International
ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിന്റെ പിൻഗാമിയായി അതിഷി മുഖ്യമന്ത്രിയാകും. എഎപിയുടെ നിയമസഭാകക്ഷി യോഗത്തിൽ കേജ്‌രിവാളാണ് അതിഷിയുടെ പേര് മുന്നോട്ടുവച്ചത്. സ്‌ഥാനമേൽക്കുന്നതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മുന്നാമത്തെ വനിതയാകും അതിഷി.
കേജ്രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ ചുമതലുള്ള മന്ത്രിയാണ്. കൽകാജി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായ അതിഷി എഎപിയുടെ രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്. കേജ്‌രിവാളിൻ്റെ നിർദേശത്തെ എഎപി എംഎൽഎമാർ പിന്തുണച്ചു. 26, 27 തീയതികളിൽ നിയമസഭാ സമ്മേളനം ചേരാനും തീരുമാനിച്ചു.
മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ്റെ പേഴ്സണൽ സെക്രട്ടറി ആയിരുന്ന എ സുരേഷ് അന്തരിച്ച സി പി എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയെ അനുസ്മരിക്കുന്നു.
പ്രിയ സഖാവെ വിട...
വല്ലാത്തൊരു ആത്മ ബന്ധമാണ് സഖാവുമായിട്ടുണ്ടായിരുന്നത്...
നാലു നാൾ മുന്നേ സ. സീമ യെച്ചൂരിയുമായി സംസാരിച്ചപ്പോൾ സ്റ്റേബിൾ ആയി വരുന്നു എന്നാണവർ എന്നോട് പറഞ്ഞത്.. തിരിച്ചു വരുമെന്ന് ഉറപ്പായും പ്രതീക്ഷിച്ചിരുന്നു...
വല്ലതെ വേദനിക്കുന്നു..
എപ്പോൾ കാണുമ്പോഴും വാത്സല്യ നിറഞ്ഞൊരു പുഞ്ചിരിയും തലോടലും സ്നേഹാന്വേഷണവും...
രാഷ്ട്രീയ സംസാരത്തിന് അപ്പുറം കുടുംബകാര്യങ്ങൾ സംസാരിക്കുമായിരുന്നു..
അദ്ദേഹത്തിന്റെ സഹധർമ്മിണി സ.സീമ യെച്ചൂരിയുമായും ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്നു....
ഹൈദരാബാദ് പാർട്ടി കേന്ദ്ര കമ്മിറ്റി നടക്കുന്ന സമയം എന്റെ ഭാര്യ പ്രസവിച്ച് തിരുവനന്തപുരത്ത് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു...
ഇതറിഞ്ഞ സീമ സഖാവ് അന്ന് തന്നെ മകൻ അച്ചൂന് ഡ്രസ്സ് എടുത്തു തന്നത് ഏറ്റവും ഊഷ്മളമായ ഓർമ്മയായി വരുന്നു..
അച്ചൂന്റെ ആദ്യ ഡ്രസ്സ് സീമ സഖാവ് നൽകിയതായിരുന്നു....
അന്ന് സീതാറാം സഖാവിന്റ അമ്മയോടും ദീർഘ നേരം സംസാരിച്ചു....
സ.വി എസ്സിന്റെ നിലപാടിന് ഏറ്റവും പിന്തുണ നൽകിയ സീതാറാം എന്നും വി എസ്സിനെ പിതൃതുല്യമായി ബഹുമാനിച്ചിരുന്നു..
വി എസ്സിന്റെ പാർട്ടിക്കകത്തെ ആശയ പോരാട്ടങ്ങളിൽ എന്നും എപ്പോഴും വി എസിന്റെ നിലപാടിനൊപ്പമായിരുന്നു...
വി എസ്സിന് തിരിച്ചടി നേരിടുമ്പോഴൊക്കെയും കടുത്ത നിലപാടിലേക്ക് വി എസ് പോവാതിരിക്കാൻ ഏറ്റവും ശ്രദ്ധിച്ചിരുന്നത് സ.സീതാറാമായിരുന്നു...
അപ്പോഴൊക്കെയും വി എസിനെ നേരിൽ കണ്ട് ആശ്വസിപ്പിക്കാനും സ.സീതറാം ശ്രദ്ധിച്ചിരുന്നു....
ഒരിക്കൽ ഒരു കണ്ണൂർ യാത്രയിൽ വി എസ് തലശ്ശേരിയിൽ ഉണ്ടായിരുന്നു..
പിറ്റേന്ന് സ.സീതാറാം കണ്ണൂരിൽ പരിപാടിക്ക് വരുന്നു എന്നറിഞ്ഞ സ. വി എസ് സീതാറാമിനെ കാണണം എന്ന് ആവശ്യപ്പെട്ടു...
ഞാൻ ഈ വിഷയം സ.സീതാറാമിന്റെ ഫോണിലൂടെ ശ്രദ്ധയിൽ പെടുത്തി....
കണ്ണൂരിൽ പോവേണ്ട സഖാവ് പാർട്ടി അറിയാതെ തലശ്ശേരിയിൽ ഇറങ്ങുന്നത് സ്വാഭാവികമായും പാർട്ടിയിൽ വിഷയം ഉണ്ടാവും എന്നെനിക്ക് അറിയാം ഞാനത് കൂടെ സീതാറാമിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും...
അദ്ദേഹം പറഞ്ഞ മറുപടി എന്നെ അത്ഭുതപ്പെടുത്തി...,
"വി എസ് എന്നെ കാണണം എന്നാവശ്യപ്പെട്ടെങ്കിൽ എന്ത് വിഷയം ഉണ്ടെങ്കിലും ഞാൻ വി എസ്സിന്റെ അടുത്തക്ക് വരും"....
അതെന്നെ ഏറ്റവും അത്ഭുതപ്പെടുത്തി...
അത്രയ്ക്ക് ആത്മബന്ധമുണ്ടായിരുന്നു സീതാറാമും വി എസ്സും തമ്മിൽ..
അങ്ങനെ പുലർച്ചെ മറ്റാരും അറിയാതെ ഞാൻ തലശ്ശേരിയിൽ റെയിൽവേ സ്റ്റേഷനിൽ പോയി സീതാറാമിനെ വി എസ് താമസിക്കുന്ന ഗസ്റ്റ് ഹൌസിൽ എത്തിച്ചു...
വി എസിന്റെ ഒരു ആത്മബലമാണ് ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നത്..
കാലത്തിനും പാർട്ടിക്കും ഒരിക്കലും നികത്താനാവാത്ത വിടവ്...
പാർട്ടി ഏറ്റവും പ്രതിസന്ധി നേരിടുന്ന കെട്ട കാലത്ത് സീതറാമിന്റെ വിടവാങ്ങൽ പാർട്ടി സഖാക്കൾക്ക് ഏറ്റവും വേദന ഉണ്ടാക്കുന്ന വേർപാടാണ്..
എഴുതാൻ ഒരുപാടുണ്ട് വല്ലാത്ത ശൂന്യത അനുഭവിക്കുന്നു..
വാക്കുകൾക്ക് ക്ഷാമവും..
പ്രിയ സഖാവേ റെഡ് സല്യൂട്ട്....
എ സുരേഷ്..
പ്രധാനമന്ത്രിയായി മൂന്നാംതവണ അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദിക്ക് പാർട്ടിയിൽ പിൻമാഗിയാര് എന്നത് സംബന്ധിച്ചുള്ള ചോദ്യമുയരുന്നത് സ്വാഭാവികമാണ്. ഇത് സംബന്ധിച്ച് ഇന്ത്യ ടുഡേ നടത്തിയ സർവേയിൽ മുന്നിലെത്തിയിരിക്കുന്നത് ആഭ്യന്തര മന്ത്രി അമിത് ഷാ ആണ്. മോദിക്ക് ശേഷം അമിത് ഷായാകും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്നാണ് സർവേ പറയുന്നത്.
രണ്ടാമതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മൂന്നാമതായി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയുമാണ് സർവേയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
സർവേയിൽ പങ്കെടുത്ത 25 ശതമാനം ആളുകൾ അമിത് ഷായെ പിന്തുണയ്ക്കുമ്പോൾ 19 ശതമാനം ആളുകളാണ് യോഗി ആദിത്യനാഥിനെ പിന്തുണയ്ക്കുന്നത്. 13 ശതമാനം വോട്ടുകളാണ് നിതിൻ ഗഡ്‌കരിക്ക് ലഭിച്ചിരിക്കുന്നത്. അഞ്ചു ശതമാനം വീതം വോട്ടുകൾ നേടി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും കൃഷി മന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും ഇവർക്ക് പിന്നിലായുണ്ട്.
സർവേയിൽ ദക്ഷിണേന്ത്യയിലാണ് അമിത് ഷായ്ക്ക് ഏറ്റവുംകൂടുതൽ പിന്തുണ ലഭിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ സർവേയിൽ 31 ശതമാനം വോട്ടുകൾ അമിത് ഷാ നേടിയിട്ടുണ്ട്.
അതേസമയം, ഇന്ത്യ ടുഡേ മുമ്പ് നടത്തിയ സർവേകളെ അപേക്ഷിച്ച് അമിത് ഷായ്ക്കും യോഗിക്കും ലഭിക്കുന്ന പിന്തുണയ്ക്ക് ഇടിവുണ്ടായിട്ടുണ്ട്. ഇന്ത്യ ടുഡേ 2023 ഓഗസ്റ്റ്, 2024 ഫെബ്രുവരി എന്നീ ഘട്ടങ്ങളിൽ നടത്തിയ സർവേയിൽ അമിത് ഷായ്ക്ക് ലഭിച്ച പിന്തുണ യഥാക്രമം 28%, 29% എന്നിങ്ങനെയായിരുന്നു. ഇത്തവണ അത് 25% -ലേക്കെത്തി. യോഗി ആദിത്യനാഥിന് 2023-ൽ 25 ശതമാനവും ഈ വർഷം ഫെബ്രുവരിയിൽ 24 ശതമാനവും ആയിരുന്നു ജനപിന്തുണ. അത് ഇത്തവണ 19 ശതമാനത്തിലേക്കെത്തുകയും ചെയ്തു.
രാഷ്ട്രീയമായി ഇരു ചേരികളിലായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയുമായുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന 'ഓർമയിൽ ഉമ്മൻ ചാണ്ടി' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയിലടക്കം ഉമ്മൻ ചാണ്ടിയോട് പല കാര്യങ്ങളിൽ യോജിപ്പും ചില കാര്യങ്ങളിൽ വിയോജിപ്പും ഉണ്ടായിരുന്നു. അതു തുറന്നു പറയാൻ സ്വാതന്ത്ര്യമുള്ള സൗഹൃദമായിരുന്നു പരസ്‌പരം ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവിശ്രമം എന്ന പദത്തിന് എല്ലാ അർഥത്തിലും പര്യായമായി മാറിയ ജീവിതമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. പ്രളയകാലത്ത് രാഷ്ട്രീയം മറന്ന് ഒന്നിച്ചു. രോഗാതുരമായ കാലത്തെ കുറിച്ച് ചെറിയ വിവരണമേ ആത്മകഥയിൽ പോലും പറഞ്ഞിട്ടുള്ളൂ. അതികഠിന രോഗാവസ്‌ഥയിലും പ്രസന്നതയോടെ മാത്രം സംസാരിച്ചു. അതിജീവനത്തിൻ്റെ മികച്ച മാതൃക കൂടിയാണ് ഉമ്മൻ ചാണ്ടി. വിമർശിക്കുന്നവരും തളർത്തുന്നവരും ഉണ്ടാകും. പക്ഷേ അതിലൊന്നും വീഴാതെ ലക്ഷ്യത്തിലേക്ക് നടന്നടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുപ്പള്ളിക്കാരനായിരുന്നെങ്കിലും ഉമ്മൻചാണ്ടിക്ക് തിരുവനന്തപുരവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു. പകുതിയിലധികം ജീവിതകാലവും ഉമ്മൻ ചാണ്ടി ചെലവഴിച്ചത് തിരുവനന്തപുരത്താണ്. മുഖ്യമന്ത്രിയായി തന്നെ എൽഡിഎഫ് തീരുമാനിച്ചപ്പോൾ ആദ്യം കണ്ടത് ഉമ്മൻ ചാണ്ടിയെയാണ്. ഓരോ മേഖലയും ഓരോ തരത്തിലുള്ള നേതൃഗുണമാണ് ആവശ്യപ്പെടുന്നത്. ജനങ്ങളെ സ്‌പർശിക്കുന്ന വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നവർക്ക് മാത്രമേ പൊതു പ്രവർത്തനത്തിൽ മികവുണ്ടാക്കാനാകൂ. ഇതിനു നല്ല ഉദാഹരണമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വ്യക്‌തിപരമായ അടുപ്പം ഏറെ ഉണ്ടായിരുന്നവരായിരുന്നു പിണറായി വിജയനും ഉമ്മൻ ചാണ്ടിയുമെന്ന് ചാണ്ടി ഉമ്മനും പറഞ്ഞു. ഒരാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ട് നേരിടുന്ന സമയത്താണ്. ഉമ്മൻ ചാണ്ടി ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ മുഖ്യമന്ത്രി പ്രത്യേക താൽപര്യം കാണിച്ച് അദേഹത്തിനു വേണ്ടി ഒരുപാട് ഇടപെടലുകൾ നടത്തിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്ത് നടന്ന ട്രയൽ റണ്ണിൽ ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാതെ പിണറായി വിജയൻ നടത്തിയ പ്രസംഗം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി പിണറായി വിജയൻ നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നത്.
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്. ഇന്ത്യാസഖ്യ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. രാഹുലിനെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്തു നൽകി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് ആകണമെന്ന് ആവശ്യപ്പെട്ടു പ്രവർത്തകസമിതിയും ഐകകണ്ഠേന പ്രമേയം പാസാക്കിയിരുന്നു.
പ്രതിപക്ഷ നേതാവ് ആയില്ലെങ്കിൽ ഉത്തരവാദിത്തങ്ങളേൽക്കാൻ രാഹുൽ വിമുഖത കാട്ടുന്നുവെന്ന ആക്ഷേപം ശക്തമാകുമെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ. പ്രതിപക്ഷനേതാവ് എന്ന നിലയിൽ ദേശീയരാഷ്ട്രീയത്തിൽ നടത്തുന്ന ഇടപെടലുകൾ രാഹുലിൻ്റെ പ്രതിഛായ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും, ഇന്ത്യാ സഖ്യത്തിലെ കക്ഷികൾക്കിടയിലും സ്വീകാര്യത വർധിക്കുമെന്നും മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതോടെ, പ്രതിപക്ഷ നേതൃസ്‌ഥാനം ഏറ്റെടുക്കാൻ രാഹുൽ തയാറാകുകയായിരുന്നു.
ഭാരത് ജോഡോ യാത്രയിൽ ജനങ്ങളുമായി അടുത്തിടപഴകി ആവശ്യങ്ങൾ മനസ്സിലാക്കിയ രാഹുൽ അക്കാര്യങ്ങളാണു തിരഞ്ഞെടുപ്പു പ്രചാരണ വിഷയങ്ങളാക്കിയത്. ജനങ്ങളുടെ ആവശ്യങ്ങൾ പാർലമെൻ്റിൽ ഉന്നയിക്കാനും അതിനായി പോരാടാനും രാഹുൽ മുന്നിലുണ്ടാകണമെന്നും കോൺഗ്രസ് നേതൃത്വം നിലപാടെടുത്തു. കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കോൺഗ്രസിനും പ്രതിപക്ഷത്തിനും ശക്‌തമായ തിരിച്ചുവരവു നടത്താൻ കഴിഞ്ഞതിൻ്റെ മുന്നണി പോരാളിയെന്ന വിശേഷണത്തോടെയാണ് രാഹുൽ പ്രതിപക്ഷ നേതൃസ്‌ഥാനത്തേക്ക് എത്തുന്നത്.
2019ലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു പാർട്ടി പ്രസിഡന്റ് പദം രാഹുൽ ഒഴിഞ്ഞിരുന്നു. പാർട്ടി വിട്ടവരെ അവഗണിച്ചും ഒപ്പം നിന്നവരെ ചേർത്തുപിടിച്ചുമായിരുന്നു പിന്നീടുള്ള വർഷങ്ങളിൽ രാഹുലിൻ്റെ പോരാട്ടം. രാഷ്ട്രീയത്തിൽ രാഹുൽ എത്തിയിട്ട് 20 വർഷം പിന്നിടുന്നു. 10 വർഷം അധികാരമില്ലാതെ നടത്തിയ പോരാട്ടങ്ങൾക്കൊടുവിൽ പ്രതിപക്ഷത്തെ നയിക്കാനുള്ള നിയോഗം രാഹുലിലേക്കെത്തുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലാണ് രാഹുൽ ഗാന്ധി മത്സരിച്ചത്. റായ്ബറേലിയിലും വയനാട്ടിലും. റായ്ബറേലിയിൽ 3,90,030 വോട്ടുകൾക്കും വയനാട്ടിൽ 3,64,422 വോട്ടുകൾക്കുമാണ് രാഹുൽ വിജയിച്ചത്. വടക്കേ ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു.
സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്‌ട്യമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് പാർട്ടിയിൽ വിമർശനം ഉയരുകയായിരുന്നു. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സിപിഐ വിമർശിക്കുന്നു.
മുഖ്യമന്ത്രിക്കെതിരെ മാത്രമല്ല, മന്ത്രിമാർക്കെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മന്ത്രിമാരുടേത് മോശം പ്രകടനമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടതും തിരിച്ചടിയായി. പൗരത്വ യോഗങ്ങൾ മതയോഗങ്ങളായി മാറിയെന്നും യോഗങ്ങളിൽ മതമേധാവികൾക്ക് അമിത പ്രാധാന്യം കൊടുത്തു.
ഈഴവ പിന്നാക്ക വിഭാഗങ്ങൾ ഇടതുപക്ഷത്തെ കൈവിടുകയായിരുന്നുവെന്നും നവ കേരള സദസ്സ് ധൂർത്തായി മാറിയെന്നും വിമർശനമുയരുന്നു. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചുവെന്നും വലിയ പണപ്പിരിവാണ് നടന്നതെന്നും രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിന് എതിരെയും വിമർശനം ഉയർന്നു.
പിപി സുനീറിനെ സ്ഥാനാർത്ഥിയാക്കിയതിനെ വിമർശിച്ച് അംഗങ്ങൾ രംഗത്തെത്തി. ന്യൂനപക്ഷമെന്ന പരിഗണനയിലാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ഇത് സിപിഐയുടെ രീതിയല്ല. ഇത്തരം പ്രവണതകൾ ഗുണം ചെയ്യില്ല. സികെ ചന്ദ്രപ്പൻ്റെയും വെളിയം ഭാർഗവൻ്റെയും കാലത്തെപ്പോലെ തിരുത്തൽ ശക്തിയാകാൻ സിപിഐക്ക് കഴിയുന്നില്ലെന്നും വിമർശനം ഉയർന്നു.
തൻ്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്‌ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതിമാറ്റിയെന്ന ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. താൻ എംഎൽഎ ആകുന്നതിന് എത്രയോ വർഷം മുൻപ് ഉണ്ടായിരുന്നതാണ് കൊടുമണ്ണിലെ 22.5 സെൻ്റ് സ്‌ഥലമെന്നും, കെട്ടിടം വച്ചത് 1.89 കോടിരൂപ ബാങ്ക് ലോണെടുത്താണെന്നും മന്ത്രി സമുഹമാധ്യമത്തിൽ വ്യക്തമാക്കി.
റോഡിന്റെ ഈ ഭാഗത്തുള്ള മുഴുവൻ പുറമ്പോക്കും അളന്ന് ഒഴിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. ഈ ഭാഗത്തുള്ള വസ്‌തുക്കളെല്ലാം അളന്ന് പുറമ്പോക്ക് ഉണ്ടെങ്കിൽ കണ്ടെത്തി അളന്ന് തിട്ടപ്പെടുത്തണം. ഭർത്താവ് ജോർജ് ജോസഫ് ഇതിനായി ജില്ലാ കലക്‌ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
ഭർത്താവിന്റെ ഉടമസ്‌ഥതയിലുള്ള കെട്ടിടത്തിനു മുന്നിലൂടെയാണ് ഏഴംകുളം -കൈപ്പട്ടൂർ റോഡ് പോകുന്നത്. ഈ റോഡിന് കിഫ്ബിയിലൂടെ പണം അനുവദിച്ച് ടാറിങ്ങിനായുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. താൻ മന്ത്രിയാകുന്നതിനു മുൻപ് 2020 ലാണ് 12 മീറ്റർ വീതിയിൽ റോഡ് നിർമാണത്തിന് കിഫ്ബി ധനാനുമതി നൽകിയത്. ഈ പറയുന്ന ഭാഗത്ത് റോഡിൻ്റെ വീതി 17 മീറ്ററാണ്. ഈ റോഡിന് ഇത്രയും വീതി മറ്റൊരിടത്തുമില്ല.
റോഡ് നിർമാണം നടക്കുന്നത് കിഫ്ബി 2020ൽ അനുവദിച്ച 12 മീറ്റർ വീതിയിൽ, നിശ്ചയിച്ച അലൈൻമെൻ്റിലാണ്. അതിൽ ഒരുതരത്തിലുള്ള മാറ്റവും ഈ ഭാഗത്ത് ഉണ്ടായിട്ടില്ല. അവിടെയാണ് ഇന്നലെ കോൺഗ്രസുകാർ കൊടി കുത്തിയത്. ഈ റോഡിനോട് ചേർന്ന് എതിർവശത്തുള്ള കോൺഗ്രസ് ഓഫിസ് പുറമ്പോക്കിലാണ് ഉള്ളത്. അവിടെ രേഖകളിൽ വീതി 23.5 മീറ്ററാണ്. അളന്നു നോക്കിയാൽ 14 മീറ്റർ മാത്രമാണ് ഇപ്പോൾ അവിടെയുള്ളതെന്നും മന്ത്രി ആരോപിച്ചു.
Labels
Popular Posts
-
മാഞ്ചസ്റ്റര് സിറ്റിയില് സന്തുഷ്ടനാണെങ്കിലും ഭാവിയില് ക്ലബ്ബ് വിടാനുള്ള സാധ്യതയും ഹാളണ്ട് തള്ളിക്കളഞ്ഞില്ല. കോപ്പഹേഗന് : ലോക ഫുട്ബോളിലെ...
-
ഇപ്പോള്‍ 30 വയസായ പോഗ്ബയ്ക്ക് നാല് വര്‍ഷത്തിന് ശേഷം ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കും. 2018ല്‍ ഫ്രാന്സ് ഫിഫ ലോകകപ്പ് ഉയര്ത്തുമ്പോള് ടീ...
-
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആദ്യ ഘട്ടത്തില് അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്ന...
-
പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ദീർഘകാല ആവശ്യം ഈ വർഷം കേന്ദ്രം പരിഗണിച്ചേക്കും. വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണ...
-
44 കന്നഡ ഭാഷാ പുസ്തകങ്ങളിലും 70 സാമൂഹിക ശാസ്ത്ര പുസ്തകങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പാഠപുസ്തകങ്ങൾ(Text books) പരിഷ്കരിക്കുന്നതിന്...