International
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കു ജാമ്യം. സുപ്രീം കോടതിയാണു ജാമ്യം അനുവദിച്ചത്. കേസിൽ അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന സുനിക്ക് ആദ്യമായാണു ജാമ്യം ലഭിക്കുന്നത്. സുനിക്കു ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്നു കാണിച്ച് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നു കേരള സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.
സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചാണു സുനിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. “പൾസർ സുനി ജയിലിലായിട്ട് ഏഴര വർഷം കഴിഞ്ഞിരിക്കുന്നു. ഇത്രയും നാളായിട്ടും വിചാരണ നീണ്ടുപോവുകയാണ്. ഇങ്ങനെയായാൽ കേസ് എപ്പോഴാണു തീരുക? കേസിലെ മറ്റൊരു പ്രതിയായ ദിലീപിനു ക്രോസ് വിസ്താരത്തിനു കൂടുതൽ സമയം അനുവദിക്കുന്നു" തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു സുപ്രീം കോടതിയുടെ ഉത്തരവ്.
പൾസർ സുനിക്കു ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നു സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടി. ഇതെല്ലാം തള്ളിയാണു സുനിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടുപോകുകയാണെന്നും ഇതിനാൽ ജാമ്യം തന്റെ അവകാശമാണെന്നുമാണു പൾസർ സുനി വാദിച്ചത്.
അതിജീവിതയ്ക്കുനേരെ ഉണ്ടായത് അതിക്രൂരമായ ആക്രമണമാണെന്നും അപൂർവമായാണു സംസ്‌ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളതെന്നും സർക്കാർ വാദിച്ചു. 2017 ഫെബ്രുവരിയിലാണു കൊച്ചിയിൽ നടി കാറിൽ ആക്രമിക്കപ്പെട്ടത്. നെടുമ്പാശേരി പൊലീസ് റജിസ്‌റ്റർ ചെയ്ത കേസിൽ 2017 ഫെബ്രുവരി 23 മുതൽ പൾസർ സുനി റിമാൻഡിലാണ്.
നടൻ നിവിൻ പോളിക്കെതിരേ പീഡനക്കേസ്. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഊന്നുകൽ പോലീസ് കേസെടുത്തു. ഈ കേസിൽ ആറോളം പ്രതികളുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
2023-ൽ വിദേശത്തുവെച്ചാണ് പീഡനം നടന്നത്. വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു വനിതാ സുഹൃത്താണ് തന്നെ നടന്റെ മുന്നിലേക്കെത്തിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നിവിൻ പോളി, പരാതിക്കാരിയുടെ വനിതാ സുഹൃത്ത്, മറ്റ് നാലുപേർ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
ലൈംഗിക പീഡന പരാതിയിൽ നടൻ മുകേഷിനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. കൊച്ചിയിലെ നടിയുടെ പരാതിയിലാണ് മരട് പൊലീസ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ പീഡിപ്പിച്ചു എന്നാണ് നടിയുടെ മൊഴി.
മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു. പീഡനപരാതിയിൽ നടൻ സിദ്ദിഖിനെതിരെയും, ഷൂട്ടിങിനിടെ കടന്നുപിടിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെയും കേസെടുത്തിരുന്നു. ആരോപണങ്ങളെ തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും, സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്‌ഥാനവും രാജിവച്ചിരുന്നു. ആരോപണങ്ങളെ തുടർന്ന് അമ്മയുടെ ഭരണ സമിതിയും കഴിഞ്ഞ ദിവസം രാജിവച്ചു. മുകേഷ് എംഎൽഎ സ്‌ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു.
നടനും എംഎൽഎയുമായ മുകേഷ്, അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു, മുൻ ഭാരവാഹികളായ ജയസുര്യ, മണിയൻപിള്ള രാജു, പ്രൊഡക്‌ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു, കോൺഗ്രസ് നേതാവ് കൂടിയായ അഡ്വ.വി.എസ്.ചന്ദ്രശേഖരൻ എന്നിവർക്കെതിരെ നടി മിനു മുനീർ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിചചും അന്വേഷണം നടക്കുകയാണ്. നടൻ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ സിനിമരംഗം വിട്ട മുൻ ജുനിയർ നടിയാണു ഗുരുതരമായ ആരോപണം ഉന്നയിച്ചത്. നടിമാരായ ഗീത വിജയനും ശ്രീദേവികയും സംവിധായകൻ തുളസീദാസിനെതിരെയാണ് ആരോപണം ഉന്നയിച്ചത്. സംവിധായകൻ വി.കെ.പ്രകാശിനെതിരെ ആരോപണവുമായി കഥാകൃത്തായ യുവതിയാണ് എത്തിയത്.
നടൻ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. കൊച്ചിയിലെ നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്റോൻമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
സെക്രട്ടേറിയറ്റിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സെക്ഷൻ 354,354 എ, 509 എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
വർഷങ്ങൾക്കുമുൻപ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയിൽവെച്ച് നടൻ കടന്നുപിടിച്ച് ചുംബിച്ചെന്ന് കഴിഞ്ഞദിവസം നടി മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയിരുന്നു. കൻറോൺമെന്റ്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും.
പരാതി നൽകിയതിന് പിന്നാലെ നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്‌ച മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴുപേർക്കെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്.
ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ മകളെ കഴുത്തറത്ത് കൊന്ന് സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിലെറിഞ്ഞ യുവതി പിടിയിൽ. ബിഹാറിലെ മുസഫർപുരിലാണ് സംഭവം. മൂന്നുവയസ്സുകാരിയുടെ കൊലപാതകത്തിൽ മാതാവ് കാജൽ ആണ് അറസ്റ്റിലായത്.
ഭർത്താവിനെ പിരിഞ്ഞ് താമസിക്കാൻ മകളെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ മൊഴി. ആൺസുഹൃത്ത് മകളെ സ്വീകരിക്കില്ലെന്ന് പറഞ്ഞതിനാലാണ് കൊലപാതകമെന്നും കാജൽ പറഞ്ഞു. പ്രസിദ്ധമായ ടി.വി. ഷോ 'ക്രൈം പട്രോൾ' ആണ് കൊലപാകത്തിന് പ്രേരണയെന്ന് യുവതിയുടെ മൊഴിയിലുണ്ട്.
മുസാഫർപുരിലെ മിനാപുരിൽ പാർപ്പിടസമുച്ചയത്തിന് സമീപത്തുനിന്നാണ് ശനിയാഴ്ച മൂന്നുവയസ്സുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കിയ നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിനായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
അന്വേഷണത്തിനിടെ യുവതിയുടെ വീടിൻ്റെ തറയിലും സിങ്കിലും ടെറസ്സിൽനിന്നും രക്തക്കറ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കൊലപാതകം നടന്ന ദിവസം അമ്മായിയുടെ വീട്ടിലേക്ക് പോയതായി യുവതി ഭർത്താവ് മനോജിനെ വിളിച്ച് അറിയിച്ചിരുന്നു.
പിന്നാലെ മനോജ് നൽകിയ പരാതിയിൽ പോലീസ് കാജലിനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്‌തു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയെ പരിശോധനയ്ക്കൊടുവിൽ ആൺസുഹൃത്തിന്റെ വീട്ടിൽനിന്ന് യുവതിയെ കണ്ടെത്തുകയായിരുന്നു. ചോദ്യംചെയ്യലിനിടെ താൻ രണ്ടുവർഷത്തോളമായി വിവാഹേതരബന്ധത്തിലായിരുന്നുവെന്ന് യുവതി മൊഴിനൽകി.
ആൺസുഹൃത്തിനൊപ്പം മാറിത്താമസിക്കുമ്പോൾ കുട്ടിയേയും കൂടെ കൊണ്ടുപോകാനായിരുന്നു യുവതിയുടെ താത്പര്യം. എന്നാൽ, ആൺസുഹൃത്ത് ഇത് എതിർത്തു. പിന്നാലെ കുട്ടിയെ കഴുത്തറത്ത് കൊന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്ന് സിറ്റി പോലീസ് മേധാവി അവധേഷ് ദീക്ഷിത് അറിയിച്ചു.
വീട്ടിലെ രക്തക്കറ കഴുകിക്കളയാൻ യുവതി ശ്രമിച്ചിരുന്നു. എന്നാൽ, ഫൊറൻസിക് സംഘത്തിന് ഇതിൻ്റെ അംശങ്ങൾ ലഭിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തി. യുവതി തനിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആൺസുഹൃത്തിന് കൊലപാതകത്തിൽ പങ്കുള്ളതായി നിലവിൽ വ്യക്തമായിട്ടില്ലെന്നും അതിനാൽ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് അച്ഛനെ മകന്‍ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്. ഇന്നലെ വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് കിടന്ന വാഹനത്തനത്തിന്‍റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ഒടുവില്‍ കൊലപാതകത്തിൽ കലാശിച്ചത്. മദ്യപിച്ചിരുന്ന രാഹുൽ വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് പിതാവിനെ അടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഷാജിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. മകൻ രാഹുലിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു.
പ്രമുഖ നടന്മാർക്കെതിരെ ആരോപണവുമായി നടി മിനു മുനീർ. ഫേസ് ബുക്ക് പേജിലൂടെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു. ജയസൂര്യ, മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്.
ഇവരിൽ നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്ന് മിനു മുനീർ ആരോപിച്ചു. അമ്മയിൽ അംഗത്വം ലഭിക്കാൻ ഇടവേള ബാബു വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താൽപര്യത്തോടെ പെരുമാറിയെന്ന് മിനു ആരോപിച്ചു. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നുമാണ് മിനു പറയുന്നത്.
മണിയൻ പിള്ളരാജു മോശമായി പെരുമാറിയെന്നാണ് മിനു പറഞ്ഞത്. ടാ തടിയാ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ ഹോട്ടൽ മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിറ്റേ ദിവസം ലൊക്കേഷനിൽ വച്ച് ദേഷ്യപ്പെട്ടുവെന്നുംമിനു ആരോപിച്ചു.
അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലാത്തതിനാൽ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു. സിനിമയിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാൻ താൻ നിർബന്ധിതയായി- മിനു പറയുന്നു.
പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യാർഥന നടത്തിയ യുവാവിന് രണ്ടുവർഷം തടവ്. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് 24 വയസ്സുകാരനു രണ്ടുവർഷം തടവുവിധിച്ചത്. 2019ലാണ് കേസിനാസ്‌പദമായ സംഭവം.
വീടിനടുത്തുള്ള കടയിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതിയായ യുവാവ് തടഞ്ഞുനിർത്തുകയും കൈയിൽ പിടിച്ച് പ്രണയാഭ്യാർഥന നടത്തിയെന്നുമാണ് പെൺകുട്ടിയുടെ അമ്മ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. പ്രതിയായ യുവാവിന് അന്ന് 19 വയസ്സായിരുന്നു. സംഭവത്തെത്തുടർന്ന് ഭയന്ന പെൺകുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി വിവരം പറഞ്ഞുവെന്നും അമ്മയുടെ പരാതിയിൽ പറയുന്നു.
പെൺകുട്ടിയെ തടഞ്ഞുനിർത്തി യുവാവ് പറഞ്ഞ വാക്കുകൾ കുട്ടിയുടെ മാനത്തെ ഹനിക്കുന്നതാണെന്ന് ശിക്ഷ വിധിച്ച പോക്സോ കോടതി ജഡ്‌ജി അശ്വിനി ലോഖണ്ഡെ നിരീക്ഷിച്ചു. സംഭവം ചോദിക്കാൻ പോയ പെൺകുട്ടിയുടെ അമ്മയെ 'നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളൂ' എന്നു പറഞ്ഞു പ്രതി ഭീഷണിപ്പെടുത്തിയെന്നും ജഡ്‌ജി വിധിന്യായത്തിൽ പറഞ്ഞു. ക്രിമിനൽ നിയമപ്രകാരമാണ് യുവാവിന് തടവുശിക്ഷ വിധിച്ചത്. അതേസമയം യുവാവിനെതിരെ പോക്‌സോ വകുപ്പുകൾ ചുമത്താൻ കോടതി തയാറായില്ല.
പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതക കേസ് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. പ്രതിയുടെ മനഃശാസ്ത്ര ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച സുപ്രീം കോടതി ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അതേ കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് പരാമർശം. മനശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളേജ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മലപ്പുറം കോട്ടക്കലിൽ വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടിൽ കയറി മർദ്ദിച്ചു. കേസിൽ മധ്യവയ്സകൻ്റെ അയൽക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റിൽ. ആക്രമണത്തിനിരയായ ആളുടെ അയൽവാസികൂടിയായ തയ്യിൽ അബ്‌ദു, ഇയാളുടെ മകൻ നാഫി ഇവരുടെ ബന്ധു ജാഫർ എന്നിവരാണ് അറസ്റ്റിലായത്.
ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയാണ് മർദനത്തിനിരയായത്. വീട്ടിൽ നിന്നും വിളിച്ചിറക്കി മണിക്കൂറുകളോളം വിചാരണ നടത്തിയാണ് ഇദ്ദേഹത്തെ മർദ്ദിച്ചത്. ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
പ്ലസ്‌ടു വിദ്യാർഥിനിയായ മകളോട് മോശമായി പെരുമാറിയ ആളെ തടയാനെത്തിയ മാതാവിനു നേരെയും കയ്യേറ്റശ്രമമുണ്ടായി. ബസിൽ നേരിട്ട ദുരനുഭവം മകൾ ഫോണിലൂടെ പറഞ്ഞതനുസരിച്ച് എത്തിയ അമ്മ പ്രതിയോട് കാര്യം തിരക്കിയപ്പോൾ ഇയാൾ ഇവരെയും ഉപദ്രവിക്കാൻ ശ്രമിച്ചു. തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും അക്രമിയുടെ മൂക്കിന്റെ അസ്ഥി വിദ്യാർഥിനിയുടെ അമ്മ അടിച്ചു തകർക്കുകയുമായിരുന്നു.
മുണ്ടപ്പള്ളി തറയിൽ പുത്തൻവീട്ടിൽ രാധാകൃഷ്‌ണപിള്ള (59) പൊലീസ് പിടിയിലായി. പ്രതിയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് അമ്മയ്ക്കെതിരെയും കേസെടുത്തു. നെല്ലിമുകൾ ജംക്ഷനിൽ ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം നടന്നത്.
സ്കൂളിൽനിന്ന് ബസിൽ വീട്ടിലേക്ക് വരികയായിരുന്ന പതിനേഴുകാരിയോടാണ് രാധാകൃഷ്ണപിള്ള മോശമായി പെരുമാറിയത്. പെൺകുട്ടി മാതാവിനെ വിളിച്ച് വിവരം പറഞ്ഞു. സ്‌ഥലത്തെത്തിയ മാതാവ് തൊട്ടടുത്ത കടയിൽനിന്ന പ്രതിയോട് കാര്യം തിരക്കിയപ്പോൾ ഇയാൾ മാതാവിനെയും ഉപദ്രവിക്കാൻ ശ്രമിച്ചു.
തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അടിയിൽ പ്രതിയുടെ മൂക്കിൻ്റെ അസ്‌ഥിക്ക് പൊട്ടലുണ്ടായതായി പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോക്സോ കേസ് റജിസ്‌റ്റർ ചെയ്തു.
ജയയുടെ അച്ഛൻ്റെ സഹോദരിയുടെ മകൾ പ്രിയങ്കയുടെ രണ്ടാംഭർത്താവാണ് സജീഷ്. വീട്ടിലേക്കുള്ള വഴിയിലൂടെ ഓട്ടോ ഓടിക്കുന്നതിനെ ചൊല്ലിയും ആദ്യ വിവാഹത്തിലെ കുട്ടികളെ ഉപദ്രവിക്കുന്നതിന്റെ പേരിലും ജയയും സജീഷും തമ്മിൽ കലഹം പതിവായിരുന്നു.
ജയയുടെ അഹങ്കാരം അവസാനിപ്പിക്കുമെന്നും ഒരു പാഠം പഠിപ്പിക്കുമെന്നും പറഞ്ഞാണ് സജീഷ് ക്വട്ടേഷൻ കൊടുക്കുന്നത്. സജീഷിന് ഒത്താശ ചെയ്‌തതിനാണ് പ്രിയങ്കയും സജീഷിൻ്റെ സുഹൃത്തും സഹായിയുമൊക്കെയായ വിധുൻദേവും പിടിയിലായത്.
സംഭവത്തിൽ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ക്രൂരമർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജയ സ്വകാര്യആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. വനിതാകമ്മീഷൻ ജയയെ ആശുപത്രിയിൽ സന്ദർശിച്ചു.
Labels
Popular Posts
-
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സന്തുഷ്ടനാണെങ്കിലും ഭാവിയില്‍ ക്ലബ്ബ് വിടാനുള്ള സാധ്യതയും ഹാളണ്ട് തള്ളിക്കളഞ്ഞില്ല. കോപ്പഹേഗന്‍ : ലോക ഫുട്ബോളിലെ...
-
ഇപ്പോള്‍ 30 വയസായ പോഗ്ബയ്ക്ക് നാല് വര്‍ഷത്തിന് ശേഷം ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കും. 2018ല്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീ...
-
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആദ്യ ഘട്ടത്തില്‍ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്ന...
-
പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ദീർഘകാല ആവശ്യം ഈ വർഷം കേന്ദ്രം പരിഗണിച്ചേക്കും. വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണ...
-
44 കന്നഡ ഭാഷാ പുസ്തകങ്ങളിലും 70 സാമൂഹിക ശാസ്ത്ര പുസ്തകങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പാഠപുസ്തകങ്ങൾ(Text books) പരിഷ്കരിക്കുന്നതിന്...