BREAKING NEWS
latest

728x90

header-ad

468x60

header-ad

International

International
Showing posts with label India. Show all posts
Showing posts with label India. Show all posts

പാരാലിമ്പിക്‌സിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ പ്രീതിപാൽ; 100 മീറ്ററിനു പിന്നാലെ 200 മീറ്ററിലും വെങ്കലം

 



പാരാലിമ്പിക്‌സിൽ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യയുടെ പ്രീതിപാലിന് രണ്ടാം മെഡൽ. അത്ലറ്റിക്‌സ് വനിതാ ടി-35 വിഭാഗം 200 മീറ്റർ ഓട്ടത്തിൽ പ്രീതി വെങ്കലം നേടി. നേരത്തേ 100 മീറ്ററിലും ഇന്ത്യൻ താരം വെങ്കലം നേടിയിരുന്നു.



പാരലിമ്പിക്സ് അത്ലറ്റിക്‌സിൽ ഇരട്ടമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ഉത്തർപ്രദേശ് മീററ്റ് സ്വദേശിയായ പ്രീതി. മികച്ച വ്യക്തിഗത സമയം (30.01) കുറിച്ചാണ് പ്രീതി ഫൈനലിൽ മൂന്നാമതെത്തിയത്. ചൈനീസ് താരങ്ങളായ സിയ സോ (28.15), ഗുവ ക്വിയാൻക്വിൻ (29.09) സ്വർണവും വെള്ളിയും നേടി.




ഇനി മൊബൈൽ സേവനങ്ങൾ തടസപ്പെട്ടാൽ നഷ്ടപരിഹാരം; പുതിയ നിയമങ്ങലുമായി ട്രായ്



 രാജ്യത്ത് ഇനി മൊബൈൽ സേവനങ്ങൾ തടസപ്പെട്ടാൽ ഉപഭോക്താവിന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്. ജില്ലാ തലത്തിൽ 24 മണിക്കൂറിൽ കൂടുതൽ മൊബൈൽ സേവനങ്ങൾ തടസപ്പെട്ടാൽ ഉപഭോക്താക്കൾക്ക് കമ്പനികൾ നഷ്ടപരിഹാരം നൽകണം. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനുള്ള പിഴ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.


ലംഘനത്തിന്റെ തോതനുസരിച്ച് ഒരു ലക്ഷം, രണ്ട് ലക്ഷം, അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെ പിഴ ശിക്ഷ വിവിധ ഗ്രേഡുകളായാണ് വിധിക്കുക.



ഒക്ടോബർ ഒന്നിന് ശേഷം പോസ്റ്റ് പെയ്‌ഡ് ഉപഭോക്താവിന് സേവനം തടസപ്പെട്ടാൽ, ആ ദിവസത്തെ വാടകത്തുക അടുത്ത ബില്ലിൽ ഇളവ് ചെയ്യും. പ്രീപെയ്‌ഡ് ഉപഭോക്താവിന് 2025 ഏപ്രിൽ മുതലാണ് ഇത് ലഭ്യമാവുക. അതായത് പ്രീപെയ്‌ഡ്‌ ഉപഭോക്താവിന് 12 മണിക്കൂറിൽ കൂടുതൽ സേവനം നഷ്ടപ്പെട്ടാൽ ഒരു ദിവസത്തെ അധിക വാലിഡിറ്റി ക്രെഡിറ്റ് ചെയ്യപ്പെടും. ഒരാഴ്ചക്കുള്ളിൽ ഈ നഷ്ടപരിഹാരം നൽകിയിരിക്കണം.


ഒരു ജില്ലയിലോ സംസ്ഥാനത്തോ സേവനം നാല് മണിക്കൂറെങ്കിലും തടസപ്പെട്ടാൽ അക്കാര്യം ട്രായ് അധികൃതരെ കമ്പനികൾ അറിയിച്ചിരിക്കണം. ഏത് ജില്ലയിലാണോ തടസം നേരിട്ടത് ആ ജില്ലയിൽ രജിസ്റ്റർ ചെയ് നമ്പറുകളിൽ മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഫിക്‌സഡ് ലൈൻ സേവനദാതാക്കളും സേവനം തടസപ്പെട്ടാൽ പോസ്റ്റ് പെയ്‌ഡ് പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണം.



പ്രകൃതി ദുരന്തങ്ങളെ തുടർന്നാണ് സേവനം നഷ്‌ടപ്പെടുന്നത് എങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ല.

ബ്രോഡ്ബാന്റ് കണക്ഷൻ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭ്യമാക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നു. ഇതനുസരിച്ച്, ഉപഭോക്താവിൽ നിന്ന് പണം വാങ്ങിയതിന് ശേഷം ഏഴ് ദിവസത്തിനുള്ളിൽ കമ്പനികൾ ബ്രോഡ് ബാന്റ് കണക്ഷൻ ലഭ്യമാക്കണം. 2ജി, 3ജി, 4ജി, 5ജി കവറേജ് എവിടെയെല്ലാം ലഭ്യമാണെന്ന് ജിയോ സ്പേഷ്യൽ മാപ്പുകളിൽ കമ്പനികൾ പ്രദർശിപ്പിക്കണം. ഇതുവഴി മികച്ച സേവന ദാതാവ് ആരാണെന്ന് അറിഞ്ഞതിന് ശേഷം കണക്ഷനുകളെടുക്കാൻ ഉപഭോക്താവിന് സാധിക്കും. ആറ് മാസത്തിനുള്ളിൽ ഈ പുതിയ നിയമങ്ങൾ നിലവിൽ വരും.

കൈപിടിച്ച് പ്രണയാഭ്യാർഥന നടത്തി; യുവാവിന് രണ്ടുവർഷം തടവ്

 


പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യാർഥന നടത്തിയ യുവാവിന് രണ്ടുവർഷം തടവ്. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് 24 വയസ്സുകാരനു രണ്ടുവർഷം തടവുവിധിച്ചത്. 2019ലാണ് കേസിനാസ്‌പദമായ സംഭവം.



വീടിനടുത്തുള്ള കടയിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതിയായ യുവാവ് തടഞ്ഞുനിർത്തുകയും കൈയിൽ പിടിച്ച് പ്രണയാഭ്യാർഥന നടത്തിയെന്നുമാണ് പെൺകുട്ടിയുടെ അമ്മ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. പ്രതിയായ യുവാവിന് അന്ന് 19 വയസ്സായിരുന്നു. സംഭവത്തെത്തുടർന്ന് ഭയന്ന പെൺകുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി വിവരം പറഞ്ഞുവെന്നും അമ്മയുടെ പരാതിയിൽ പറയുന്നു.



പെൺകുട്ടിയെ തടഞ്ഞുനിർത്തി യുവാവ് പറഞ്ഞ വാക്കുകൾ കുട്ടിയുടെ മാനത്തെ ഹനിക്കുന്നതാണെന്ന് ശിക്ഷ വിധിച്ച പോക്സോ കോടതി ജഡ്‌ജി അശ്വിനി ലോഖണ്ഡെ നിരീക്ഷിച്ചു. സംഭവം ചോദിക്കാൻ പോയ പെൺകുട്ടിയുടെ അമ്മയെ 'നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളൂ' എന്നു പറഞ്ഞു പ്രതി ഭീഷണിപ്പെടുത്തിയെന്നും ജഡ്‌ജി വിധിന്യായത്തിൽ പറഞ്ഞു. ക്രിമിനൽ നിയമപ്രകാരമാണ് യുവാവിന് തടവുശിക്ഷ വിധിച്ചത്. അതേസമയം യുവാവിനെതിരെ പോക്‌സോ വകുപ്പുകൾ ചുമത്താൻ കോടതി തയാറായില്ല.

ദില്ലിയിൽ ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ മരിച്ച മൂന്ന് പേരിൽ ഒരാൾ മലയാളി

 


ദില്ലിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ മരിച്ച മൂന്ന് പേരിൽ ഒരാൾ മലയാളി. എറണാകുളം സ്വദേശി നവീൻ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഇന്നലെ രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്മെൻ്റിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് നവീൻ്റെ മൃതദേഹം കണ്ടെത്തിയത്. നവീന് പുറമെ രണ്ട് വിദ്യാര്‍ത്ഥിനികളും മരിച്ചിരുന്നു. ഇവരിൽ ഒരാൾ തെലങ്കാന സ്വദേശിയും മറ്റൊരാൾ ഉത്തര്‍പ്രദേശ് സ്വദേശിയുമായിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.



അപകടസമയത്ത് 40 ഓളം വിദ്യാർത്ഥികളാണ് അക്കാദമിയുടെ ബേസ്മെൻ്റിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്മെൻ്റിൽ കുടുങ്ങിയ 14 ഓളം വിദ്യാർത്ഥികളെ പിന്നീട് ഫയർഫോഴ്‌സും എൻഡിആർഎഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിച്ചിരുന്നു. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യം 2 വിദ്യാർത്ഥിനികളുടെയും രാത്രി വൈകിയാണ് നവീന്റെ മൃതദേഹവും കണ്ടെത്തിയത്.



സംഭവത്തിൽ ദില്ലി മുനിസിപ്പൽ കോർപറേഷനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇവർ മാർച്ച് നടത്താൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു. ദില്ലി സർക്കാരിനും മുനിസിപ്പൽ കോർപറേഷനുമെതിരെ നിശിത വിമർശനം ഉന്നയിച്ച സ്വാതി മലിവാൾ എംപിയും സ്ഥലത്തെത്തി. ഇവർ വിദ്യാർത്ഥികൾക്കൊപ്പം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവരെയടക്കം പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് ശ്രമിച്ചത് ഉന്തിനും തള്ളിനും കാരണമായി. വിദ്യാർത്ഥികളുമായി പോലീസ് ചർച്ച നടത്തുകയാണ്. 

അർജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളും; മത്സ്യത്തൊഴിലാളികളുടെ 'ഈശ്വർ മാൽപെ' സംഘം ദൗത്യം ഏറ്റെടുത്തു


  മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘം ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തും. ഇവർ ഉടൻ പുഴയിലിറങ്ങും. മത്സ്യത്തൊഴിലാളികളുടെ 'ഈശ്വർ മാൽപെ' സംഘം ദൗത്യം ഏറ്റെടുത്തു. സമാന സാഹചര്യങ്ങളിൽ നേരത്തെയും പ്രവർത്തിച്ചിട്ടുള്ള സംഘമാണിത്. അടിയൊഴുക്കുള്ള പുഴയിൽ ഇറങ്ങി പരിചയമുള്ളവരാണ് സംഘത്തിലുള്ളവർ. നിരവധി പേരെ ഇവർ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധി മൃതദേഹങ്ങൾ പുഴയിൽനിന്ന് എടുത്തിട്ടുണ്ട്. ഉഡുപ്പി ജില്ലയിലാണ് മാൽപെ.



എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി അർജുനായി തിരച്ചിൽ നടത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പൊൻൺ ബ്രിഡ്‌ജുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, ചില സാങ്കേതിക തടസ്സങ്ങളുണ്ടായി. രാജസ്ഥാനിൽനിന്ന് സാങ്കേതിക സംഘം ഇന്നെത്തും. പ്രതികൂല കാലാവസ്‌ഥയിൽ തിരച്ചിൽ നടത്താൻ രാജ്യത്തെ ഏതെങ്കിലും സ്‌ഥലത്തെ നേവൽ സംഘത്തിന് കഴിയുമെങ്കിൽ അവരെ കൊണ്ടുവരണം. യോഗ തീരുമാനങ്ങൾ നടപ്പിലാകണം. അക്കാര്യം ഇന്നത്തെ ഉന്നതതല യോഗത്തിൽ അറിയിച്ചതായും മന്ത്രി പറഞ്ഞു.


നദിയിലെ അടിയൊഴുക്ക് ഇന്നലെ 5.5 നോട്‌സ് (മണിക്കൂറിൽ 10 കിലോമീറ്റർ വേഗം) ആയിരുന്നു. 2 മുതൽ 3 നോട്സ് വരെ ഒഴുക്കിൽ പുഴയിലിറങ്ങി പരിശോധിക്കാൻ നാവിക സേന സംഘം സന്നദ്ധരാണ്. 3.5 നോട്‌സ് (മണിക്കൂറിൽ 6.4 കിലോമീറ്റർ വേഗം) ആണെങ്കിലും പരിശോധനയ്ക്കു തയാറായേക്കും. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പുഴയിലിറങ്ങുന്നത് അപകടമാണ്. ജില്ലാ ഭരണകൂടം പുഴ പരിചയമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയത് ഈ സാഹചര്യത്തിലാണ്.

നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കുകാരിൽ കണ്ണൂർ സ്വദേശിയും

 



വിവാദമായ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ പരീക്ഷാ ഏജൻസിയാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ ശ്രീനന്ദ് ഷർമിൽ ഉൾപ്പെടെ 17 വിദ്യാർഥികളാണ് പുതുക്കിയ റാങ്ക് പട്ടികയിൽ ഒന്നാമതെത്തി. ഇതിൽ 13 പേർ ആൺകുട്ടികളും 4 പേർ പെൺകുട്ടികളുമാണ്. 



പുതുക്കിയ ഫലങ്ങൾ exams.nta.ac.in/NEET എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പുതുക്കിയ ഫലത്തിനൊപ്പം ഉദ്യോഗാർഥികൾക്ക് സ്കോർ കാർഡും വെബ്സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്. നിലവിൽ കേരളത്തിൽനിന്ന് ശ്രീനന്ദിനു മാത്രമാണ് ഒന്നാം റാങ്ക്. നേരത്തെ പുറത്ത് വിട്ട ഫലപ്രകാരം കേരളത്തിൽ നിന്നുള്ള നാല് പേർക്ക് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചിരുന്നു.



പുതുക്കിയ നീറ്റ് യുജി ഫലം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ചൊവ്വാഴ്ച‌ അറിയിച്ചിരുന്നു. ഇത് നാലാം തവണയാണ് പരീക്ഷയുടെ ഫലം പുറത്തുവരുന്നത്. നീറ്റ് യുജിയുടെ ആദ്യ ഫലം ജൂൺ 4നും രണ്ടാമത്തേത് ജൂൺ 30നും മൂന്നാമത്തേത് ജൂലൈ 20നുമാണ് ദേശീയ പരീക്ഷാ ഏജൻസി പ്രസിദ്ധീകരിച്ചത്. രാജ്യത്തുടനീളമുള്ള 571 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 14 നഗരങ്ങളിലുമായി 4750 കേന്ദ്രങ്ങളിലാണ് നീറ്റ് യുജി പരീക്ഷ നടത്തിയത്. മെയ് 5 ന് നടന്ന നീറ്റ് യുജി പരീക്ഷയ്ക്ക് ആകെ 13,31,321 പെൺകുട്ടികളും 9,96,393 ആൺകുട്ടികളും 17 ട്രാൻസ്ജെൻഡർ ഉദ്യോഗാർത്ഥികളുമാണ് ഹാജരായത്.

ബിജെപി നേതാവിന്റെ മാനനഷ്ടക്കേസ്; ധ്രുവ് റാഠിക്ക് ദില്ലി കോടതി സമൻസ്


 

ബിജെപി നേതാവിന്റെ മാനനഷ്ടക്കേസിൽ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്ക് ദില്ലി കോടതി സമൻസ് അയച്ചു. ബിജെപി നേതാവ്  സുരേഷ് കരംഷി നഖുവയാണു കോടതിയെ ധ്രുവിനെതിരെ കോടതിയെ സമീപിച്ചത്. യൂ ട്യൂബ് വീഡിയോയിൽ തന്നെ അക്രമകാരിയും അധിക്ഷേപം നടത്തുന്നയാളെന്നും ധ്രുവ് റാഠി ചിത്രീകരിച്ചതായി  ബിജെുപി നേതാവ് ആരോപിച്ചു. ജൂലൈ 7ന് ധ്രുവ് റാഠിയുടെ യൂട്യൂബ് ചാനലിൽ വന്ന വീഡിയോയിലാണ് തന്നെ അപമാനിച്ചതെന്ന് പരാതിയിൽ പറയുന്നു. യാതൊരു ബോധവുമില്ലാത്തയാളാണെന്ന് നഖുവയെന്നും ധ്രുവ് റാഠി വിഡിയോയിൽ പറഞ്ഞതായി പരാതിയിൽ ആരോപിക്കുന്നു. കേസ് ഓഗസ്റ്റ് 6ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.



നേരത്തെ, യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്രയിലെ സൈബർ പൊലീസ് കേസെടുത്തിരുന്നു. ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ മകളെ കുറിച്ച് എക്‌സിൽ വ്യാജ സന്ദേശം പോസ്‌റ്റ് ചെയ്‌ത ഒരു പാരഡി അക്കൗണ്ടിനെ കുറിച്ചുയർന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് കേസ്. ലോക്‌സഭാ സ്‌പീക്കറുടെ മകൾ യുപിഎസ്‌സി പരീക്ഷയിൽ ഹാജരാകാതെ പാസായെന്നാണ് പരാതിക്ക് അടിസ്ഥാനമായ പോസ്റ്റിൽ പറയുന്നതെന്ന് സൈബർ പൊലീസ് വിശദീകരിച്ചു.



@dhruvrahtee എന്ന അക്കൗണ്ടിലാണ് ഇത് പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതൊരു ഫാൻ, പാരഡി അക്കൗണ്ടാണെന്നും @dhruvrathee എന്നയാളുടെ യഥാർത്ഥ അക്കൗണ്ടുമായി അഫിലിയേറ്റ് ചെയ്തിട്ടില്ല. ആൾമാറാട്ടം നടത്തുകയല്ല, ഇത് പാരഡി അക്കൗണ്ട് ആണെന്ന് കൃത്യമായി വിവാദമായ അക്കൗണ്ടിന്‍റെ ബയോയില്‍ പറയുന്നുണ്ടായിരുന്നു. 



അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഗൗരവമുള്ളത്; കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടിസ്

 


ഷിരുരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഗൗരവമുള്ള വിഷയമെന്ന് കർണാടക ഹൈക്കോടതി. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. ഇരു സർക്കാരുകളും നാളെയ്ക്കകം മറുപടി നൽകണമെന്നാണ് ആവശ്യം.



അർജുനു വേണ്ടി ഇതുവരെ നടത്തിയ രക്ഷാ ദൗത്യത്തിന്റെ വിവരങ്ങൾ കർണാടക ഹൈക്കോടതിയിൽ സംസ്‌ഥാന സർക്കാർ സമർപ്പിച്ചു. കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. രണ്ട് മലയാളി അഭിഭാഷകരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകരോട് കർണാടക ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചിരുന്നു.



എഴുപത് വയസിനു മുകളിൽ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരർക്കും ആരോഗ്യ പരിരക്ഷ - ദ്രൗപദി മുർമു


 കേന്ദ്ര സർക്കാരിൻ്റെ ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ എഴുപത് വയസിനു മുകളിൽ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരർക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അറിയിച്ചു. പാർലമെൻ്റിൻ്റെ ഇരുസഭകളുടേയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.



രാജ്യത്തുടനീളം 25,000 ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ആയുഷ്‌മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ സൗജന്യ ആരോഗ്യ സേവനങ്ങൾ രാജ്യത്തെ 55 കോടിയോളം ജനങ്ങൾക്ക് ലഭ്യമാകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.



ലോകത്തെ ഏറ്റവും വലിയ പൊതുജനനിക്ഷേപ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്‌മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന. ഓരോ കുടുംബത്തിനും പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഈ സേവനത്തിന്റെ ഗുണഫലം 12 കോടിയോളം കുടുംബങ്ങൾക്ക് ലഭിക്കും.









ചെങ്കോൽ മാറ്റി അവിടെ ഭരണഘടന സ്‌ഥാപിക്കണം; ചോദ്യം ചെയ്‌തത്‌ ഇന്ത്യൻ സംസ്‌കാരത്തെയാണെന്ന് ബിജെപി

 


ലോക്‌സഭാ സ്‌പീക്കറിൻ്റെ ഇരിപ്പിടത്തിനു സമീപമായി സ്ഥാപിച്ച ചെങ്കോലിനെ ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ പോര്.  ജനാധിപത്യത്തിൽ ചെങ്കോലിൻ്റെ സസ്ഥാനമെന്തെന്ന് സമാജ്വാദി പാർട്ടി എംപി ആർ.കെ.ചൗധരി ചോദ്യമുന്നയിച്ചതോടെയാണ് തർക്കങ്ങളുടെ തുടക്കം. പ്രതിപക്ഷ എംപി ചോദ്യം ചെയ്‌തത്‌ ഇന്ത്യൻ സംസ്‌കാരത്തെയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. സ്‌പീക്കർ ഓം ബിർലയ്ക്ക് അയച്ച കത്തിൽ ചെങ്കോൽ മാറ്റി ഭരണഘടന വയ്ക്കണമെന്നായിരുന്നു എംപിയുടെ നിർദേശം.



"ഭരണഘടന അംഗീകരിച്ചതാണ് രാജ്യത്തെ ജനാധിപത്യത്തിന്റെ തുടക്കമായി അടയാളപ്പെടുത്തുന്നത്. രണ്ടാം ബിജെപി സർക്കാർ അതിന്റെ അവസാനകാലത്ത് സ്‌പീക്കറുടെ ഇരിപ്പിടത്തിന് അടുത്തായി ചെങ്കോൽ സ്‌ഥാപിച്ചു. ചെങ്കോൽ എന്നത് തമിഴ് വാക്കാണ്. അതിനർഥം രാജദണ്ഡ് എന്നാണ്. അതിന് രാജാവിന്റെ ദണ്ഡ് എന്ന അർഥവുമുണ്ട്.



 രാജാക്കന്മാരുടെ കാലഘട്ടത്തിൽനിന്ന് നാം സ്വതന്ത്രരായി. ഇന്നു രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള വോട്ടവകാശം എല്ലാ പൗരന്മാർക്കുമുണ്ട്. ഈ രാജ്യം ഭരണഘടനയിലൂടെയാണോ, അതോ രാജദണ്ഡ് ഉപയോഗിച്ചാണോ ഭരിക്കാൻ പോകുന്നത്? "- എംപി ചോദിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി ചെങ്കോൽ മാറ്റി അവിടെ ഭരണഘടന സ്‌ഥാപിക്കണമെന്നും ചൗധരി പറഞ്ഞു.



മുതിർന്ന കോൺഗ്രസ് നേതാവും സമാജ്‌വാദി പാർട്ടി എംപിയുടെ പരാമർശത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ചെങ്കോൽ കാലം അവസാനിച്ചെന്നും ഇത് ജനാധിപത്യത്തിൻ്റെ നാളുകളാണെന്നുമാണ് കോൺഗ്രസ് നേതാവും എംപിയുമായ ബി.മാണിക്കം ടാഗോർ പറഞ്ഞത്. ചെങ്കോലിനെ കുറിച്ചുള്ള ചോദ്യത്തോട് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പരിഹാസരൂപത്തിൽ പ്രതികരിച്ചു. "ചെങ്കോൽ സ്‌ഥാപിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെ വണങ്ങി. ഇത്തവണ സത്യപ്രതിജ്‌ഞ ചെയ്യാൻ നേരം അതിനെ വണങ്ങാൻ മറന്നുപോയി. നമ്മുടെ എംപി അക്കാര്യം പ്രധാനമന്ത്രിയെ ഓർമിപ്പിക്കണം."




സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം, നരേന്ദ്ര മോദി നേരിട്ട് വിളിച്ച് ക്ഷണിച്ചു; പങ്കെടുക്കുന്നതിൽ മോഹൻലാൽ അസൗകര്യം അറിയിച്ചു


 മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം. നരേന്ദ്ര മോദി നേരിട്ട് മോഹൻലാലിനെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ക്ഷണിച്ചു. 


എന്നാൽ പങ്കെടുക്കുന്നതിൽ മോഹൻലാൽ അസൗകര്യം അറിയിച്ചു. വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നാണ് മോഹൻലാൽ അറിയിച്ചത്. 



വൈകിട്ട് 7.15ന് തുടങ്ങുന്ന മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തിലാണ്. ചടങ്ങിൽ പങ്കെടുക്കാനായി ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, സീഷൽസ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവർ ദില്ലിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സിനിമാ താരങ്ങളടക്കം ചടങ്ങിൽ പങ്കെടുക്കും. 







പ്രവർത്തകർക്ക് നന്ദി; പോരാട്ടം തുടരും, ഇതുവരെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല - മല്ലികാർജുൻ ഖാർഗ

 


ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന് പിന്നാലെ പാർട്ടി പ്രവർത്തകർക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗ. കോൺഗ്രസിൻ്റെ എല്ലാ പ്രവർത്തകർക്കും ഇന്ത്യാ മുന്നണിയിലെ എല്ലാ പാർട്ടികളിലെയും പ്രവർത്തകർക്കും നന്ദി പറയുന്നുവെന്ന് കോൺഗ്രസ് നേതാക്കൾക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ഖാർഗെ പറഞ്ഞു.



പോരാട്ടം തുടരും. ഇതുവരെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല. രാജ്യം നേരിടുന്ന യഥാർഥ പ്രശ്ന‌ങ്ങൾ ഉയർത്തിക്കാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രധാനമന്ത്രി മോദി നടത്തിയ പ്രചാരണവും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും എക്കാലത്തും ഓർമിക്കപ്പെടും. ഭാരത് ജോഡോ യാത്ര അടക്കമുള്ളവയാണ് കോൺഗ്രസിനെ ജനങ്ങളുമായി അടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.



ഭരണഘടനയെ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു പോരാട്ടമെന്ന് രാഹുൽഗാന്ധി പറഞ്ഞു. രഹസ്യാന്വേഷണ ഏജൻസികളെയടക്കം നിയന്ത്രണത്തിലാക്കിയതിനെതിരെയാണ് പോരാട്ടം നടത്തിയത്. ഭരണഘടനയെ സംരക്ഷിക്കുന്നതിനായി കൈകോർത്ത എല്ലാ പ്രവർത്തകരെയും ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്കും നന്ദി പറയുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി മോദിക്കുള്ള ശക്തമായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.





വിജയം സമ്മാനിച്ചതിന് ജനങ്ങൾക്ക് നന്ദി; തുടർച്ചയായ മൂന്നാം തവണയും ജനം എൻഡിഎയിൽ വിശ്വാസമർപ്പിച്ചു - പ്രധാനമന്ത്രി നരേന്ദ്ര മോദി

 


എൻ.ഡി.എയ്ക്ക് മൂന്നാം തവണയും വിജയം സമ്മാനിച്ചതിന് ജനങ്ങൾക്ക് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായ മൂന്നാം തവണയും ജനം എൻഡിഎയിൽ വിശ്വാസമർപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത് - അദ്ദേഹം എക്‌സിൽ കുറിച്ചു. ജനങ്ങളുടെ സ്നേഹത്തിന് മുന്നിൽ ശിരസ് നമിക്കുന്നു.



ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിഞ്ഞ പത്ത് വർഷമായി നടത്തിവന്ന നല്ല പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പ് നൽകുന്നു. കഠിനാധ്വാനംചെയ്ത പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. അവർ നടത്തിയ പ്രവർത്തനത്തിന് നന്ദി പറയാൻ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.



ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരണാസി മണ്ഡലത്തിൽനിന്ന് പ്രധാനമന്ത്രി മോദി ഒന്നരലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു. എന്നാൽ ഇന്ത്യ സഖ്യം വൻ മുന്നേറ്റമാണ് ഇത്തവണ നടത്തിയത്. തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനിടെ പ്രവർത്തകർക്ക് നന്ദി പറഞ്ഞ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ലക്ഷ്യത്തിൽ എത്തിയിട്ടില്ലെന്നും പറഞ്ഞിരുന്നു. 



ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തിയതെന്ന് കോൺഗ്രസ് പ്രവർത്തകർക്കും ഇന്ത്യ സഖ്യത്തില പാർട്ടികളുടെ പ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ട് രാഹുൽഗാന്ധിയും പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ പ്രതികരണം വരുന്നത്.

ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി കളമൊഴിയുന്നു

 

ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. ജൂൺ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു 39-കാരനായ താരത്തിന്റെ പ്രഖ്യാപനം.


2005 ജൂൺ 12-ന്‌ പാകിസ്‌താനെതിരേ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ആ കളിയിൽതന്നെ ഗോളും നേടി. ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 65-ാം മിനിറ്റിലാണ് ഛേത്രി കന്നിഗോൾ നേടിയത്. മത്സരം സമനിലയിൽ കലാശിച്ചു. ഇതുവരെ 150 മത്സരങ്ങളിൽ നിന്നായി 94 ഗോളുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായി കളിക്കുന്നവരിൽ ഗോൾനേട്ടത്തിൽ മൂന്നാമതാണ് താരം.



2012 എഎഫ്സി ചലഞ്ച് കപ്പിലാണ് ഛേത്രി ആദ്യമായി നായകനാകുന്നത്. നെഹ്റുകപ്പിൽ അടക്കം രാജ്യത്തെ കിരീടത്തിലേക്ക് നയിക്കാൻ ഛേത്രിക്കായി. ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും ബെംഗളൂരു എഫ്.സി.യെ കിരീടനേട്ടത്തിലേക്ക് നയിച്ചു.


രാജ്യത്തിനകത്തും പുറത്തുമായി ഒമ്പത് ക്ലബ്ബുകൾക്കായി കളിച്ചു. അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബ്ബ് കൻസാസ് സിറ്റിക്കും പോർച്ചുഗലിലെ സ്പോർട്ടിങ് ലിസ്‌ബൺ റിസർവ് ടീമിനും കളിച്ചു. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ജെ.സി.ടി, ഡെംപോ ഗോവ, ചിരാഗ് യുണൈറ്റഡ്, ചർച്ചിൽ ബ്രദേഴ്‌സ്, മുംബൈ സിറ്റി ടീമുകൾക്കായും ബൂട്ടുകെട്ടി.



2011-ൽ അർജുന പുരസ്‌കാരവും 2019-ൽ പദ്‌മശ്രീ ബഹുമതിയും ലഭിച്ചു. ആറു തവണ രാജ്യത്തെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടു.


എ.എഫ്.സി. ചാലഞ്ച് കപ്പ് (2008), സാഫ് കപ്പ് (2011, 2015), നെഹ്റു കപ്പ് (2007, 2009, 2012) നേട്ടങ്ങളിൽ പങ്കാളി. ഇന്ത്യയ്ക്കായി കൂടുതൽ അന്താരാഷ്ട്ര മത്സരം കളിച്ചതിൻ്റെയും ഗോളുകൾ നേടിയതിന്റെയും റെക്കോഡ് ഛേത്രിയുടെ പേരിലാണ്. 2019-ൽ കിങ്സ് കപ്പിൽ കുറാസാവോക്കെതിരേ കളിക്കാനിറങ്ങിയപ്പോഴാണ് 107 മത്സരമെന്ന ബൈച്ചുങ് ബൂട്ടിയയുടെ റെക്കോഡ് ഛേത്രി മറികടന്നത്. 



മുംബൈയിൽ പരസ്യബോർഡ് തകർന്നുണ്ടായ അപകടത്തിൽ മരണം 14 ആയി

ഘാട്കോപ്പറിലെ ചെഡ്‌ഡാ നഗറിൽ 100 അടി ഉയരത്തിൽ സ്ഥഥാപിച്ച പരസ്യ ബോർഡ് തകർന്നുണ്ടായ അപകടത്തിൽ മരണം 14 ആയി. പരുക്കേറ്റവരുടെ എണ്ണം 60 ആയി. പെട്രോൾ പമ്പിന് എതിർവശത്തായി സ്ഥാപിച്ച പരസ്യബോർഡാണു തകർന്നുവീണത്. 


പമ്പിലുണ്ടായിരുന്ന നിരവധി കാറുകളുടെ മുകളിലേക്കാണ് ബോർഡിൻ്റെ ലോഹ ചട്ടക്കൂട് വീണത്. അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായി എൻഡിആർഎഫ് സംഘം സ്ഥ‌ലത്തു തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.



ആളുകളെ രക്ഷപ്പെടുത്തുന്നതാണ് പ്രധാനമെന്നും പരുക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.