BREAKING NEWS
latest

728x90

header-ad

468x60

header-ad

International

International
Showing posts with label Health. Show all posts
Showing posts with label Health. Show all posts

സൗജന്യ രോഗ / സർജറി നിർണ്ണയ ക്യാമ്പുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി


 കാഞ്ഞിരപ്പളളി: മേരീക്വീൻസ് ജനറൽ & ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 5, 6, 7 തീയ്യതികളിൽ സൗജന്യ വെരിക്കോസ് വെയിന്‍, പൈൽസ്, ഹെർണിയ, തൈറോയിഡ്  രോഗ / സർജറി നിർണ്ണയ ക്യാമ്പ് നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായി ലഭ്യമാകും. 


കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്, കോളോണോസ്‌കോപ്പിക്ക് 10% നിരക്കിളവ് എന്നിവയും ലഭ്യമാകും. സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവും ലഭ്യമാകും. ക്യാമ്പിന് ഡോ. റോബിൻ കുര്യൻ പേഴുംകാട്ടിൽ മേൽനോട്ടം വഹിക്കും. മുൻകൂർ ബുക്കിംഗ് സേവനത്തിനായി +91 8281001025 എന്ന നമ്പറിൽ ബന്ധപ്പെടുക




പൂർണമായി വേവിക്കാത്ത പന്നിയിറച്ചി കഴിച്ചു; അണുബാധയേറ്റയാളുടെ ഭയപ്പെടുത്തുന്ന ചിത്രം പങ്കുവെച്ച് ഡോക്‌ടർ

 


പൂർണമായി വേവിക്കാത്ത പന്നിയിറച്ചി കഴിച്ച് അണുബാധയേറ്റയാളുടെ സി.ടി. സ്കാൻ ചിത്രം പങ്കുവെച്ച് ഡോക്‌ടർ. ഫ്ലോറിഡ എമർജൻസി ഡിപ്പാർട്‌മെന്റിൽ നിന്നുള്ള ഡോക്ടറാണ് ഭയപ്പെടുത്തുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. വേവിക്കാത്ത പന്നിയിറച്ചി കഴിച്ച രോഗിയുടെ കാലുകളിൽ ഗുരുതരമായ രീതിയിൽ പാരസൈറ്റ് ഇൻഫെക്ഷൻ ബാധിച്ചതാണ് സി.ടി. സ്കാനിലുള്ളത്.


എമർജൻസി ഫിസിഷ്യനായ ഡോ. സാം ഗാലിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. രോഗസ്ഥിരീകരണം നടത്താമോ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം ആദ്യം ചിത്രം പോസ്റ്റ് ചെയ്‌തത്. പിന്നാലെ രോഗിയെ ബാധിച്ചത് സിസ്റ്റിസിർകോസിസ് എന്ന പാരസൈറ്റ് ഇൻഫെക്ഷനാണെന്നും ഡോക്‌ടർ കുറിച്ചു. ടീനിയ സോലിയം എന്ന നാടവിരയിലെ മുട്ടകളിൽ നിന്നാണ് അണുബാധയുണ്ടാകുന്നത്. പന്നിയിറച്ചി നന്നായി വേവിക്കാത്തതുമൂലം അതിലുള്ള നാടവിരയിലെ ലാർവൽ സിസ്റ്റുകൾ ശരീരത്തിലെത്തിയാണ് അണുബാധയുണ്ടാകുന്നത്.



ഇവ ശരീരത്തിലെത്തി അഞ്ചുമുതൽ പന്ത്രണ്ട് ആഴ്‌ചകൾക്കുള്ളിൽ ദഹനനാളത്തിൽ വച്ചുതന്നെ പൂർണവളർച്ചയെത്തിയ നാടവിരകളായി മാറുന്നു. ഇവ പിന്നീട് മുട്ടകൾ ഉത്പാദിപ്പിക്കുകയും മനുഷ്യവിസർജത്തിലൂടെ പുറന്തള്ളുകയും ചെയ്യും. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുക വഴിമാത്രമേ ഇവ സിസ്റ്റിസിർകോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകൂ എന്നും ഡോക്ടർ കുറിക്കുന്നു. ഈ മുട്ടകളിൽ നിന്ന് പിന്നീട് ലാർവകൾ പുറന്തള്ളപ്പെടുകയും അത് കുടൽഭിത്തിയിൽ തുളച്ചുകയറി രക്തപ്രവാഹത്തിലേക്കും ശരീരത്തിൻ്റെ മറ്റുഭാ ഗത്തിലേക്കും പ്രവഹിക്കുകയും ചെയ്യും.



ഈ ലാർവകൾ മസ്‌തിഷ്‌കത്തിലെത്തി സിസ്റ്റുകൾ രൂപപ്പെടുമ്പോൾ ന്യൂറോസിസ്റ്റിസിർകോസിസ് എന്ന അവസ്ഥയാകുന്നു. തലവേദന, ആശയക്കുഴപ്പം, ചുഴലി തുടങ്ങി പലവിധ നാഡീസംബന്ധമായ രോഗങ്ങൾക്കും ഇത് കാരണമാകാം.



പലപ്പോഴും സിസ്റ്റിസിർകോസിസിൻ്റെ രോഗസ്ഥിരീകരണം വൈകുന്നതാണ് പ്രധാനവെല്ലുവിളിയെന്നും ഡോ. സാം കുറിക്കുന്നു. പലരും ഗുരുതരാവസ്ഥയിലെത്തിയതിനുശേഷമാകും ആശുപത്രികളിലെത്തുക. ഓരോവർഷവും അമ്പതുദശലക്ഷം പേർ ഈ അണുബാധയ്ക്ക് ഇരകളാകുന്നുണ്ടെന്നും അതിൽ 50,000 പേർ മരണപ്പെടുന്നുണ്ടെന്നും ഡോ. സാം കുറിക്കുന്നു. 


ആന്റി പാരസൈറ്റിക് തെറാപ്പി, സ്റ്റിറോയ്‌ഡുകൾ, ആൻ്റി എപിലെപ്റ്റിക‌്, ശസ്ത്രക്രിയയിലൂടെയുള്ള നീക്കംചെയ്യൽ തുടങ്ങിയവയാണ് പ്രധാന ചികിത്സാരീതികൾ. തുടർന്ന് ഇത്തരം അണുബാധ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളേക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. പരമാവധി ശുചിത്വം പാലിക്കുക, കൈകൾ വൃത്തിയായി കഴുകുക, വേവിക്കാത്ത പന്നിയിറച്ചി ഒരിക്കലും കഴിക്കാതിരിക്കുക എന്നിവയാണ് അതിൽ പ്രധാനമെന്നും അദ്ദേഹം കുറിക്കുന്നു.




വർദ്ധിക്കുന്ന ഹൃദയാഘാതങ്ങൾക്ക് പിന്നിൽ കോവിഡ് വാക്‌സിനല്ല, കോവിഡ് വൈറസാണ് - പുതിയ പഠനം


അടുത്തിടെയായി വർധിക്കുന്ന ഹൃദയാഘാതങ്ങൾക്കും മറ്റു ഹൃദ്രോഗങ്ങൾക്കും പിന്നിൽ കോവിഡ് വാക്‌സിനാണെന്ന് ധരിക്കുന്നവർ നിരവധിയുണ്ട്. എന്നാൽ കോവിഡ് വൈറസാണ് പ്രധാന വില്ലനെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. മയോകാർഡൈറ്റിസ് പോലുള്ള കേസുകൾ വർധിക്കുന്നതിൽ കോവിഡ് വൈറസാണ് പ്രധാന കാരണമെന്നാണ് പഠനത്തിൽ പറയുന്നത്.


ജാമാ നെറ്റ്വർക്ക് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്രാൻസിലെ വേഴ്‌സായി സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. എപിഡെമിയോളജി& പബ്ലിക് ഹെൽത്ത് വിഭാഗം പ്രൊഫസറായ ഡോ. മഹ്മൂദ് സുറെകിൻ്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. തുടർന്നാണ് ഹൃദയപേശികൾക്ക് വീക്കം സംഭവിക്കുന്ന മയോകാർഡൈറ്റിസ് പോലുള്ള അവസ്ഥയ്ക്ക് കോവിഡ് വൈറസാണ് പ്രധാനകാരണമാകുന്നതെന്ന് കണ്ടെത്തിയത്.



മയോകാർഡൈറ്റിസിന് ചികിത്സയിൽ കഴിഞ്ഞിരുന്ന പന്ത്രണ്ടിനും നാൽപത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 2020 ഡിസംബർ മുതൽ 2022 ജൂൺ വരെ നീണ്ട പഠനത്തിനൊടുവിലാണ് വിലയിരുത്തലിലെത്തിയത്. പഠനത്തിൽ പങ്കാളികളായവരെ പ്രധാനമായും മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു. വാക്സിനേഷനു ശേഷം ഏഴുദിവസങ്ങൾക്കുള്ളിൽ മയോകാർഡൈറ്റിസ് ഉണ്ടായവർ, കോവിഡ് ബാധിച്ച് മുപ്പതുദിവസത്തിനുള്ളിൽ മയോകാർഡൈറ്റിസ് ബാധിച്ച വാക്സിനെടുക്കാത്തവർ, മറ്റുകാരണങ്ങളാൽ മയോകാർഡൈറ്റിസ് ഉണ്ടായവർ എന്നിങ്ങനെയാണ് തരംതിരിച്ചത്.



പതിനെട്ടുമാസത്തോളം മൂന്നുവിഭാഗത്തെയും സൂക്ഷ്‌മമായി നിരീക്ഷിച്ചു. തുടർന്നാണ് വാക്‌സിൻ മൂലമുള്ള മയോകാർഡൈറ്റിസ് സാധ്യതയും അതുമൂലമുള്ള സങ്കീർണതകളും വളരെ വളരെ കുറവായിരുന്നുവെന്നും എന്നാൽ കോവിഡ് 19 മയോകാർഡൈറ്റിസിനുമപ്പുറമുള്ള ഹൃദ്രോ ഗങ്ങൾക്കുവരെ കാരണമാകുന്നുണ്ടെന്നും കണ്ടെത്തിയത്. വാക്‌സിനേഷനു ശേഷം സ്ഥിരീകരിച്ച മയോകാർഡൈറ്റിസിന് കോവിഡിനുശേഷമുള്ള മയോകാർഡൈറ്റിസിനേക്കാൾ ഗുരുതരാവസ്ഥ കുറവായിരുന്നുവെന്നും ഗവേഷകർ കണ്ടെത്തി.



കോഴിക്കോട് ഒരു കുട്ടിക്കു കൂടി അമീബിക് മസ്‌തിഷ്ക ജ്വരം; നാലു വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്

 


സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു കുട്ടിക്കു കൂടി അമീബിക് മസ്‌തിഷ്ക ജ്വരം സ്‌ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരനാണ് പുതുച്ചേരിയിൽ നടത്തിയ പരിശോധനയിൽ രോഗം സ്‌ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിൽ ഈ കുട്ടിക്ക് അമീബിക് മസ്ത‌ിഷ്ക ജ്വരം സ്‌ഥിരീകരിച്ചിരുന്നു. നേരത്തെ തന്നെ ചികിത്സ ആരംഭിച്ചിരുന്നതിനാൽ അപകടനില തരണം ചെയ്തു. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജർമനിയിൽ നിന്നെത്തിച്ച മിൽറ്റിഫോസിൻ എന്ന മരുന്നുൾപ്പെടെയാണ് നൽകുന്നത്.



നിലവിൽ രണ്ടു കുട്ടികളാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലുള്ളത്. ഇതിൽ കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരൻ വെൻ്റിലേറ്ററിൽ തുടരുകയാണ്. പയ്യോളി സ്വദേശിയായ പതിനാലുകാരൻ കഴിഞ്ഞയാഴ്‌ച രോഗമുക്തി നേടിയിരുന്നു. അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച ശേഷം രോഗമുക്തി നേടിയ ഇന്ത്യയിലെ ആദ്യ സംഭവമായിരുന്നു ഇത്. ഈ വർഷം അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മൂന്നു കുട്ടികളാണ് മരിച്ചത്. മേയ് 21ന് മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ചുവയസുകാരിയും ജൂൺ 16ന് കണ്ണൂർ സ്വദേശിയായ പതിമൂന്നുകാരിയും ജൂലൈ മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശിയായ പന്ത്രണ്ടു വയസുകാരനുമാണ് മരിച്ചത്.



ഹൈറിസ്ക് പട്ടികയിൽ 101 പേർ, തിരുവനന്തപുരത്തെ 4 പേർ സമ്പർക്ക പട്ടികയിൽ, മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി

നിപ വൈറസ് ബാധയെ തുടർന്ന് 14കാരൻ മരിച്ച സാഹചര്യത്തിൽ ഇന്ന് 13 പേരുടെ സാമ്പിളുകൾ പരിശോധിക്കും. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക. മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 350 പേരാണുള്ളത്. ഹൈറിസ്ക് പട്ടികയിൽ 101 പേരുണ്ട്. 68 പേർ ആരോഗ്യപ്രവർത്തകരാണ്. മലപ്പുറത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. പൊതുസ്ഥലത്ത് എല്ലാവരും മാസ്ക് ധരിക്കണമെന്നാണ് നിർദേശം.

തിരുവനന്തപുരത്തെ നാല് പേർ സമ്പർക്ക പട്ടികയിലുണ്ട്. കുട്ടി ചികിത്സക്ക് വന്ന ആശുപത്രിയിൽ ഇതേ സമയം ഇവർ വന്നിരുന്നു. മൂന്നംഗ കുടുംബവും ഡ്രൈവറുമാണുള്ളത്. മലപ്പുറം തുവ്വൂരിൽ പനിയുണ്ടായിരുന്ന യുവാവ് മരിച്ചതിന്‍റെ കാരണം പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. മൃഗങ്ങളുടെ സാമ്പിളുകൾ എടുക്കും. മരിച്ച കുട്ടിയുടെ സഹപാഠികൾക്ക് കൗൺസിലിംഗ് നൽകും. 

അതിനിടെ നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യ വകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്നും നിർദേശിച്ചു.

അമീബിക് മസ്‌തിഷ്‌ക ജ്വരം; വിദേശത്തുനിന്ന് ഒരു മരുന്നു കൂടി, കുട്ടിയുടെ നില തൃപ്തികരം

 


അമീബിക് മസ്‌തിഷ്‌ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചു. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന മിൽട്ടിഫോസിനാണ് എത്തിച്ചത്. ഇതോടെ 7 ഇനം മരുന്നുകൾ ചികിത്സയ്ക്കായി ഉപയോഗിക്കാൻ തുടങ്ങി. ബുധനാഴ്‌ച രാത്രിയിൽ മരിച്ച മൃദുലിന് ഈ മരുന്ന് നൽകിയെങ്കിലും രോഗം കൂടിയതിനാൽ പ്രതീക്ഷിച്ച ഫലമുണ്ടായില്ല.


നിലവിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം സംശയിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ഒരു കുട്ടിക്ക് രോഗം ഇല്ലെന്നാണ് സൂചന. സ്വകാര്യ ആശുപത്രിയിലെ കുട്ടി ചികിത്സയോട് നല്ല രീതിയിൽ പ്രതികരിക്കുന്നുമുണ്ട്.



അത്യപൂർവമായ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് 3 കുട്ടികളാണ് കോഴിക്കോട്ടെ ആശുപത്രികളിൽ ഒന്നര മാസത്തിനിടെ മരിച്ചത്. ഫറോക്ക് സ്വദേശിയായ മൃദുൽ (12) ബുധനാഴ്ച രാത്രിയാണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ ദക്ഷിണ (13), മലപ്പുറം മുന്നിയൂർ സ്വദേശി ഫദ്വ (5) എന്നിവരാണ് മുൻപ് മരിച്ചത്.



കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കാണപ്പെടുന്ന 'ബ്രെയിൻ ഈറ്റർ' എന്ന പേരിൽ അറിയപ്പെടുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത്. തലച്ചോറിനെയാണ് ബാധിക്കുക. പതിനായിരത്തിൽ ഒരാൾക്ക് പിടിപെടുന്ന അത്യപൂർവ രോഗമാണിത്. അമീബ ബാധിച്ചാൽ മരുന്നുകളോട് കാര്യമായി പ്രതികരിക്കില്ല എന്നതാണ് പ്രധാന വെല്ലുവിളി.



അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്;ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി.

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ ജോർജ്. 
അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.

മൂക്കിനെയും മസ്തിഷ്‌ക്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. അതിനാൽ ചെവിയിൽ പഴുപ്പുള്ള കുട്ടികൾ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാൻ പാടില്ല. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പകർച്ചവ്യാധി പ്രതിരോധം: ജൂലൈ മാസത്തേക്ക് പ്രത്യേക ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ് .

പകർച്ചവ്യാധി പ്രതിരോധത്തിൻ്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ചവ്യാധി പ്രതിരോധത്തിനും മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനുമാണ് ആക്ഷൻ പ്ലാൻ രൂപീകരിക്കുന്നത്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണം. 
ജലദോഷം, വൈറൽ പനികൾ, ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതൽ കാണുന്നത്. കുട്ടികളിലെ പനി ശ്രദ്ധിക്കണം. അസുഖമുള്ള കുട്ടികളെ സ്‌കൂളിൽ അയയ്ക്കരുത്. കൃത്യമായ ചികിത്സയും വിശ്രമവും ഉറപ്പാക്കണം. സ്വയംചികിത്സ പാടില്ല. നീണ്ടു നിൽക്കുന്ന പനിയോ അപായ സൂചനകളായ പനിയോട് കൂടിയ ശ്വാസതടസ്സം, അമിത നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിത ക്ഷീണം എന്നിവ ഉണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി. പക്ഷിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണം. ചത്ത മൃഗങ്ങളെയും പക്ഷികളെയും സുരക്ഷാ മുൻകരുതലുകളില്ലാതെ കൈ കൊണ്ടെടുക്കരുത്. ആരോഗ്യവകുപ്പ് മൃഗസംരക്ഷണ വകുപ്പുമായി യോഗം ചേർന്നിരുന്നു. രണ്ടര ലക്ഷത്തോളം വൺ ഹെൽത്ത് കമ്മ്യൂണിറ്റി വോളന്റിയർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. വളർത്തു മൃഗങ്ങളെയും പക്ഷികളെയും വളർത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ചത്ത പക്ഷികളെയോ മൃഗങ്ങളെയോ കൈകാര്യം ചെയ്തവർക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണ്.
മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങളിലൂടെ ഇൻഫ്ളുവൻസ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. എച്ച്.1 എൻ.1 കേസുകൾ കൂടുന്നതിനാൽ ഇത് പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ആശുപത്രി സന്ദർശകർ നിർബന്ധമായും മാസ്‌ക് വയ്ക്കണം. രോഗികളല്ലാത്തവർ പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കണം. ജലദോഷമുള്ളവർ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. ഗർഭിണികൾ, അനുബന്ധ രോഗമുള്ളവർ, പ്രായമായവർ എന്നിവർ മാസ്‌ക് ഉപയോഗിക്കണം.

എലിപ്പനിയ്ക്കെതിരെ ജാഗ്രത പുലർത്തണം. മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണം. കൈകാലുകളിൽ മുറിവുകളുള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യണം. മണ്ണ്, ജലം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലെടുക്കുന്നവർ ബൂട്ട്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ മുൻകരുതലുകളെടുക്കണം. മലിന ജലത്തിലിറങ്ങിയവർ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും കഴിക്കേണ്ടതാണ്.

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണം. കേരളത്തിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.

ആരോഗ്യ സംവിധാനം സജ്ജമായിരിക്കണം. ജില്ലാ മെഡിക്കൽ ഓഫീസർമാർ ജില്ലകളുടെ മാപ്പിംഗ് നടത്തി ഇടപെടൽ നടത്തണം. ജീവനക്കാരുടെ എണ്ണവും ലാബ് സൗകര്യവും ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികൾ കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണം. ഡെങ്കി കേസുകൾ എത്രയും നേരത്തെ കണ്ടെത്തി ചികിത്സിക്കണം. ആശുപത്രികൾ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കണം. ആശുപത്രികളിൽ മരുന്നിന്റെ ലഭ്യത ഉറപ്പാക്കണം. ക്യാമ്പുകളും പ്രത്യേകം ശ്രദ്ധിക്കണം.

എഴുപത് വയസിനു മുകളിൽ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരർക്കും ആരോഗ്യ പരിരക്ഷ - ദ്രൗപദി മുർമു


 കേന്ദ്ര സർക്കാരിൻ്റെ ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ എഴുപത് വയസിനു മുകളിൽ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരർക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അറിയിച്ചു. പാർലമെൻ്റിൻ്റെ ഇരുസഭകളുടേയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.



രാജ്യത്തുടനീളം 25,000 ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ആയുഷ്‌മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ സൗജന്യ ആരോഗ്യ സേവനങ്ങൾ രാജ്യത്തെ 55 കോടിയോളം ജനങ്ങൾക്ക് ലഭ്യമാകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.



ലോകത്തെ ഏറ്റവും വലിയ പൊതുജനനിക്ഷേപ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്‌മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന. ഓരോ കുടുംബത്തിനും പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഈ സേവനത്തിന്റെ ഗുണഫലം 12 കോടിയോളം കുടുംബങ്ങൾക്ക് ലഭിക്കും.









കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിലെ രോഗബാധ; രോഗ ലക്ഷണങ്ങൾ കണ്ടത് 441 പേർക്ക്.

കൊച്ചി ഡിഎല്‍എഫ് ഫ്ലാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന നിരവധി പേര്‍ക്ക് വയറിളക്കവും ഛര്‍ദിയും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായ സംഭവത്തിൽ നടപടികളുമായി ആരോഗ്യ വകുപ്പ്. 
രോഗലക്ഷണങ്ങൾ കണ്ടവർക്ക് ചികിത്സ ഉറപ്പാക്കാനുള്ള സൗകര്യങ്ങൾ തൃക്കാക്കരയിൽ പൂർത്തിയാക്കി. ഫ്ലാറ്റിൽ എത്തുന്ന വെള്ളം സൂപ്പർ ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

ഇത് ഗൗരവമേറിയ വിഷയമാണെന്നും പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം തുടർനടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്ച ഫ്‌ളാറ്റിലുള്ള ഒരാൾ സർക്കാർ ഹെൽപ്പ് ലൈനിലേക്ക് വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. ഉടൻ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറെ വിളിച്ച് ഇടപെടാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

വെള്ളത്തിന്‍റെ പരിശോധന ഫലം ലഭിച്ച ഉടൻ തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. അസുഖബാധിതരായി നിലവിൽ ഫ്ലാറ്റിൽ താമസിക്കുന്ന 5 പേർ കൊച്ചിയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രോഗ പകർച്ചയും വ്യാപനവും തടയാനായി ഫിൽറ്റർ ചെയ്ത വെള്ളമായാലും തിളപ്പിച്ച്‌ ആറിയതിന് ശേഷം മാത്രം കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ നിർദേശം.

അതേസമയം, വെള്ളത്തിന്‍റെ സാമ്പിൾ പരിശോധന ഫലം വൈകുമെന്നാണ് വിവരം. ഇന്നലെ ഉച്ചയ്ക്ക് ശേഷം പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിൽ എത്തിച്ചത്. പരിശോധന നടത്താൻ 48 മുതൽ 72 മണിക്കൂർ സമയം വേണമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഫ്ലാറ്റിൽ രണ്ടാഴ്ചക്കുള്ളിൽ 441 പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടത്.

പക്ഷിപ്പനി ബാധിച്ച്‌ മനുഷ്യൻ മരിച്ചു; സ്ഥിരീകരിച്ച്‌ ലോകാരോഗ്യ സംഘടന.

ലോകത്തില്‍ ആദ്യമായി പക്ഷിപ്പനി ബാധിച്ച്‌ മനുഷ്യന്‍ മരിച്ചതായി സ്ഥിരീകരിച്ച്‌ ലോകാരോഗ്യ സംഘടന. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 24ന് മെക്‌സികോയില്‍ മരിച്ച 59കാരന് പക്ഷിപ്പനിയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

വൈറസ് ബാധിച്ചതിന്റെ ഉറവിടം അജ്ഞാതമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സാധാരണ മനുഷ്യര്‍ക്ക് പക്ഷിപ്പനി വൈറസിന്റെ പടരുന്നതിനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്‍ഫ്‌ലുവന്‍സ എ വൈറസ് ബാധ, ആദ്യമായി ലബോറട്ടറിയില്‍ സ്ഥിരീകരിച്ച മനുഷ്യനാണ് മരിച്ചതെന്ന് ഡബ്ല്യൂഎച്ച്‌ഒയുടെ പ്രസ്താവനയില്‍ പറയുന്നു. പനി, ശ്വാസതടസ്സം, വയറിളക്കം, ഓക്കാനം, തുടങ്ങിയ രോഗലക്ഷണങ്ങളുമായി മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 59 കാരനാണ് മരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

എന്താണ് എഡിഎച്ച്‌ഡി; അത് എങ്ങനെ മാറ്റിയെടുക്കാം?....


നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തകരാറാണിത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരുന്ന 'ഇൻഅറ്റൻഷൻ', ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്തുചാടി ചെയ്യുന്ന 'ഇംപള്‍സിവിറ്റി', ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന 'ഹൈപ്പർ ആക്ടിവിറ്റി' എന്നിവയാണ് എഡിഎച്ച്‌ഡിയുടെ മുഖമുദ്ര. 
അമിതമായ ശാരീരിക പ്രവർത്തനങ്ങള്‍, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക, മറവി, സമയക്ലിപ്തത ഇല്ലായ്മ, ചില കാര്യങ്ങളില്‍ അമിതമായ ഊന്നല്‍, അലഞ്ഞു നടക്കുന്ന മനസ് തുടങ്ങിയവയെല്ലാം ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്.
തലച്ചോറിലെ ഡോപമിന്റെ അളവില്‍ കുറവുണ്ടാകുകയും മസ്തിഷ്കത്തിലെ ഇരു അർദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്ബോഴാണ് എഡിഎച്ച്‌ഡി എന്ന മാനസികാവസ്ഥയുണ്ടാവുന്നത്. ഇത്തരക്കാരെ കൃത്യമായി ചികില്‍സിക്കാത്തപക്ഷം കുട്ടികള്‍ ഇന്റർനെറ്റ്, മൊബൈല്‍ തുടങ്ങിയ സ്വഭാവ സംബന്ധമായ അടിമത്തങ്ങളില്‍ ചെന്നു ചാടാനും പിന്നീട് ലഹരിവസ്തു അടിമത്തത്തിലേക്കും അപകടകരമായ സ്വഭാവരീതികളിലേക്കും അമിത ലൈംഗിക പരീക്ഷണങ്ങളടക്കമുള്ള രീതികളിലേക്കും പോകാനും സാധ്യത കൂടുതലാണ്. 

അതിനാല്‍ വികൃതി കൂടുതലാണെന്ന് സ്വയം തീരുമാനിക്കാതെ കുട്ടിക്കാലത്തുതന്നെ എഡിഎച്ച്‌ഡി കണ്ടെത്തി ചികിത്സിച്ചാല്‍ ഭാവിയില്‍ ഇവർ ലഹരിക്കും സ്വഭാവസംബന്ധമായ അടിമത്തങ്ങള്‍ക്കും വിധേയരാവുന്നത് തടയാൻ സാധിക്കും.
എഡിഎച്ച്‌ഡി വരാനുള്ള കാരണങ്ങള്‍ ഇന്നും അജ്ഞാതമാണെങ്കിലും നമ്മുടെ ജനിതകപരമായ ഘടകങ്ങള്‍ക്ക് ഇതില്‍ പ്രധാന പങ്കുണ്ടെന്ന് കരുതുന്നു. തലച്ചോറിന് വരുന്ന പരിക്കുകള്‍, മാസം തികയാതെയുള്ള ജനനം, ജനന സമയത്തെ കുറഞ്ഞ ഭാരം എന്നിവയും എഡിഎച്ച്‌ഡി സാധ്യത കൂട്ടുന്നു. എഡിഎച്ച്‌ഡി കണ്ടെത്തുന്നതിനായി ഒന്നിലധികം പരിശോധനകള്‍ നടത്തണം. ബിഹേവിയർ തെറാപ്പിയും മരുന്നുകളും ഉള്‍പ്പെട്ടതാണ് ചികിത്സ.

തൃശ്ശൂര്‍ അശ്വിനി ആശുപത്രിയിലെ ഐസിയുവിലടക്കം വെള്ളം കയറാനുണ്ടായ സാഹചര്യം;വിശദീകരണം തേടുമെന്ന് കളക്ടര്‍.

സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗത കുരുക്കും. തൃശൂർ ജില്ല ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. അശ്വിനി ആശുപത്രിയിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. അശ്വിനി ആശുപത്രിയുടെ ഐസിയുവില്‍ വരെയാണ് വെള്ളമെത്തിയത്. 
ഇന്നലെ പെയ്ത കനത്ത മഴയിൽ അപ്രതീക്ഷിതമായി വെള്ളക്കെട്ട് ഉണ്ടായ വിഷയത്തിൽ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ പറഞ്ഞു. ഓട വൃത്തിയാക്കുന്നതിന് തെരഞ്ഞെടുപ്പ് തടസ്സമായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് കോർപ്പറേഷൻ സെക്രട്ടറിയോട് വിശദീകരണം തേടും. തൃശൂർ ജില്ലയിൽ 7 വീടുകൾ ഭാഗീകമായി തകർന്നു. മഴ വെള്ളം ഒഴുകിപ്പോകാൻ ആവശ്യമെങ്കിൽ ഏമ്മാക്കൽ ബണ്ട് തുറക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

ഇന്നലെ തൃശ്ശൂര്‍ അശ്വിനി ആശുപത്രിയിലെ ഐസിയുവിലടക്കം വെള്ളം കയറാനുണ്ടായ സാഹചര്യം എന്താണെന്നാണ് കളക്ടര്‍ പരിശോധിക്കുന്നത്. അതേസമയം മുനയം ബണ്ട് തുറന്നിട്ടുണ്ട്. മഴക്കെടുതിയിൽ തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപം മണ്ണിടിച്ചിലുണ്ടായി. ഇന്ന് പുലർച്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചു വിട്ടിരുന്നു. ഇവിടെ മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തൃശ്ശൂർ ചേറ്റുപുഴ റോഡിൽ ഒരു വലിയ മാവ് കടപുഴകി വീണു. പുലർച്ചെ നാലിന് റോഡിനു കുറുകെ 11 കെവി ലൈനിനു മുകളിലേക്കാണ് വീണത്. തൃശ്ശൂർ അഗ്നിരക്ഷ നിലയത്തിൽ നിന്നുള്ള സംഘം മൂന്ന് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ മരം നീക്കം ചെയ്തു.

സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്ത കോവിഡ് വകഭേദം; കെപി1, കെപി2 എന്നിവ ഇന്ത്യയിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം.

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപിക്കുകയാണ്. കഴിഞ്ഞയാഴ്ച 26000 കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കയാണ്. ആരോഗ്യ മന്ത്രി ഓങ് യെ കുൻ പൊതുജനങ്ങളോട് മാസ്ക് ധരിക്കാൻ നിർദേശിച്ചു. ഓരോ ദിവസവും കേസുകള്‍ വർധിച്ചുവരുന്നുണ്ട്. തൊട്ടുമുൻപത്തെ ആഴ്ച 13,700 കേസുകളാണ് ഉണ്ടായിരുന്നത്. ജൂണില്‍ ഗണ്യമായി വർധിക്കുമെന്നാണ് വിലയിരുത്തല്‍.
സിംഗപ്പൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയതിനു പിന്നിലെ വൈറസ് വകഭേദമായ കെപി1, കെപി2 എന്നിവ ഇന്ത്യയിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവി‍‍‍ഡ് ബാധിതരായ മുന്നൂറിലേറെ പേരില്‍ ഈ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു.

ഇവയെല്ലാം ജെ.എൻ 1 വൈറസിെന്റ ഉപ വകഭേദങ്ങളാണെന്നും ആശുപത്രി വാസത്തിലും ഗുരുതരമായ കേസുകളിലും വർധനവില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. അതിനാല്‍, ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് 34 കെപി.1 കേസുകള്‍ കണ്ടെത്തിയത്. ഇതില്‍ 23 എണ്ണം പശ്ചിമ ബംഗാളിലാണ്. ഗോവ (ഒന്ന്), ഗുജറാത്ത് (രണ്ട്), ഹരിയാന (ഒന്ന്), മഹാരാഷ്ട്ര (നാല്), രാജസ്ഥാൻ (രണ്ട്), ഉത്തരാഖണ്ഡ് (ഒന്ന്) എന്നിവയാണ് മറ്റ് സംസ്ഥാനങ്ങളില്‍.

കെ.പി.2 കേസുകള്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്തത് -148. ഡല്‍ഹി (ഒന്ന്), ഗോവ (12), ഗുജറാത്ത് (23), ഹരിയാന (മൂന്ന്), കർണാടക (നാല്), മധ്യപ്രദേശ് (ഒന്ന്), ഒഡിഷ (17), രാജസ്ഥാൻ (21), ഉത്തർപ്രദേശ് (8), ഉത്തരാഖണ്ഡ് (16), പശ്ചിമ ബംഗാള്‍ (36) എന്നിവയാണ് കേസുകള്‍ റിപ്പോർട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങള്‍. മേയ് അഞ്ച് മുതല്‍ 11 വരെ 25,900ലധികം കോവിഡ് കേസുകളാണ് സിംഗപ്പൂരില്‍ കണ്ടെത്തിയത്. ഇതില്‍ മൂന്നില്‍ രണ്ട് കേസുകളും കെ.പി.1, കെ.പി.2 വകഭേദങ്ങളാണ്.

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ കൂടുതൽ ശക്തമായി തുടരുമെന്ന് ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
അതേസമയം 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട് ഉള്ളത്.

മെയ് 22 ന് ചില ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് 4 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിലും ഇന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. അടുത്ത മണിക്കൂറുകളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.

സൗജന്യ മുട്ട്, ഇടുപ്പ് മാറ്റിവെയ്ക്കൽ സർജറി നിർണ്ണയ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി



 കാഞ്ഞിരപ്പള്ളി: കാൽമുട്ട്‌, ഇടുപ്പ്‌, സന്ധികൾ എന്നിവയിൽ വേദന അനുഭവിക്കുന്നവർക്ക് സൗജന്യ രോഗ / ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ ജോയിൻ്റ് റീപ്ലേസ്മെന്റ് വിഭാഗം. 


2024 മെയ് 23, 24, 25 തീയതികളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ, ഡിജിറ്റൽ എക്സ് റേ എന്നിവ സൗജന്യമായി ലഭ്യമാകും. 


കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്. സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവ് എന്നിവയും ലഭ്യമാകും. ക്യാമ്പിന് ഓർത്തോപീഡിക്, ജോയിൻ്റ് റീപ്ലേസ്മെൻ്റ് & സ്പോർട്‌സ് ഇഞ്ചുറീസ് 'വിഭാഗം സീനിയർ കൺസൽട്ടൻ്റ് ഡോ. ബ്ലെസ്സിൻ എസ് ചെറിയാൻ മേൽനോട്ടം വഹിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്  മുൻകൂർ ബുക്കിംഗ് സൗകര്യം ലഭ്യമാണ്. ഫോൺ: +91 8281001025




കോഴിക്കോട് പതിമ്മൂന്നുകാരി പനി ബാധിച്ച് മരിച്ചു; വെസ്റ്റ്നൈൽ പനി ബാധിച്ചെന്ന് സംശയം

 ബേപ്പൂർ സ്വദേശിയായ പതിമ്മൂന്നുകാരി മരിച്ചത് വെസ്റ്റ്നൈൽ പനി ബാധിച്ചെന്ന് സംശയം. പനി ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മേയ് 13-ന് മരിച്ച കുട്ടിക്കാണ് വെസ്റ്റ്നൈൽ പനി സംശയിക്കുന്നത്.


പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള പരിശോധനാഫലം വന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നേരത്തേ വെസ്റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്തിരുന്നു. തൃശ്ശൂരും പാലക്കാട്ടും ഒരാൾവീതം മരിക്കുകയും ചെയ്തു.



നേരത്തേ അഞ്ചുകേസുകളാണ് കോഴിക്കോട് ജില്ലയിലുണ്ടായിരുന്നത്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ മൂന്നുകേസുകളും നന്മണ്ടയിലും കൂടരഞ്ഞിയിലും ഓരോ കേസ് വീതവുമാണ് റിപ്പോർട്ട് ചെയ്തത്.


ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗമുള്ള മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ഇത് പകരില്ല. ജപ്പാൻജ്വരം ബാധിച്ച് മേയ് മൂന്നിന് കണ്ണാടിക്കൽ സ്വദേശിയായ അറുപത്തിരണ്ടുകാരിയും അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം ബാധിച്ച് മേയ് ആറിന് ബേപ്പൂർ സ്വദേശിയായ അമ്പതുകാരനും മരിച്ചിരുന്നു.



എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലം; കോവിഷീൽഡിനു പിന്നാലെ കോവാക്‌സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്

 

കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു പിന്നാലെ കോവാക്‌സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്. കോവാക്‌സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്. 2022 ജനുവരി മുതൽ 2023 ഓഗസ്‌റ്റ് വരെയായിരുന്നു പഠനം.


ജർമനി ആസ്ഥാനമായുള്ള സ്പ്രിംഗർ ഇങ്ക് എന്ന ജേർണലിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 291 മുതിർന്നവരിലും 635 കൗമാരക്കാരിലുമായി ആകെ 926 പേരിലായിരുന്നു പഠനം. 



ഒരുവർഷം കഴിഞ്ഞശേഷം 926 പേരിൽ 50 ശതമാനത്തോളം പേർക്ക് അണുബാധയുണ്ടായതായി സ്‌ഥിരീകരിച്ചു. മുതിർന്നവരിൽ നാലുപേർ മരിച്ചു. ഈ നാലുപേരും പ്രമേഹബാധിതരായിരുന്നു. മൂന്നുപേർക്കു ഹൈപ്പർടെൻഷനും ഉണ്ടായിരുന്നെന്നു റിപ്പോർട്ടിൽ പറയുന്നു.




പകർച്ചവ്യാധികളുടെ ഉറവിടമായി അലങ്കാരച്ചെടികളും

 ഡെങ്കിപ്പനിപോലുള്ള പകർച്ചവ്യാധികളുടെ ഉറവിടമായി അലങ്കാരച്ചെടികളും. കടുത്ത വേനലിൽപോലും ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യമുണ്ടായത് ഇതുകൊണ്ടുകൂടിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ പനിയും പകരുന്നത് കൊതുകുവഴിയാണ്. വീട്ടിനുള്ളിൽത്തന്നെ പകർച്ചവ്യാധികൾ പകരാനുള്ള സാഹചര്യമൊരുക്കുകയാണ് ആളുകൾ അറിയാതെ ചെയ്യുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

ഒരു സ്ഥാപനത്തിലെ അഞ്ച് റിസപ്ഷനിസ്റ്റുകൾക്ക് ഒന്നിച്ച് ഡെങ്കിപ്പനി വരുന്ന സാഹചര്യം തൃശ്ശൂർ ജില്ലയിലുണ്ടായി. സ്ഥാപനത്തിനുള്ളിൽ വെച്ചിരുന്ന ചെടികളാണ് ഇതിനു കാരണമായത്. ഇത്തരത്തിൽ ശ്രദ്ധിക്കപ്പെടാത്ത നിരവധി അനുകൂല സാഹചര്യങ്ങൾ വീടുകൾക്കുള്ളിൽത്തന്നെ പകർച്ചവ്യാധിവ്യാപനത്തിന് സഹായകമാകുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.



കഴിഞ്ഞ വർഷം ആകെ 1990 ഡെങ്കിപ്പനിയാണ് തൃശ്ശൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വർഷം ഇതുവരെതന്നെ 550നു മുകളിൽ ഡെങ്കി റിപ്പോർട്ട് ചെയ്തുതുകഴിഞ്ഞു. മഴതുടങ്ങുംമുമ്പാണ് ഇത്രയും ഡെങ്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴ തുടങ്ങുന്നതോടെ ഇത് വൻതോതിൽ വർധിക്കുമെന്ന ഭയവുമുണ്ട്.


കോവിഡിനുശേഷം വീട്ടിനുള്ളിൽ അലങ്കാരച്ചെടികൾ വളർത്തുന്നത് കൂടിയിട്ടുണ്ട്. കുപ്പികളിൽ വെള്ളം നിറച്ചാണ് മണി പ്ലാൻ്റ് പോലുള്ളവ വളർത്തുന്നത്. ഇതാണ് ഉറവിടമാകുന്നതും. ഇതു കൂടാതെ ചെടിച്ചട്ടികൾക്കടിയിൽ വെക്കുന്ന ട്രേകളും കൊതുക് വളരാൻ സാഹചര്യമൊരുക്കുന്നു.



ചെടി വളർത്താൻ ഉപയോഗിക്കുന്ന കുപ്പികളുടെ വായ്‌ഭാഗം തുണികൊണ്ട് മൂടണമെന്നാണ് പ്രതിവിധിയായി ആരോഗ്യവിഭാഗം പറയുന്നത്. ഫ്രിഡ്ജിനടിയിലെ ട്രേയും പകർച്ചവ്യാധികൾക്ക് അനുകൂലസാഹചര്യം ഉണ്ടാക്കുന്നു.


വീട്ടുകാരെ കൂടാതെ ആരോഗ്യപ്രവർത്തകരും വീട്ടിനുള്ളിലെ ഇത്തരം സാഹചര്യങ്ങൾ പരിശോധിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നാണ് ആരോഗ്യവകുപ്പിലുള്ളവർ പറയുന്നത്. വീടിനു ചുറ്റുമുള്ളവ മാത്രമാണ് പലപ്പോഴും ഇവർ ശ്രദ്ധിക്കുന്നത്. ഇവ വീട്ടുകാരെക്കൊണ്ടുതന്നെ നശിപ്പിക്കണമെന്നാണ് നിർദേശം. ആവർത്തിക്കാതിരിക്കാനാണിത്. എന്നാൽ, മിക്കപ്പോഴും ജീവനക്കാർത്തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇതു വീട്ടുകാർ അറിയുന്നുപോലുമില്ല.



ഡെങ്കി രണ്ടാംതവണ വരുമ്പോൾ അതു കൂടുതൽ ശക്തി പ്രാപിക്കുന്നുവെന്നതും ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്നുണ്ട്. അതുപോലെ മഞ്ഞപ്പിത്തവും വ്യാപിക്കുന്നുണ്ട്.

പുതുവൈപ്പ് ബീച്ചിൽ അപകടത്തിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു.

പുതുവൈപ്പ് ബീച്ചിൽ ഉണ്ടായ അപകടത്തിൽ മുങ്ങിമരിച്ചവരുടെ എണ്ണം മൂന്ന് ആയി. ബീച്ചിൽ കുളിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), എളംകുളം സ്വദേശി ആൽവിൻ ജോർജ് ആൻ്റണി (19) എന്നിവരാണ് മരിച്ചത്. 
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെയാണ് ഇരുവരും മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 3 ആയി. കലൂര്‍ സ്വദേശിയായ അഭിഷേക് ഇന്നലെ മരിച്ചിരുന്നു. മറ്റ് രണ്ട് പേരും ഗുരുതരാവസ്ഥയിൽചികിത്സയിൽ കഴിയുകയായിരുന്നു.  

പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ ഏഴ് പേരടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അഭിഷേക് വെള്ളത്തിൽ മുങ്ങിയപ്പോൾ ഒപ്പമുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അൽബിനും മിലനും തിരയിൽപ്പെടുന്നത്. ഇരുവരേയും രക്ഷപ്പെടുത്തിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു. 
കടലിൽ കുളിക്കാനിറങ്ങിയതിനിടെ ഇവർ തിരയിൽപ്പെടുകയായിരുന്നു. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അൽബിനെയും മിലനെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയത്.