BREAKING NEWS
latest

728x90

header-ad

468x60

header-ad

മുനമ്പത്ത് ഓടിയെത്തുന്നവരെ വിഴിഞ്ഞത്ത് കണ്ടില്ലല്ലോ ..? ഡോ കെ എസ് മനോജ്


മുനമ്പത്ത് സമരം ചെയ്യുന്ന പ്രദേശവാസികളുടെ ആവശ്യം ന്യായമാണ്  .
അവർ കാലങ്ങളായി അധിവസിക്കുന്ന ഭൂമി അത്  കുടിയാവകാശം കിട്ടിയതോ , വില കൊടുത്തു വാങ്ങിയതോ ,കൈയ്യേറി താമസിക്കുന്നതോ , എന്തുമാകട്ടെ, കാലങ്ങളായി 
ഭൂമിയിലുള്ള അവകാശം സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടിയാണ് അവർ സമരം ചെയ്യുന്നത്.
നിഷ്കളങ്കമാണ് അവരുടെ ഉദ്യേശ ശുദ്ധി.

എന്നാൽ അവിടെ ഓടി എത്തുന്ന സഭാ നേതാക്കളുടെയും ക്രിസ്ത്യൻ തീവ്രവാദികളായ കാസയുടെയും  , സംഘ പരിവാർ കക്ഷികളുടെയും ഉദ്യേശ ശുദ്ധി സംശയിക്കേണ്ടതുണ്ട് . 

മുനമ്പം നിവാസികളുടെ അവകാശ സംരക്ഷണത്തിനായി നിയമപരവും രാഷ്ട്രീയവുമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്‌.
രാഷ്ട്രീയമായി എടുക്കുന്ന തീരുമാനം പോലും നിലവിൽ ബഹു.ഹൈ കോടതിയിൽ ഇപ്പോൾ നിലവിലുള്ള കേസിന്റെ ( കേസുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ) തീരുമാനത്തിന് വിധേയമായി മാത്രമേ നടപ്പിലാക്കാൻ കഴിയൂ.
എന്നാൽ ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെ തുടരുന്ന സമരത്തിന് പിന്തുണയുമായി എത്തുന്നവരുടെ ഉദ്യേശ ശുദ്ധി കേവലം മുനമ്പം പ്രശ്നപരിഹാരം മാത്രമല്ല മറിച്ചു സമുദായിക സൗഹാർദം ( ക്രിസ്ത്യൻ - മുസ്ലിം മത സൗഹാർദ്ദം ) തകർക്കുവാനും വെറുപ്പും  മത വിദ്വേഷവും വളർത്തി, ഭിന്നത സൃഷ്ഠിച്ചു വർഗീയ ശക്തിയായ ബി.ജെ.പി യുടെ പിന്നിൽ ലത്തീൻ സമുദായത്തെ ( നോൺ ലത്തീൻ വിഭാഗങ്ങൾ ഇപ്പോൾ തന്നെ സംഘ പരിവാർ അനുഭാവം പുലർത്തുന്നവർ ആണ് ) കൂട്ടി കെട്ടുന്നതിനുള്ള ബി.ജെ.പി യുടെ സ്ട്രാജിക് പൊളിറ്റിക്കൽ എഞ്ചിനീയറിംഗ് കെണിയിൽ അകപ്പെട്ടും ചിലർ അപ്രകാരം ലത്തീൻ സഭാ നേതാക്കളെ അകപ്പെടുത്തിയും ഈ വിഷയം സങ്കീർണ്ണമാക്കുകയാണ് .
മുനമ്പം കൈയ്യേറിയിരിക്കുന്ന ടൂറിസം ലോബിയും ഈ വിദ്വേഷ പ്രചാരണം ആളിക്കത്തിക്കുന്നതിനു കൂട്ടു നിൽക്കുന്നുണ്ട്.

അവിടെ എത്തുന്നവരൊക്കെ പ്രസംഗിക്കുന്നത് മുനമ്പം നിവാസികളുടെ അവകാശ സംരക്ഷണത്തിനപ്പുറത്തേക്ക് വഖ്ഫ് ബോർഡിനെതിരെയും മുസ്ലിം സമുദായത്തിനെതിരെയുമാണ് എന്നുള്ളത് ഈ ലക്ഷ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് . 

വൈകാരികമായി പ്രതികരിക്കുന്നത് പ്രശ്ന പരിഹാരത്തിന് സഹായകരമാവില്ല .

വേണ്ടത്  രാഷ്ട്രീയവും നിയമപരവുമായ ഇടപെടൽ മാത്രമാണ്.ഇവർ ചെയ്യേണ്ടത് കോടതിയിൽ നിലനിൽക്കുന്ന കേസിൽ നല്ല പ്രഗത്ഭരായ അഭിഭാഷകരെ വെച്ചുകൊണ്ട് വാദിക്കുവാൻ  വേണ്ട സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത് . അതിനായി ആരും ശ്രമിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.

ഈ ഓടി എത്തുന്നവർ മുനമ്പം ഭൂ സംരക്ഷണ സമിതിയെ സഹായിക്കുകയാണ് ഉദ്ദേശ്യമെങ്കിൽ ഇതാണ് പരിഹാരമായി ചെയ്യേണ്ടത്.

ഫറൂഖ് കൊളേജും ഈ സ്ഥലത്തിന്റെ ആധാരം സംബന്ധിച്ചും അതിന്റെ വിൽപ്പനയെ സംബന്ധിച്ചും സത്യസന്ധമായ നിലപാട് വെളിപ്പെടുത്തേണ്ടതുണ്ട്.

സിദ്ദിക്ക് സേട്ട് ഫറൂഖ് കോളേജിന് സ്ഥലം നൽകികൊണ്ടുള്ള ആധാരത്തിൽ വ്യവസ്ഥകൾ വച്ചിട്ടുള്ളതിനാൽ ഈ വസ്തു വഖഫ് ആയി വരുമോ എന്നുള്ളതിന്റെ " Sanctity "വഖഫ് ബോർഡും വെളിപ്പെടുത്തണം.

മത സൗഹാർദ അന്തരീക്ഷം സംരക്ഷിക്കുന്നതിന് ഇത്‌ അനിവാര്യമാണ്.

മുനമ്പം വിഷയത്തെ വഖഫ് നിയമ ഭേദഗതിയുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല;
മുനമ്പം വിഷയം സ്ഥലത്തിന്റെ ക്രയവിക്രയവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു തർക്കമായി മാത്രം കാണേണ്ടതാണ്.

വഖഫ് നിയമ ഭേദഗതി ഭരണഘടന ഉറപ്പുതരുന്നമൈനോറിറ്റി റൈറ്സ് മായി ബന്ധപ്പെട്ട വിഷയമാണ്.
ഭരണഘടന ഉറപ്പുതരുന്ന ന്യുനപക്ഷ അവകാശങ്ങളിലുള്ള കൈകടത്തലായി മാത്രമേ വഖഫ് നിയമ ഭേദഗതിയെ കാണാൻ കഴിയൂ.

ഒരു മത ന്യുനപക്ഷമെന്ന നിലയിൽ ക്രൈസ്തവർ ജാഗ്രത പുലർത്തേണ്ടത് ഇവിടെയാണ്.

വഖഫ് നിയമഭേദഗതിയിൽ ക്രൈസ്തവർ ഇതര മതന്യുനപക്ഷമായ മുസ്ലിം സമുദായത്തെ പിന്തുണയ്‌ക്കേണ്ടതും അതു കൊണ്ട് തന്നെയാണ്.

മത ന്യുനപക്ഷമെന്ന സാമാനതയെയാണ് 
മുനമ്പം വിഷയത്തിൽ ക്രിസ്ത്യൻ - മുസ്ലിം സ്പർദ്ധ വളർത്തിക്കൊണ്ട് സംഘ പരിവാർ ശക്തികൾ തകർക്കാൻ ശ്രമിക്കുന്നത്.ഇവിടെ വിവേക പൂർവ്വമായ ജാഗ്രത അനിവാര്യമാണ്.

കേവലമായ ഒരു വിഷയത്തിൽ സംഘ പരിവാരങ്ങളെ പിന്തുണയ്ക്കുമ്പോൾ സഭാ നേതൃത്വം ഗുജറാത്ത് വംശീയ കൂട്ടക്കൊലയും ഇപ്പോഴും കെട്ടടങ്ങാത്ത മണിപ്പൂരിലെ വംശീയ കലാപങ്ങളും ഓർക്കുന്നത് നന്ന്‌..

സംഘപരിവാരത്തിന്റെ ആവനാഴിയിൽ മത ന്യുനപക്ഷങ്ങൾക്കെതിരെ യൂണിഫോം സിവിൽ കോഡും ചർച് ആക്റ്റും മത പരിവർത്തന നിരോധന നിയമവും ഉൾപ്പെടെയുള്ള ക്രൂര അസ്ത്രങ്ങൾ ഉണ്ട് എന്നുള്ളതും മറക്കാതെ ഓർക്കുന്നത് നന്ന്.

കോൺഗ്രസ് ഇന്ത്യ ഭരിച്ച 50 വർഷക്കാലം മത ന്യുന പക്ഷങ്ങൾ ഭയരഹിതർ ആയിരുന്നു എന്നതും ഒരു പള്ളിയും തകർക്കപ്പെട്ടിരുന്നില്ല എന്നതും ഇപ്പോൾ സംഘ പരിവാരത്തെ ആശ്ലേഷിക്കുന്ന സഭാ പിതാക്കന്മാർ ഓർക്കുന്നതും നന്ന്‌.

അദ്വാനിയുടെയും മുരളീ മനോഹർ ജോഷിയുടെയും നേതൃത്വത്തിൽ സംഘ പരിവാരങ്ങൾ ബാബ്‌റി മസ്ജിദ് തകർത്തപ്പോഴും ബാബ്‌റി മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് രാമ ക്ഷേത്രം നിർമ്മിക്കാം എന്ന ബഹു.സുപ്രീം കോടതി വിധി വന്നപ്പോഴും ആത്മ സംയമനം പാലിച്ചവരാണ് മുസ്ലിം സഹോദരങ്ങൾ.
മുനമ്പം വിഷയത്തിൽ ടാർഗറ്റ് ചെയ്യപ്പെടുമ്പോഴും ആ സംയമനം വിടാതെ കാത്തു സൂക്ഷിക്കാൻ മുസ്ലിം സഹോദരങ്ങൾ ശ്രമിക്കുന്നുമുണ്ട്.അതൊരു ബലഹീനതയായി കരുതരുത്.നാടിന്റെ സാഹോദര്യം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ആത്മത്യാഗമായി വേണം അതിനെ കാണാൻ..

തീരദേശ സമൂഹത്തെ പൊതുവേയും ലത്തീൻ സമൂഹത്തെ വിശേഷിച്ചും സാരമായി ബാധിക്കുന്ന വിഷയമായിരുന്നു വിഴിഞ്ഞം സമരം.തിരുവനന്തപുരം ആർച്ചു ബിഷപ്പും സഹായ മെത്രാനും അടക്കം നിരവധി  വൈദീകരും രൂപത ജനങ്ങളും അടക്കം നിരവധിപേർ ഇപ്പോഴും നിരവധി ക്രിമിനൽ കേസിൽ പ്രതികളാണ്.തിരുവനത്തപുരം രൂപത ഏറ്റെടുത്തു നടത്തിയ പ്രസ്തുത സമരത്തിൽ ഇപ്പോൾ മുനമ്പത്ത് ഓടി കൂടുന്നവരെ കണ്ടിരുന്നില്ല എന്നതും മുനമ്പം വിഷയം സമുദായ വത്കരിക്കുന്നതും രാഷ്ട്രീയ വത്കരിക്കുന്നതിന്റെയും ലക്‌ഷ്യം വെളിപ്പെടുത്തുന്നതാണ്.

ലേഖകൻ: ഡോ കെ എസ് മനോജ് 
(എക്സ് എംപി ആലപ്പുഴ)
« PREV
NEXT »

Facebook Comments APPID