണ്ടസ്, അഡ്വ. റീഗോ രാജു, പി റഹിയാനത്ത് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ യു ഉണ്ണികൃഷ്ണൻ സ്വാഗതവും മായ എസ് നായർ നന്ദിയും പറഞ്ഞു.
No comments
Post a Comment