BREAKING NEWS
latest

728x90

header-ad

468x60

header-ad

വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാട് , എല്ലാ വിഭാഗം ജനങ്ങളോടുമുളള സ്നേഹനിർഭരമായ ഇടപെടൽ, മനുഷ്യത്വപരമായ കരുതലും ചേർത്തു പിടിക്കലും... ഏവർക്കും പ്രിയപ്പെട്ട മുജീബിനെപ്പറ്റി - ജയിംസ് പി സൈമൺ

എരുമേലിക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ ആരെന്ന് ചോദിച്ചാൽ എല്ലാവരും ഒന്നിച്ച് പറയും മുജീബ് റഹ്മാനെന്ന്. ഇന്ന് രാവിലെ നിര്യാതനായ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവും സി പി എം നേതാവുമായിരുന്ന മുജീബ് റഹ്മാനെ പറ്റി പറഞ്ഞിട്ടും പറഞ്ഞിട്ടും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും മതിയാവുന്നില്ല. അത്രമേൽ നന്മ നിറഞ്ഞവനും മികച്ച സംഘാടകനുമായിരുന്നു മുജീബ്. എരുമേലിക്കാരുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസുകളിലും അനുസ്മരണ പോസ്റ്റുകളിലും അവർ എത്ര മാത്രം മുജീബിനെ സ്നേഹിച്ചിരിന്നൂന്ന് മനസ്സിലാകും. മണിമല ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ജയിംസ് പി സൈമണിൻ്റെ അനുഭവക്കുറുപ്പ് ചുവടെ :- പ്രിയപ്പെട്ട സഖാവ് മുജീബ് അണ്ണൻ യാത്രയായി ...... 1989 ൽ പ്രീഡിഗ്രി വിദ്യാർത്ഥിയായി ഞാൻ റാന്നി സെൻ്റ് തോമസ് കോളേജിൽ എത്തുമ്പോൾ ആ ക്യാമ്പസിലെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ പ്രധാന പതാകവാഹകരിൽ ഒരാളായി എൻ്റെ സീനിയർ ബാച്ചിൽ മുജീബ് അണ്ണൻ ഉണ്ടായിരുന്നു...... എരുമേലിയിൽ നിന്നും റാന്നിക്ക് വരുന്ന ലെജിൻ ബസ്സിലെ സ്ഥിരം യാത്രക്കാരായിരുന്നു ഞങ്ങൾ ...... ബസ്സിൻ്റെ ഡോറിനോട് ചേർന്ന് സൈഡ് സീറ്റിൽ നിറഞ്ഞ ചിരിയുമായി മുജീബണ്ണൻ ഉണ്ടാകുമായിരുന്നു..... മുക്കടയിൽ നിന്നും ബസ്സിനുള്ളിൽ കയറിപ്പറ്റുന്നതിന് മുമ്പ് തന്നെ പുസ്തകവും, ഭക്ഷണപ്പൊതിയുമൊക്കെ സൈഡ് സീറ്റിലിരിക്കുന്ന മുജീബണ്ണനെ ഏൽപ്പിക്കും..... ഇങ്ങനെ എട്ടോ പത്തോ പേരുടെ ലഗേജും മടിയിൽ വച്ചുകൊണ്ടാവും അദ്ദേഹത്തിൻ്റെ യാത്ര.....
ഇതിനിടയിൽ വാതോരാത്ത വർത്തമാനങ്ങളും ...... ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളെക്കുറിച്ചുമുള്ള ഗൗരവ ചർച്ചകളാൽ മുഖരിതമാകുമായിരുന്നു ആ ബസ്സും അതിലെ അന്തരീക്ഷവുമെല്ലാം ..... ഒടുവിൽ അഭിപ്രായങ്ങളെല്ലാം സമുന്വയിപ്പിച്ച് ഇടതുപക്ഷത്തിനനുകൂലമാക്കി മാറ്റുന്ന ഒരു പ്രത്യേക മെക്കനിസം വർക്ക് ഔട്ട് ചെയ്യിക്കാൻ അദ്ദേഹത്തിനറിയാമായിരുന്നു ആ യാത്രകളെല്ലാം ഇപ്പോഴും അത്രയ്ക്ക് പ്രിയപ്പെട്ടവയായി എൻ്റെ മനസിൽ നിറഞ്ഞുനിൽക്കുന്നു..... ആ അദ്ധ്യയന വർഷം SFI യുടെ നേതൃത്വത്തിൽ തുടർച്ചയായ ദിവസങ്ങളിൽ നടന്ന 96 നാൾ നീണ്ടു നിന്ന സമരം..... ആശയ പ്രചരണങ്ങൾ,സംഘർഷങ്ങൾ, ..... എല്ലാറ്റിനും നേതൃനിരയിൽ മുജീബ് അണ്ണൻ ഉണ്ടായിരുന്നു...... ക്യാമ്പസ് വിട്ടതിനു ശേഷം, തുടർപഠനത്തിനായി മറ്റൊരിടത്തേക്ക് ...... പിന്നീട് തിരികെ എത്തി തൻ്റെ പിതാവ് നടത്തിവന്ന പലചരക്ക് കട ഏറ്റെടുത്ത് നടത്തൽ..... CPIM ൻ്റെ ഭാഗമായി നിന്ന് എരുമേലിയിൽ നടത്തിയ രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങൾ ...... വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാട് , എല്ലാ വിഭാഗം ജനങ്ങളോടുമുളള സ്നേഹനിർഭരമായ ഇടപെടൽ, മനുഷ്യത്വപരമായ കരുതലും ചേർത്തു പിടിക്കലും...... വ്യാപാരി സംഘടനാ രംഗത്തെ ത്യാഗോജ്വല പ്രവർത്തനങ്ങൾ. സംഭവബഹുലമെങ്കിലും ആ ജീവിതം എരുമേലിയുടെ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ ശാന്ത സുന്ദരമായി ഇങ്ങനെ ഒഴുകിയിരുന്നു..... ഇടയ്ക്കെപ്പോഴോ പിടികൂടിയ രോഗം തന്നെ കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോഴും വേദനയടക്കി.... അപാരമായ മനസാന്നിദ്ധ്യവുമായി ഒരു തിരിച്ചുവരവിനായി പരമാവധി പരിശ്രമിച്ച മുജീബണ്ണൻ തന്നെ സ്നേഹിച്ചവരെയെല്ലാം കണ്ണീരിലാഴ്ത്തി കടന്നുപോയിരിക്കുന്നു.....
വിദ്യാർത്ഥി സംഘടനാ പ്രവർത്തനകാലം മുതൽ ആരംഭിച്ച മൂന്നരപ്പതിറ്റാണ്ടു നീണ്ടുനിന്ന ഞങ്ങളുടെ ഊഷ്മളമായ ആത്മബന്ധത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്..... ഇന്ന് രാവിലെ അദ്ദേഹത്തിൻ്റെ ദേഹവിയോഗവാർത്തയറിഞ്ഞ് വീട്ടിലെത്തി ആ ചേതനയറ്റ മുഖത്തേക്ക് നോക്കുമ്പോൾ പറയാൻ ചിലതെല്ലാം ബാക്കി വച്ചിരുന്നോ..... അടുത്തെങ്ങും കണ്ടുമുട്ടാൻ കഴിയാത്തതിൻ്റെ പരിഭവം ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ........ ഓർമ്മകളുടെ വേലിയേറ്റം....... വല്ലാത്ത സങ്കടം ...... ഇനി എരുമേലിയിൽ എത്തുമ്പോൾ മുജീബണ്ണൻ്റെ കടയിൽ നിറഞ്ഞ ചിരിയുമായി അദ്ദേഹമുണ്ടാവില്ലല്ലോ..... അത്യന്തം ഹൃദയവേദനയോടെ...... പ്രിയ സഖാവിന് അന്ത്യാഭിവാദനങ്ങൾ...
« PREV
NEXT »

Facebook Comments APPID