BREAKING NEWS
latest

728x90

header-ad

468x60

header-ad

International

International
Showing posts with label sports. Show all posts
Showing posts with label sports. Show all posts

അർഹമായ മെഡൽ തട്ടിയെടുക്കുകയായിരുന്നു; വിനേഷ് ഫോഗട്ടിന് വെള്ളി മെഡൽ നൽകണം - സച്ചിൻ തെണ്ടുൽക്കർ

 


ഗുസ്‌തി താരം വിനേഷ് ഫോഗട്ടിന് അവർക്ക് അർഹതപ്പെട്ട വെള്ളി മെഡൽ നൽകണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. വനിതകളുടെ 50 കി.ഗ്രാം വിഭാഗത്തിൽ ഫൈനലിലെത്തിയ വിനേഷിനെ സ്വർണ മെഡൽ പോരാട്ടത്തിന് മുമ്പ് നടത്തിയ ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതലാണെന്ന കാരണത്താൽ ഒളിമ്പിക് കമ്മിറ്റി അയോഗ്യയാക്കുകയായിരുന്നു. ഇതിനെതിരേ വിനേഷ് സമർപ്പിച്ച ഹർജി ലോക കായിക തർക്കപരിഹാര കോടിതിയുടെ പരിഗണനയിലിരിക്കെയാണ് പിന്തുണയുമായി സച്ചിൻ രംഗത്തെത്തിയിരിക്കുന്നത്.


വിനേഷ് വെള്ളി മെഡൽ അർഹിക്കുന്നുവെന്നും അവർക്ക് മെഡൽ നൽകണമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ സച്ചിൻ വ്യക്തമാക്കി.

ന്യായമായാണ് വിനേഷ് ഫൈനലിലേക്ക് യോഗ്യത നേടിയതെന്നും അവർക്ക് അർഹമായ മെഡൽ തട്ടിയെടുക്കുകയായിരുന്നുവെന്നും സച്ചിൻ കൂട്ടിച്ചേർത്തു. ഉത്തേജക ഉപയോഗം പോലുള്ള മോശം പ്രവൃത്തികളുടെ പേരിലാണ് ഈ അയോഗ്യതയെങ്കിൽ അത് മനസിലാക്കാം. എന്നാൽ ഇത് അങ്ങനെയല്ലെന്ന് പറഞ്ഞ അദ്ദേഹം വിനേഷിന് അർഹിക്കുന്ന അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.



പി. ആർ. ശ്രീജേഷിന് ഐഎഎസ് നൽകി കേരള സർക്കാർ ആദരിക്കണം; മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി കേരള ഒളിംപിക്‌സ് അസോസിയേഷൻ

 


പി. ആർ. ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് ആവശ്യപ്പെട്ട് കേരള ഒളിംപിക്‌സ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിൻ്റ് ഡയറക്‌ടറാണ് ശ്രീജേഷ്. ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡലോടെ പി. ആർ. ശ്രീജേഷ് രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചതിനു പിന്നാലെയാണ് ഒളിംപിക്സ് അസോസിയേഷന്റെ ആവശ്യം.



"മറ്റൊരു മലയാളി കായിക താരത്തിനും ഇല്ലാത്ത നേട്ടങ്ങളുടെ പെരുമ ശ്രീജേഷിനുണ്ട്. ശ്രീജേഷ് ലോകത്തിലെ തന്നെ ഹോക്കി ഇതിഹാസമായാണ് വിരമിക്കുന്നത്. കേരളത്തിൻന്റെ കായിക രംഗത്തിനൊന്നാകെ പ്രചോദനമായ ശ്രീജേഷിന് ഐഎഎസ് പദവി നൽകി കേരള സർക്കാർ ആദരിക്കണം."- ഒളിംപിക്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.



ഒളിമ്പിക്സ് ഗുസ്തി ഫൈനലിന് മുമ്പ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി

പാരീസ് ഒളിമ്പിക്‌സിലെ വനിതകളുടെ 50 കിലോഗ്രാം ഗുസ്തി ഫൈനലിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിക്കൊണ്ട് ഇന്ത്യയുടെ സ്വർണ്ണ മെഡൽ സാധ്യതകൾക്ക് വലിയ തിരിച്ചടിയായി. 29 കാരിയായ ഫൈനൽ ദിനത്തിൽ ഭാരോദ്വഹനത്തിൽ 100 ഗ്രാം അമിതഭാരം കണ്ടെത്തിയതിനാൽ രണ്ടാം ദിനം മത്സരിക്കാൻ അയോഗ്യയായി കണ്ടെത്തി. 
"വനിതകളുടെ ഗുസ്തി 50 കിലോഗ്രാം ക്ലാസിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയ വാർത്ത ഖേദത്തോടെയാണ് ഇന്ത്യൻ സംഘം പങ്കുവെക്കുന്നത്. രാത്രി മുഴുവൻ ടീം പരമാവധി ശ്രമിച്ചിട്ടും, ഇന്ന് രാവിലെ അവളുടെ ഭാരം കുറച്ച് ഗ്രാമിന് 50 കിലോഗ്രാമിൽ കൂടുതലായി. കൂടുതൽ അഭിപ്രായങ്ങളൊന്നും ഉണ്ടാകില്ല. വിനേഷിൻ്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഇന്ത്യൻ ടീം അഭ്യർത്ഥിക്കുന്നു, "ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

ചൊവ്വാഴ്ച വരെ അന്താരാഷ്ട്ര മത്സരങ്ങളിൽ പരാജയം കണ്ടിട്ടില്ലാത്ത യുവി സുസാക്കിയെ തോൽപ്പിച്ചാണ് വിനേഷ് ഫൈനലിൽ എത്തിയത്. ഇന്ത്യയിൽ നിന്നുള്ള മ്റൊരു വനിത ഗുസ്തി താരത്തിനും എത്താൻ സാധിക്കാത്ത ഇടത്തേയ്ക്കായിരുന്നു വിനേഷിൻ്റെ യാത്ര. എന്നാൽ കളിക്കളത്തിൽ ഇറങ്ങുെ മുൻപ് പരാജയപ്പെടേണ്ടിവന്നു.

സഞ്ജുവിന് അഞ്ച് കോടി; ടീമിന് ബിസിസിഐ പ്രഖ്യാപിച്ചത് 125 കോടി


 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐ പ്രഖ്യാപിച്ചത് 125 കോടി രൂപ. മുംബൈയിലെ സ്വീകരണ ചടങ്ങിൽ വച്ച് തുക സമ്മാനിക്കുകയും ചെയ്‌തു. ഇന്ത്യൻ ടീമിൻ്റെ ഭാഗമായ 42 അംഗങ്ങൾക്ക് ഈ തുക വീതിച്ച് നൽകും.


15 പേർക്ക് അഞ്ച് കോടി വീതം




15 അംഗ സ്ക്വാഡിലെ ഓരോ അംഗത്തിനും അഞ്ച് കോടി വീതം ലഭിക്കും. രോഹിത് ശർമ്മ (ക്യാപ്റ്റൻ), ഹർദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ് ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ശിവം ദുബെ രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർപ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്കാണ് അഞ്ചു കോടി വീതം കിട്ടുക.


റിസർവ് താരങ്ങൾക്ക് ഒരു കോടി


ടീമിലെ റിസർവ് താരങ്ങൾക്ക് ഒരു കോടി രൂപവീതം ലഭിക്കും. റിങ്കു സിങ്, ശുഭ്‌മാൻ ഗിൽ, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവരായിരുന്നു റിസർവ് താരങ്ങൾ.



രാഹുൽ ദ്രാവിഡിന് അഞ്ച് കോടി


മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിന് അഞ്ച് കോടി രൂപ ലഭിക്കും. ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്, ഫീൽഡിങ് കോച്ച് ടി ദിലീപ്, ബൗളിങ് കോച്ച് പരാസ് മാംബ്രെ എന്നിവർക്ക് രണ്ടരക്കോടി രൂപവിതം ലഭിക്കും.


സപ്പോർട്ടിങ് സ്റ്റാഫിന് രണ്ടുകോടി


സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങൾക്ക് രണ്ട് കോടി രൂപ വീതം ലഭിക്കം. ഒരു കോടി രൂപവീതം അജിത് അഗാർക്കർ ഉൾപ്പടെയുള്ള സെലക്ഷൻ കമ്മറ്റി അംഗങ്ങൾക്ക് ലഭിക്കും.



 ഐസിസി സമ്മാനത്തക 20.42 കോടി


കിരീടം നേടിയ ടീമീന് ഐസിസിയുടെ സമ്മാനത്തുക 20.42 കോടിയാണ്. ഇന്ത്യൻ ടീമീന് മഹാരാഷ്ട്ര സർക്കാർ 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.




ലോകകപ്പ് കിരീടവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം വിമാനമിറങ്ങി; ആദ്യ കൂടിക്കാഴ്ച്ച പ്രധാനമന്ത്രിയുമായി.

കാത്തിരിപ്പവസാനിച്ചു, ഇന്ത്യൻ ടീം താരങ്ങൾ ലോകകപ്പ് കിരീടവുമായി ഡൽഹിയിൽ വിമാനമിറങ്ങി. ബെറിൽ ചുഴലിക്കാറ്റ് രൂക്ഷമായതോടെ വിമാനത്താവളം അടച്ചിട്ടതോടെ തിരികെ നാട്ടിലെത്താൻ കഴിയാതെ നാല് ദിവസമാണ് ബാർബഡോസിൽ നാല് ദിവസത്തേക്ക് കുടുങ്ങിപ്പോയത്. ലോക ചാമ്പ്യന്മാരെ നാട്ടിലേക്ക് കൊണ്ടുവരാൻ എയർ ഇന്ത്യയുടെ പ്രത്യേക ചാർട്ടേഡ് വിമാനം ബാർബഡോസിലേക്ക് അയച്ചു.
18 മണിക്കൂർ നീണ്ട യാത്രയ്‌ക്ക് ശേഷം, തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ ആരാധകർ രാത്രി ഏറെ വൈകിയും നീണ്ട ക്യൂവിൽ കാത്തുനിന്നതിനാൽ ടീം ഒടുവിൽ ഇന്ത്യയിലെത്തി. വിമാനത്താവളത്തിലും ഹോട്ടൽ താജ് പാലസിലും ടീമിനെ വരവേൽക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 

ലോകകപ്പ് ട്രോഫിയെ പ്രതിനിധീകരിക്കുന്ന പ്രത്യേക കേക്കും ടീമിനായി തയ്യാറാക്കിയിട്ടുണ്ട്, അത് ടീമിൻ്റെ ഹോട്ടലിൽ എത്തുമ്പോൾ മുറിക്കും. ദേശീയ ത്രിവർണ്ണ പതാകയെ പ്രതിനിധീകരിക്കുന്ന വെൽക്കം ഡ്രിങ്കുകളും മുഴുവൻ ടീമിനും തയ്യാറാണ്. പ്രധാനമന്ത്രിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയ്ക്ക് ശേഷം, നരിമാൻ പോയിൻ്റ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെ ആരാധകർക്കായി പ്രത്യേക റോഡ് ഷോയ്ക്കായി ടീം മുംബൈയിലേക്ക് പറക്കും, അവിടെ മുഴുവൻ ടീമിനെയും ആദരിക്കും.

പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മുംബൈയിൽ എത്തിയ ശേഷമേ ആരാധകർക്ക് താരങ്ങളെ കാണാൻ അവസരമുള്ളൂ. ഡൽഹി വിമാനത്താവളത്തിലും തങ്ങളുടെ പ്രിയ താരങ്ങളെകാണാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്. എന്നാൽ പ്രതികൂലമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ മുംബൈയിൽ എത്തിയ ശേഷമേ താരങ്ങളും ലോകകപ്പ് കിരീടവും ആരാധകരിലേയ്ക്ക് എത്തുകയുള്ളൂ.

എടാ മോനേ...... കപ്പ് ഇന്ത്യ തൂക്കി ...... 7 റൺസിന് ജയിച്ചു ആവേശ ഫൈനൽ

 


എടാ മോനേ...... കപ്പ് ഇന്ത്യ തൂക്കി ...... 7 റൺസിന് ജയിച്ചു ആവേശ ഫൈനൽ


ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട്  വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ 39), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (21 പന്തില്‍ 31)എന്നിവര്‍ വിജയപ്രതീക്ഷ നല്‍കുന്ന പ്രകടനം പുറത്തെടുത്തു. ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ, വിരാട് കോലിയുടെ (59 പന്തില്‍ 76) ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അക്സര്‍ പട്ടേല്‍ (31 പന്തില്‍ 47) മികച്ച പ്രകടനം പുറത്തെടുത്തു.


മോശമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ബുമ്രയുടെ ഔട്ട്സ്വിങറില്‍ റീസ ഹെന്‍ഡ്രിക്സ് (4) ബൗള്‍ഡ്. മൂന്നാമനായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിനും (5) തിളങ്ങാനായില്ല. അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. എന്നാല്‍ നാലാം വിക്കറ്റില്‍ ഡികോക്ക് - സ്റ്റബ്‌സ് സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ സ്റ്റബ്‌സിനെ പുറത്താക്കി അക്‌സര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ക്ലാസന്‍ - ഡി കോക്ക് സഖ്യം ക്രീസിലൊന്നിച്ചു. ആ സമയത്ത് കാര്യമായി റണ്‍സ് വരികയും ചെയ്തു. 13-ാം ഓവറില്‍ കൂട്ടുകെട്ട് പിരിഞ്ഞു. അര്‍ഷ്ദീപിന്റെ പന്തില്‍ ഡി കോക്ക് പുറത്ത്. അധികം വൈകാതെ ക്ലാസനും മടങ്ങി. ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. ഇതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. അഞ്ചിന് 151 എന്ന നിലയിലായിരുന്നു അപ്പോള്‍ ദക്ഷിണാഫ്രിക്ക. മാര്‍കോ ജാന്‍സനെ (2) ബൗള്‍ഡാക്കി 18-ാം ഓവറില്‍ ബുമ്ര ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. അവസാന രണ്ട് ഓവറില്‍ 20 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

അര്‍ഷ്ദീപിന്റെ ആദ്യ രണ്ട് പന്തും കേശവ് മഹാരാജിന് തൊടാനായില്ല. മൂന്നാം പന്തില്‍ ഒരു റണ്‍. അടുത്ത പന്തില്‍ മില്ലര്‍ രണ്ട് റണ്‍ നേടി. അഞ്ചാം പന്തില്‍ ഒരു റണ്‍. അവസാന പന്തില്‍ റണ്‍സില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ്. അവസാന ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക് പാണ്ഡ്യ. ആദ്യ പന്തില്‍ തന്നെ മില്ലര്‍ പുറത്ത്. സൂര്യകുമാര്‍ യാദവ് ബൗണ്ടറി ലൈനിലെടുത്ത് അത്ഭുത ക്യാച്ചാണ് മില്ലറെ പറഞ്ഞയച്ചത്. സിക്‌സെന്ന് ഉറപ്പിച്ച ഷോട്ടായിരുന്നു അത്. അടുത്ത പന്തില്‍ കഗിസോ റബാദ ബൗണ്ടറി നേടി. പിന്നാലെ സിംഗിള്‍. അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ 11 റണ്‍സ്. നാലാം പന്തില്‍ കേശവ് മഹാരാജ് സിംഗിള്‍ നേടി. പിന്നാലെ ഹാര്‍ദിക് വൈഡ് എറിഞ്ഞു. ഇനി വേണ്ടത് ഒമ്പത് റണ്‍സ്. അഞ്ചാം പന്തില്‍ റബാദ (4) പുറത്ത്. ഇന്ത്യ കിരീടമുറപ്പിച്ചു. അവസാന പന്തില്‍ നോര്‍ജെ ഒരു റണ്‍ നേടി. കേശവ് മഹാരാജ് (2) പുറത്താവാതെ നിന്നു.

നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മാര്‍കോ ജാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 15 റണ്‍സ് നേടികൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ രോഹിത് ശര്‍മയാണ് (9) ആദ്യം മടങ്ങുന്നത്. മഹാരാജിന്റെ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ ഹെന്റിച്ച് ക്ലാസന്റെ കയ്യിലൊതുങ്ങി. നേരിട്ട രണ്ടാമത്തെ പന്തില്‍ പന്തും മടങ്ങി. മഹാരാജിന്റെ ഫുള്‍ടോസ് ബാറ്റി തട്ടി പൊങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് അനായാസമായി കയ്യിലൊതുക്കി. നാല് റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനെ റബാദയും, ക്ലാസന്റെ കൈകളിലെത്തിച്ചു. ഇതോടെ മൂന്നിന് 34 എന്ന നിലയിലായി ഇന്ത്യ.

പിന്നീടാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. സ്ഥാനക്കയറ്റം നേടിയെത്തിയ അക്സര്‍ പട്ടേല്‍ ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. കോലിക്കൊപ്പം ചേര്‍ന്ന അക്സര്‍ 72 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 14-ാം ഓവറില്‍ അക്സര്‍ റണ്ണൗട്ടായി. നാല് സിക്സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു അക്സറിന്റെ ഇന്നിംഗ്സ്. അക്സര്‍ മടങ്ങിയെങ്കിലും ദുബെ, കോലിക്ക് നിര്‍ണാക പിന്തുണ നല്‍കി. ഇരുവരും 57 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 19-ാം ഓവറില്‍ കോലി ജാന്‍സന് വിക്കറ്റ് നല്‍കി. രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. അവസാന ഓവറില്‍ ദുബെ, രവീന്ദ്ര ജഡേജ (2) എന്നിവര്‍ മടങ്ങി. ഹാര്‍ദിക് പാണ്ഡ്യ (5) പുറത്താവാതെ നിന്നു.




ചെങ്കോൽ മാറ്റി അവിടെ ഭരണഘടന സ്‌ഥാപിക്കണം; ചോദ്യം ചെയ്‌തത്‌ ഇന്ത്യൻ സംസ്‌കാരത്തെയാണെന്ന് ബിജെപി

 


ലോക്‌സഭാ സ്‌പീക്കറിൻ്റെ ഇരിപ്പിടത്തിനു സമീപമായി സ്ഥാപിച്ച ചെങ്കോലിനെ ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ പോര്.  ജനാധിപത്യത്തിൽ ചെങ്കോലിൻ്റെ സസ്ഥാനമെന്തെന്ന് സമാജ്വാദി പാർട്ടി എംപി ആർ.കെ.ചൗധരി ചോദ്യമുന്നയിച്ചതോടെയാണ് തർക്കങ്ങളുടെ തുടക്കം. പ്രതിപക്ഷ എംപി ചോദ്യം ചെയ്‌തത്‌ ഇന്ത്യൻ സംസ്‌കാരത്തെയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. സ്‌പീക്കർ ഓം ബിർലയ്ക്ക് അയച്ച കത്തിൽ ചെങ്കോൽ മാറ്റി ഭരണഘടന വയ്ക്കണമെന്നായിരുന്നു എംപിയുടെ നിർദേശം.



"ഭരണഘടന അംഗീകരിച്ചതാണ് രാജ്യത്തെ ജനാധിപത്യത്തിന്റെ തുടക്കമായി അടയാളപ്പെടുത്തുന്നത്. രണ്ടാം ബിജെപി സർക്കാർ അതിന്റെ അവസാനകാലത്ത് സ്‌പീക്കറുടെ ഇരിപ്പിടത്തിന് അടുത്തായി ചെങ്കോൽ സ്‌ഥാപിച്ചു. ചെങ്കോൽ എന്നത് തമിഴ് വാക്കാണ്. അതിനർഥം രാജദണ്ഡ് എന്നാണ്. അതിന് രാജാവിന്റെ ദണ്ഡ് എന്ന അർഥവുമുണ്ട്.



 രാജാക്കന്മാരുടെ കാലഘട്ടത്തിൽനിന്ന് നാം സ്വതന്ത്രരായി. ഇന്നു രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള വോട്ടവകാശം എല്ലാ പൗരന്മാർക്കുമുണ്ട്. ഈ രാജ്യം ഭരണഘടനയിലൂടെയാണോ, അതോ രാജദണ്ഡ് ഉപയോഗിച്ചാണോ ഭരിക്കാൻ പോകുന്നത്? "- എംപി ചോദിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി ചെങ്കോൽ മാറ്റി അവിടെ ഭരണഘടന സ്‌ഥാപിക്കണമെന്നും ചൗധരി പറഞ്ഞു.



മുതിർന്ന കോൺഗ്രസ് നേതാവും സമാജ്‌വാദി പാർട്ടി എംപിയുടെ പരാമർശത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ചെങ്കോൽ കാലം അവസാനിച്ചെന്നും ഇത് ജനാധിപത്യത്തിൻ്റെ നാളുകളാണെന്നുമാണ് കോൺഗ്രസ് നേതാവും എംപിയുമായ ബി.മാണിക്കം ടാഗോർ പറഞ്ഞത്. ചെങ്കോലിനെ കുറിച്ചുള്ള ചോദ്യത്തോട് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പരിഹാസരൂപത്തിൽ പ്രതികരിച്ചു. "ചെങ്കോൽ സ്‌ഥാപിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെ വണങ്ങി. ഇത്തവണ സത്യപ്രതിജ്‌ഞ ചെയ്യാൻ നേരം അതിനെ വണങ്ങാൻ മറന്നുപോയി. നമ്മുടെ എംപി അക്കാര്യം പ്രധാനമന്ത്രിയെ ഓർമിപ്പിക്കണം."




ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍; അവിടെ നിന്ന് ലോകം ആരാധിക്കുന്ന കാല്‍പന്ത് കളിക്കാരനായി മാറിയ മെസ്സി.

കാല്‍പ്പന്ത് കളിയിലെ 'മിശിഹ' എന്ന് വിളിപ്പേരുള്ള അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസിയ്ക്ക് ഇന്ന് 37-ാം പിറന്നാള്‍. പ്രായം കൂടുംതോറും വീര്യം കൂടുമെന്ന പ്രയോഗത്തിന് ഏറ്റവും യോഗ്യന്‍ താനാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഈ അടുത്ത കാലം വരെ മെസി കാഴ്ചവെച്ചിട്ടുള്ളത്. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അര്‍ജന്റീനയ്ക്കായി കളിച്ചുകൊണ്ടിരിക്കുകയാണ് മെസി ഇപ്പോള്‍. 
 ഇടംകാലില്‍ ഒളിപ്പിച്ച വിസ്മയങ്ങളാണ് മെസിയെന്ന പ്രതിഭയുടെ ട്രേഡ് മാര്‍ക്ക്. എന്നാല്‍, പലര്‍ക്കും അറിയാത്ത ഒരു ഭൂതകാലം ആ കാലുകളുടെ വളര്‍ച്ചയ്ക്ക് പിന്നിലുണ്ട്. മെസിക്ക് കുട്ടിക്കാലത്ത് ഗുരുതരമായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സാധാരണ മനുഷ്യര്‍ നടക്കുന്നതുപോലെ അടിവെച്ച് നടക്കാന്‍ പോലും മെസിക്ക് കഴിയില്ലെന്ന് തോന്നിയ കാലം. അവിടെ നിന്നാണ് ലോകം ആരാധിക്കുന്ന കാല്‍പന്ത് കളിക്കാരനായി മെസി മാറിയത്.പത്താം വയസില്‍ ശരീര വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഹോര്‍മോണ്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്ത ഗ്രോത്ത് ഹോര്‍മോണ്‍ ഡെഫിഷ്യന്‍സി എന്ന രോഗം മെസ്സിയെ പിടികൂടി. എന്നാല്‍, ഫുട്‌ബോള്‍ കളിയില്‍ മെസിക്കുള്ള പ്രാവീണ്യം സ്‌പെയിനിലെ വമ്പന്‍ ക്ലബായ ബാഴ്‌സലോണ ശ്രദ്ധിച്ചിരുന്നു. കളിമികവ് കണക്കിലെടുത്താണ് ബാഴ്‌സലോണ മെസിയുമായി കരാര്‍ ഒപ്പിട്ടത്. ചികിത്സയ്ക്ക് ആവശ്യമായ പണം നല്‍കാമെന്ന് ബാഴ്‌സലോണ വാഗ്ദാനം ചെയ്യുകയായിരുന്നു. മറ്റ് വമ്പന്‍ ക്ലബുകളില്‍ നിന്ന് വലിയ ഓഫറുകള്‍ വന്നിട്ടും മെസി വര്‍ഷങ്ങളോളം ബാഴ്‌സലോണയില്‍ തന്നെ ഉറച്ചുനിന്നത് ഈ ആത്മബന്ധം കാരണമാണ്.കരിയറിലുടനീളം അന്താരാഷ്‍ട്ര കിരീടമില്ലെന്ന പഴികേട്ട് നിരാശനായി ആൽബിസെലസ്റ്റെ ജേഴ്സിയിൽ പന്തുതട്ടിയ മെസി ഇന്ന് ലോകത്തിന്‍റെ നെറുകയിലാണ്. രണ്ട് വർഷത്തിനിടെ അർജന്‍റീനയ്ക്കൊപ്പം മൂന്ന് കിരീടങ്ങൾ. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബാലണ്‍ ഡിയോര്‍ നേടിയ താരവും മെസി തന്നെയാണ്. 8 തവണയാണ് മെസി പുരസ്‌കാരം നേടിയത്. ഏറ്റവും കൂടുതല്‍ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയതും മെസിയാണ്. 6 തവണയാണ് അദ്ദേഹം ഗോള്‍ഡന്‍ ഷൂവിന് അര്‍ഹനായത്. ലോറസ് പുരസ്കാരം രണ്ട് വട്ടം നേടിയ ഒരേയൊരു ഫുട്ബോളർ.ഗോളുകൾ, കിരീടങ്ങൾ, ബാലോൺഡി ഓർ അങ്ങനെ ബാഴ്സ കുപ്പായത്തില്‍ മെസി നേടാത്ത പുരസ്കാരങ്ങളോ കിരീടങ്ങളോ ഇല്ല. എതിരാളികളെയും ഇതിഹാസങ്ങളെയും ഒന്നൊന്നായി പിന്നിലാക്കി മുന്നോട്ട്. മെസ്സിക്കാലത്തെ അടയാളപ്പെടുത്താൻ റെക്കോർഡ് ബുക്കുകൾ പോരാതെ വരും.

കേരള ബ്ലാസ്‌റ്റേഴ്‌സിന് 'ക്ലബ്ബ് ലൈസൻസ് പരീക്ഷയിലും' തോൽവി; ലൈസൻസ് ലഭിച്ചില്ലെങ്കിൽ അടുത്തസീസണിൽ കളിക്കാൻ കഴിയില്ല

 

കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ കിരീടം നേടാൻകഴിയാതെപോയ കേരള ബ്ലാസ്‌റ്റേഴ്‌സിന് 'ക്ലബ്ബ് ലൈസൻസ് പരീക്ഷയിലും' തോൽവി. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പ്രീമിയർ -1 ക്ലബ്ബ് ലൈസൻസ് കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം നാലു ടീമുകൾക്ക് ലഭിച്ചില്ല. ലൈസൻസ് ലഭിച്ചില്ലെങ്കിൽ അടുത്തസീസണിൽ കളിക്കാൻ കഴിയില്ല.

ബ്ലാസ്റ്റേഴ്‌സിനു പുറമേ, ഹൈദരാബാദ് എഫ്.സി., ഒഡിഷ എഫ്.സി., ജംഷേദ്പുർ എഫ്.സി. എന്നിവയാണ് ക്ലബ്ബ് ലൈസൻസ് ടെസ്റ്റിൽ പരാജയപ്പെട്ട മറ്റു ക്ലബ്ബുകൾ. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ്റെ ക്ലബ്ബ് ലൈസൻസ് നിബന്ധനകൾ പൂർണമായും പാലിക്കാൻ കഴിയാത്തതാണ് ഈ ക്ലബ്ബുകൾക്ക് തിരിച്ചടിയായത്. നിബന്ധനകൾ പാലിച്ച് ക്ലബ്ബുകൾക്ക് വീണ്ടും അപേക്ഷനൽകാൻ അവസരമുണ്ട്. ഇതിലും പരാജയപ്പെട്ടാൽ ക്ലബ്ബുകൾക്ക് ഐ.എസ്.എലിലും ഏഷ്യൻതല മത്സരങ്ങളിലും പങ്കെടുക്കാൻ കഴിയില്ല.



പഞ്ചാബ് എഫ്.സി.യാണ് നേരിട്ട് ലൈസൻസ് ലഭിച്ച ക്ലബ്ബ്. നിലവിലെ ചാമ്പ്യന്മാരായ മോഹൻബഗാൻ സൂപ്പർ ജയൻ്റ്സ്, ഷീൽഡ് വിന്നേഴ്‌സായ ഈസ്റ്റ് ബംഗാൾ, ബെംഗളൂരു എഫ്‌.സി., ചെന്നൈയിൻ എഫ്‌.സി., നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പുതുതായി സ്ഥാനക്കയറ്റം നേടിയെത്തിയ മുഹമ്മദൻസ് ക്ലബ്ബുകൾക്ക് ഉപാധികളോടെയാണ് ലൈസൻസ് അനുവദിച്ചത്.




ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി കളമൊഴിയുന്നു

 

ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. ജൂൺ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു 39-കാരനായ താരത്തിന്റെ പ്രഖ്യാപനം.


2005 ജൂൺ 12-ന്‌ പാകിസ്‌താനെതിരേ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ആ കളിയിൽതന്നെ ഗോളും നേടി. ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 65-ാം മിനിറ്റിലാണ് ഛേത്രി കന്നിഗോൾ നേടിയത്. മത്സരം സമനിലയിൽ കലാശിച്ചു. ഇതുവരെ 150 മത്സരങ്ങളിൽ നിന്നായി 94 ഗോളുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായി കളിക്കുന്നവരിൽ ഗോൾനേട്ടത്തിൽ മൂന്നാമതാണ് താരം.



2012 എഎഫ്സി ചലഞ്ച് കപ്പിലാണ് ഛേത്രി ആദ്യമായി നായകനാകുന്നത്. നെഹ്റുകപ്പിൽ അടക്കം രാജ്യത്തെ കിരീടത്തിലേക്ക് നയിക്കാൻ ഛേത്രിക്കായി. ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും ബെംഗളൂരു എഫ്.സി.യെ കിരീടനേട്ടത്തിലേക്ക് നയിച്ചു.


രാജ്യത്തിനകത്തും പുറത്തുമായി ഒമ്പത് ക്ലബ്ബുകൾക്കായി കളിച്ചു. അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബ്ബ് കൻസാസ് സിറ്റിക്കും പോർച്ചുഗലിലെ സ്പോർട്ടിങ് ലിസ്‌ബൺ റിസർവ് ടീമിനും കളിച്ചു. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ജെ.സി.ടി, ഡെംപോ ഗോവ, ചിരാഗ് യുണൈറ്റഡ്, ചർച്ചിൽ ബ്രദേഴ്‌സ്, മുംബൈ സിറ്റി ടീമുകൾക്കായും ബൂട്ടുകെട്ടി.



2011-ൽ അർജുന പുരസ്‌കാരവും 2019-ൽ പദ്‌മശ്രീ ബഹുമതിയും ലഭിച്ചു. ആറു തവണ രാജ്യത്തെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടു.


എ.എഫ്.സി. ചാലഞ്ച് കപ്പ് (2008), സാഫ് കപ്പ് (2011, 2015), നെഹ്റു കപ്പ് (2007, 2009, 2012) നേട്ടങ്ങളിൽ പങ്കാളി. ഇന്ത്യയ്ക്കായി കൂടുതൽ അന്താരാഷ്ട്ര മത്സരം കളിച്ചതിൻ്റെയും ഗോളുകൾ നേടിയതിന്റെയും റെക്കോഡ് ഛേത്രിയുടെ പേരിലാണ്. 2019-ൽ കിങ്സ് കപ്പിൽ കുറാസാവോക്കെതിരേ കളിക്കാനിറങ്ങിയപ്പോഴാണ് 107 മത്സരമെന്ന ബൈച്ചുങ് ബൂട്ടിയയുടെ റെക്കോഡ് ഛേത്രി മറികടന്നത്. 



4*400 മീറ്റർ റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ക്ക് ഒളിംപിക്സ് യോഗ്യത.

4*400 മീറ്റർ റിലേയിൽ പുരുഷ -വനിതാ ടീമുകൾ ഈ വര്‍ഷം നടക്കുന്ന പാരീസ് ഒളിംപിക്സിന് യോഗ്യത നേടി. മൂന്ന് മലയാളികളടങ്ങിയ പുരുഷ ടീമാണ് റിലേയില്‍ ഒളിംപിക്സ് യോഗ്യത നേടിയത്. മലയാളികളായ മുഹമ്മദ്‌ അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ്‌ അജ്മൽ എന്നിവര്‍ക്ക് പുറമെ ആരോഗ്യ രാജീവ് ആണ് പുരുഷ റിലേ ടീമിലുണ്ടായിരുന്നത്.
ഹീറ്റ്സിന്‍റെ രണ്ടാം റൗണ്ടില്‍ അമേരിക്കക്ക് (2:59.95) പിന്നില്‍ 3:3.23 രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയതാണ് ഇന്ത്യൻ പുരുഷ റിലേ ടീം പാരീസ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. മൂന്ന് ഹീറ്റ്സുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കായിരുന്നു ഒളിംപിക്സ് യോഗ്യത ഉണ്ടായിരുന്നത്.
ലോക അത്ലറ്റിക് റിലേയിലെ ഹീറ്റ്സിന്‍റെ രണ്ടാം റൗണ്ടില്‍ രണ്ടാമത് എത്തിയാണ് ഇന്ത്യൻ പുരുഷ ടീം ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. വനിതകളില്‍ രൂപാല്‍ ചൗധരി, എം ആര്‍ പൂവമ്മ, ജ്യോതിക ശ്രി ദണ്ഡി, ശുഭ വെങ്കടേശന്‍ എന്നിവരടങ്ങിയ സംഘമാണ് ഒളിംപിക്സ് യോഗ്യത നേടിയത്. ഹീറ്റ്സില്‍ ജമൈക്കക്ക് (3:28.54) പിന്നില്‍ 3:29.35 മിനിറ്റില്‍ ഓടിയെത്തിയാണ് ഇന്ത്യന്‍ വനിതാ സംഘം പാരീസ് ഒളിംപിക്സിന് ടിക്കറ്റെടുത്തത്. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11വരെ പാരീസിലാണ് ഒളിംപിക്സ്.
റിലേയിലെ പുരുഷ-വനിതാ ടീമുകള് യോഗ്യത ഉറപ്പാക്കിയതോടെ പാരീസ് ഒളിംപിക്സിന് ടിക്കറ്റെടുത്ത ഇന്ത്യൻ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളുടെ എണ്ണം 19 ആയി. ജാവലിനിലെ നിലവിലെ ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്ര അടക്കമാണിത്. ഓഗസ്റ്റ് ഒന്നു മുതലാണ് പാരീസ് ഒളിംപിക്സിലെ അത്‌ലറ്റിക്സ് മത്സരങ്ങള്‍ തുടങ്ങുക.

ധരംശാല ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, റോബിൻസണ്‍ പുറത്ത്

 എന്നാല്‍ അവസാനവട്ട പിച്ച് പരിശോധനക്ക് ശേഷം ടീമിന്‍റെ സന്തുലനം നിലനിര്‍ത്താന്‍ രണ്ട് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമെന്ന തീരുമാനത്തില്‍ ഇംഗ്ലണ്ട് ടീം മാനേജ്മെന്‍റ് എത്തി.


ധരംശാല: ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ കളിച്ച ഒലി റോബിന്‍സണെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ പേസര്‍ മാര്‍ക് വുഡ് തിരിച്ചെത്തി. സ്പിന്നര്‍മാരായി ഷുയൈബ് ബഷീറും ടോം ഹാര്‍ട്‌ലിയും പ്ലേയിംഗ് ഇലവനില്‍ തുടരും.

ധരംശാലയിലെ തണുപ്പുള്ള കാലവാസ്ഥയില്‍ മൂന്നാമത് ഒരു പേസറെ കൂടി ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും രണ്ട് സ്പിന്നര്‍മാരെ നിലനിര്‍ത്താന്‍ ഇംഗ്ലണ്ട് തീരുമാനിക്കുകയായിരുന്നു. ഹിമാചല്‍പ്രദേശും ഡല്‍ഹിയും തമ്മില്‍ രഞ്ജി ട്രോഫി മത്സരം കളിച്ച പിച്ചില്‍ തന്നെയാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റും കളിക്കുന്നത്. ഹിമാചല്‍-ഡല്‍ഹി മത്സരത്തില്‍ വീണ 40 വിക്കറ്റില്‍ 36ഉം സ്വന്തമാക്കിയത് പേസര്‍മാരായിരുന്നു.


എന്നാല്‍ അവസാനവട്ട പിച്ച് പരിശോധനക്ക് ശേഷം ടീമിന്‍റെ സന്തുലനം നിലനിര്‍ത്താന്‍ രണ്ട് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമെന്ന തീരുമാനത്തില്‍ ഇംഗ്ലണ്ട് ടീം മാനേജ്മെന്‍റ് എത്തി. റാഞ്ചി ടെസ്റ്റില്‍ 70 ഓവറുകള്‍ എറിഞ്ഞ ഷുയൈബ് ബഷീറിന് കൈവിരലില്‍ പരിക്കേറ്റിരുന്നു. ഇംഗ്ലണ്ടിന്‍റെ അവസാന പരിശീലന സെഷനില്‍ ബഷീര്‍ പങ്കെടുത്തിരുന്നുമില്ല. എന്നാല്‍ വയറിന് അസുഖമായതിനാലാണ് ബഷീറും റോബിന്‍സണും അവസാന പരിശീലന സെഷനില്‍ പങ്കെടുക്കാതിരുന്നതെന്ന് ഇംഗ്ലണ്ട് ടീം മാനേജ്മെന്‍റ് വ്യക്തമാക്കി.അ‍ഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ അടുത്ത മൂന്ന് ടെസ്റ്റിലും ജയിച്ച് ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ,  ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഫോക്സ്, ടോം ഹാർട്ട്ലി, മാർക്ക് വുഡ്,  ജെയിംസ് ആൻഡേഴ്സൺ,ഷോയൈബ് ബഷീർ.

മെസി വിരമിച്ചാലെ ഇനി എനിക്കൊക്കെ എന്തെങ്കിലും സാധ്യതയുള്ളു, തുറന്നു പറഞ്ഞ് ഏര്‍ലിങ് ഹാളണ്ട്

 മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സന്തുഷ്ടനാണെങ്കിലും ഭാവിയില്‍ ക്ലബ്ബ് വിടാനുള്ള സാധ്യതയും ഹാളണ്ട് തള്ളിക്കളഞ്ഞില്ല.


കോപ്പഹേഗന്‍: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കി മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍വേട്ട നടത്തുന്ന നോര്‍വെ താരം ഏര്‍ലിങ് ഹാളണ്ട്. അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി വിരമിച്ചാല്‍ മാത്രമെ ഇനി മറ്റൊരു താരത്തെ ഏറ്റവും മികച്ച താരമെന്ന് പറയാന്‍ പോലുമാകൂവെന്ന് ഹാളണ്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച കളിക്കാരനാണ് മെസി. അദ്ദേഹം വിരമിച്ചാലെ മറ്റൊരു കളിക്കാരനെ മികച്ചവനെന്ന് പോലും പറയാനാവു. കഴിഞ്ഞ ബാലണ്‍ ഡി ഓര്‍ പോരാട്ടത്തില്‍ അവസാന മൂന്നിലെത്തിയെങ്കിലും ഹാളണ്ടിന് മെസിക്ക് മുന്നില്‍ പുരസ്കാരം നഷ്ടമായിരുന്നു.

മെസി വിരമിച്ചാല്‍ മാത്രമെ താങ്കള്‍ക്ക് ബാലണ്‍ ഡി ഓര്‍ കിട്ടൂ എന്ന ചോദ്യത്തിന് നല്ല ചോദ്യം, പക്ഷെ എനിക്ക് 23 വയസെ ആയിട്ടുള്ളൂ, ബാലണ്‍ ഡി ഓര്‍ നേടാന്‍  ഇനിയും അവസരമുണ്ടെന്നും കോപ്പൻഹേഗനെതിരായ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹാളണ്ട് വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ സിറ്റി കുപ്പായത്തില്‍ 52 ഗോളുകളാണ് ഹാളണ്ട് അടിച്ചു കൂട്ടിയത്.


മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സന്തുഷ്ടനാണെങ്കിലും ഭാവിയില്‍ ക്ലബ്ബ് വിടാനുള്ള സാധ്യതയും ഹാളണ്ട് തള്ളിക്കളഞ്ഞില്ല. ഇപ്പോള്‍ ഇവിടെ സന്തുഷ്ടനാണ്. പക്ഷെ ഭാവിയില്‍ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കും പറയാനാവില്ലല്ലോ എന്നും ഹാളണ്ട് ചോദിച്ചു. 2022ൽ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് സിറ്റിയിലെത്തി ഹാളണ്ടിന് 2027വരെയാണ് കരാറുള്ളത്.

ഇതുവരെ സിറ്റിക്കായി കളിച്ച 84 മത്സരങ്ങളില്‍ 80 ഗോളുകളാണ് ഹാളണ്ട് അടിച്ചുകൂട്ടിയത്. ഹാളണ്ടിനെ സ്വന്തമാക്കാന്‍ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡ് നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പി എസ് ജി താരം കിലിയന്‍ എംബാപ്പെയെ ടീമിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഹാളണ്ടിനെ നോട്ടമിടാനായിരുന്നു റയലിന്‍റെ പദ്ധതി.

ഫ്രഞ്ച് ലോകകപ്പ് ജേതാവ് പോള്‍ പോഗ്ബയുടെ കരിയറിന് അവസാനം? യുവന്‍റസ് താരത്തിന്‍റെ കരിയറിന് നാല് വര്‍ഷം വിലക്ക്

 ഇപ്പോള്‍ 30 വയസായ പോഗ്ബയ്ക്ക് നാല് വര്‍ഷത്തിന് ശേഷം ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കും. 2018ല്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീമിനെ പ്രധാനികളില്‍ ഒരാളായിരുന്നു പോഗ്ബ.





റോം: സീരി എ ക്ലബ് യുവന്റസിന്റെ ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബയ്ക്ക് നാല് വര്‍ഷത്തെ വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 2023 ഓഗസ്റ്റ് 20-ന് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ പോഗ്ബ പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് വിധി വന്നത്. നിരോധിത പദാര്‍ത്ഥമായ ടെസ്റ്റോസ്റ്റിറോണാണ് പോഗ്ബയുടെ ശരീരത്തിലുണ്ടായിരുന്നത്. സെപ്റ്റംബറില്‍ ഇറ്റലിയിലെ ദേശീയ ഉത്തേജക വിരുദ്ധ (NADO ഇറ്റാലിയ) ട്രൈബ്യൂണല്‍ പോഗ്ബയെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 


പോഗ്ബയുടെ സസ്‌പെന്‍ഷന്‍ അദ്ദേഹത്തിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തുക മാത്രമല്ല, ലീഗില്‍ യുവന്റസിന് തിരിച്ചടി നല്‍കുകയും ചെയ്യും. പ്രധാന പ്ലേമേക്കറെയാണ് ടീമിന് നഷ്ടമായിരിക്കുന്നത്. ഇതോടെ താരത്തിന്റെ കരിയര്‍ അവസാനിച്ചുവെന്ന് തന്നെ പറയാം. ഇപ്പോള്‍ 30 വയസായ പോഗ്ബയ്ക്ക് നാല് വര്‍ഷത്തിന് ശേഷം ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കും. 2018ല്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീമിനെ പ്രധാനികളില്‍ ഒരാളായിരുന്നു പോഗ്ബ. 2022 ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. 


വിധിക്കെതിരെ താരത്തിന് അപ്പീലിന് പോവാം. യുവന്റസുമായി താരത്തിന് 2025 വരെ കരാറുണ്ട്. എന്നാല്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരം കൂടിയായ പോഗ്ബയുടെ കരാര്‍ യുവന്റസ് റദ്ദാക്കിയേക്കും. ഫ്രാന്‍സിന് വേണ്ടി 91 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 11 ഗോളുകള്‍ നേടിയിട്ടുണ്ട്. 2011-12ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെയാണ് താരം കരിയറിന് തുടക്കമിടുന്നത്. 2012ല്‍ യുവന്റസിലെത്തിയ താരം 2016ല്‍ വീണ്ടും മാഞ്ചസ്റ്ററിലേക്ക് പറന്നു. ആറ് വര്‍ഷത്തിന് ശേഷം വീണ്ടും യുവന്റസിലേക്ക്. താരം പിടിക്കപ്പെട്ടത് ഞെട്ടലോടെയാണ് ഫുട്‌ബോള്‍ ലോകം വായിക്കുന്നത്. അതോടൊപ്പം യുവതാരങ്ങള്‍ക്കുള്ള താക്കീത് കൂടിയാണിത്.

റയല്‍ മാഡ്രിഡില്‍ എംബാപ്പെയും ഒരുമിക്കും? മാഞ്ചസ്റ്റര്‍ സിറ്റി താരത്തെ റാഞ്ചാനൊരുങ്ങി സ്പാനിഷ് വമ്പന്മാര്‍

കിലിയന്‍ എംബാപ്പേയ്‌ക്കൊപ്പം ഹാലന്‍ഡിനെയും മുന്നേറ്റനിരയില്‍ അണിനിരത്തുകയാണ് റയലിന്റെ ലക്ഷ്യം. ജര്‍മ്മന്‍ ക്ലബ് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ഹാലന്‍ഡിനെ സിറ്റിയില്‍ എത്തിച്ചത് ഏജന്റ് റഫേല പിമെന്റ ആയിരുന്നു.


മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റിതാരം എര്‍ലിംഗ് ഹാലന്‍ഡിനെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡിഡ്. ഹാലന്‍ഡിനും റയലിലേക്ക് മാറാന്‍ താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടിയന്ത്രമാണ് എര്‍ലിംഗ് ഹാലന്‍ഡ്. ടീമിലെത്തിയ ആദ്യ സീസണില്‍ തന്നെ ഹാലന്‍ഡ് സിറ്റിക്ക് സമ്മാനിച്ചത് ഹാട്രിക് കിരീടം. ഈ സീസണിലും ഗോളടിമികവുമായി മുന്നേറുകയാണ് ഹാലന്‍ഡ്. 2027വരെ സിറ്റിയുമായി കരാറുള്ള ഹാലന്‍ഡിനെ സ്വന്തമാക്കാനുള്ള നീക്കത്തിലാണിപ്പോള്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്. 

കിലിയന്‍ എംബാപ്പേയ്‌ക്കൊപ്പം ഹാലന്‍ഡിനെയും മുന്നേറ്റനിരയില്‍ അണിനിരത്തുകയാണ് റയലിന്റെ ലക്ഷ്യം. ജര്‍മ്മന്‍ ക്ലബ് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ഹാലന്‍ഡിനെ സിറ്റിയില്‍ എത്തിച്ചത് ഏജന്റ് റഫേല പിമെന്റ ആയിരുന്നു. 2027 വരെയാണ് കരാറെങ്കിലും ഈവര്‍ഷം ജൂണില്‍ ഹാലന്‍ഡിന് മറ്റ് ക്ലബുകളുടെ ഓഫറുകള്‍ സ്വീകരിക്കാമെന്ന ഉപാധിയോടെയാണ് റഫേല പിമെന്റ രേഖകള്‍ തയ്യാറാക്കിയിരിക്കുന്നത്. 

ഈ ഉപാധിയിലൂടെ ഹാലന്‍ഡിനെ സ്വന്തമാക്കുകയാണ് റയലിന്റെ ലക്ഷ്യം. റയലില്‍ കളിക്കുക ഹാലന്‍ഡിന്റെയും ആഗ്രഹമാണ്. ഇതോടെ കാര്യങ്ങള്‍ എളുപ്പമാവുമെന്നാണ് റയലിന്റെ പ്രതീക്ഷ. ഹാലന്‍ഡിനെ വിട്ടുനല്‍കാന്‍ സിറ്റി എത്രതുക ചോദിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഇനിയുള്ള കാര്യങ്ങള്‍. ഇതോടൊപ്പം എംബാപ്പേ, ഹാലന്‍ഡ്, വിനിഷ്യസ്, ബെല്ലിംഗ്ഹാം, റോഡ്രിഗോ തുടങ്ങിയവര്‍ ഒരുമിച്ച് കളിക്കുമ്പോള്‍ റയല്‍ ശമ്പള ബില്‍ എങ്ങനെ നിയന്ത്രിക്കുമെന്നതും കൗതുകം. സ്പാനിഷ് ലീഗില്‍ ഓരോ ടീമും ശമ്പള ഇനത്തില്‍ ചെലവഴിക്കാവുന്ന തുകയ്ക്ക് നിയന്ത്രണമുണ്ട്.

അതേസമയം, റയലിലേക്ക് ചേക്കാറാനൊരുങ്ങുന്ന എംബാപ്പെ മൂന്ന് ഉപാധികള്‍ മുന്നോട്ടുവച്ചിരുന്നു. 105 ദശലക്ഷം പൗണ്ട് സെനിംഗ് ഓണ്‍ ഫീസ് നല്‍കണമെന്നാണ് എംബാപ്പേയുടെ ഒന്നാമത്തെ ഉപാധി. റയലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നതാരം താനായിരിക്കണം എന്നാണ് രണ്ടാമത്തെ ആവശ്യം. അടുത്ത സീസണില്‍ വിനിഷ്യസ് ജൂനിയറും ജൂഡ് ബെല്ലിംഗ്ഹാമുമായിരിക്കും റയലില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങള്‍. ഇവര്‍ക്ക് കിട്ടുന്നതിനെക്കാള്‍ ഇരട്ടിപ്രതിഫലം എംബാപ്പേ ആവശ്യപ്പെടുന്നു

തന്റെ ഇമേജ് റൈറ്റ്സിലൂടെ കിട്ടുന്ന വരുമാനത്തിന്റെ അന്‍പത് ശതമാനം നല്‍കണമെന്നും എംബാപ്പേ റയലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുപത്തിയഞ്ചുകാരനായ എംബാപ്പേ ക്ലബിനും രാജ്യത്തിനുമായി ആകെ 310 ഗോള്‍നേടിയിട്ടുണ്ട്. ഫ്രാന്‍സിനൊപ്പം ലോകകപ്പ് ഉള്‍പ്പടെ പതിനഞ്ച് ട്രോഫികളും സ്വന്തമാക്കി. 


പാരമ്പര്യം വിടാതെ ബാഴ്‌സ! സാവിയുടെ പകരക്കാരനെ കുറിച്ച് സൂചന നല്‍കി ലാപ്പോര്‍ട്ടെ; മുന്‍ താരം മാനേജരാവും

ഈ സീസണോടെ സ്ഥാനം ഒഴിയുന്ന കോച്ച് സാവിക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് എഫ്‌സി ബാഴ്‌സോലണ. ക്ലബ് പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ടയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്.


ബാഴ്‌സലോണ: ലാ ലീഗയില്‍ മൂന്നാം സ്ഥാനത്താണ് എഫ്‌സി ബാഴ്‌സലോണ. കോപ്പ ഡെല്‍ റേയില്‍ പുറത്തായി. യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാത്രമാണ് സീസണില്‍ ബാഴ്‌സലോണയ്ക്ക് പ്രതീക്ഷയുള്ളത്. ചാംപ്യന്‍സ് ലീഗ് നോക്കൌട്ടില്‍ ബാഴ്‌സയെ കാത്തിരിക്കുന്നത് ഇറ്റാലിയന്‍ ക്ലബ് നാപ്പോളിയും. മികച്ച താരങ്ങളുണ്ടായിട്ടും കനത്ത തിരിച്ചടി നേരിട്ടതോടെ കോച്ച് സാവി ഹെര്‍ണാണ്ടസ് രാജി പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സീസണ്‍ അവസാനത്തോടെയാണ് സാവി പടിയിറങ്ങുക.

ഈ സീസണോടെ സ്ഥാനം ഒഴിയുന്ന കോച്ച് സാവിക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് എഫ്‌സി ബാഴ്‌സോലണ. ക്ലബ് പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ടയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. സ്ഥാനമൊഴിയുന്ന സാവിക്ക് പകരം ബാഴ്‌സലോണയുടെ മുന്‍താരം റാഫേല്‍ മാര്‍ക്വേസ് പുതിയ കോച്ചാവുമെന്നാണ് ലപ്പോര്‍ട്ട നല്‍കുന്ന സൂചന. മറ്റ് പരിശീലകരെക്കൂടി പരിഗണിച്ച് ക്ലബിന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായ ഡെക്കോയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ലപ്പോര്‍ട്ട. 

ക്ലബിന്റെ മുന്‍താരങ്ങളെ പരിശീലകരാക്കുന്നതാണ് ബാഴ്‌സലോണയുടെ രീതി. പെപ് ഗ്വാര്‍ഡിയോളയും ലൂയിസ് എന്റികെയും റൊണാള്‍ഡ് കൂമാനും സാവിയുമെല്ലാം ഈ വഴിയിലൂടെ വന്നവരാണ്. മെക്‌സിക്കന്‍ താരമായിരുന്ന മാര്‍ക്വേസ് നിലവില്‍ ബാഴ്‌സലോണ യൂത്ത് ടീമിന്റെ പരിശീലകനാണ്. ബാഴ്‌സലോണയുടെ മുന്‍താരവും ഇറ്റാലിയന്‍ ക്ലബ് ബൊളോഗ്‌നയുടെ കോച്ചുമായ തിയാഗോ മോട്ട, ലാ ലിഗയില്‍ ഇത്തവണ സ്വപ്നക്കുതിപ്പ് നടത്തുന്ന ജിറോണയുടെ മൈക്കേല്‍ എന്നിവരാണ് ബാഴ്‌സയുടെ പരിഗണനയിലുള്ള മറ്റ് പരിശീലകര്‍. 

നിലവില്‍ ടീമിനൊപ്പം ലോണില്‍ കളിക്കുന്ന പോര്‍ച്ചുഗീസ് താരങ്ങളായ യാവോ ഫെലിക്സ്, യാവോ കാന്‍സലോ എന്നിവരെ സ്ഥിരം കരാറില്‍ സ്വന്തമാക്കുമെന്നും ലപ്പോര്‍ട്ട വ്യക്തമാക്കി. സാവിയുടെ ഒഴിവിലേക്ക് സ്ഥാനമൊഴിയുന്ന ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പിനെ കൊണ്ടുവരാനുള്ള ശ്രമം ബാഴ്‌സലോണ നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹം ഒരു വര്‍ഷത്തെ വിശ്രമമെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ബാഴ്സലോണയുടെ പരിശീലക പദവി ഏറ്റെടുക്കാന്‍ മികേല്‍ അര്‍ട്ടേറ്റ ഈ സീസണ്‍ അവസാനം ആഴ്സണല്‍ വിടുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



സഞ്ജുവൊക്കെ എത്രയോ ഭേദം, പോപ്പിനെ പുറത്താക്കാന്‍ കിട്ടിയ അനായാസ അവസരം നഷ്ടമാക്കി; ഭരതിനെ പൊരിച്ച് ആരാധകര്‍

സ്വന്തം ഗ്രൗണ്ടില്‍ സ്റ്റംപിംഗ് ചാന്‍സ് കൈവിട്ട ഭരതിനെ ആരാധകര്‍ വെറുതെവിട്ടില്ല.ബാറ്റിംഗിലും തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന ഭരതിന് ആകെ അറിയാവുന്നത് വിക്കറ്റ് കീപ്പിംഗാണെന്നും അതിലും നിരാശയാണല്ലോ ആരാധകര്‍ പ്രതികരിച്ചു.


വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം 396 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി തകര്‍പ്പന്‍ തുടക്കമാണിട്ടത്. എന്നാലല്‍ 11-ാം ഓവറില്‍ കുല്‍ദീപ് യാദവ് ബെന്‍ ഡക്കറ്റിനെ രജത് പാടിദാറിന്‍റെ കൈകളിലെത്തിച്ച് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി.

വണ്‍ ഡൗണായി ഇംഗ്ലണ്ടിനായി ക്രീസിലെത്തിയത് കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരനായിരുന്ന ഒലി പോപ്പായിരുന്നു. കുല്‍ദീപിന്‍റെ ആദ്യ പന്ത് മുന്നോട്ടാഞ്ഞ് പ്രതിരോധിച്ച പോപ്പിന് പക്ഷെ പിഴച്ചു. വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന്‍റെ കൈയില്‍ പന്ത് എത്തുമ്പോള്‍ മുന്നോട്ടാഞ്ഞ് പ്രതിരോധിച്ച പോപ്പിന്‍റെ കാല്‍ ബാറ്റിംഗ് ക്രീസിന് പുറത്തായിരുന്നു. എന്നാല്‍ പന്ത് കൈയിലൊതുക്കാനാവാതിരുന്ന ഭരതിന്‍റെ കൈകളില്‍ നിന്ന് പന്ത് വഴുതി പോയി. ഇതോടെ ആദ്യ പന്തില്‍ തന്നെ പോപ്പിനെ വീഴ്ത്താന്‍ ലഭിച്ച സുവര്‍ണാവസരം ഇന്ത്യക്ക് നഷ്ടമാകുകയും ചെയ്തു. ഡക്കറ്റിന് പിന്നാലെ ഒരു വിക്കറ്റ് കൂടി നഷ്ടമായിരുന്നെങ്കില്‍ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലാവുമായിരുന്നു. എന്നാല്‍ ഭരത് അവസരം കളഞ്ഞുകുളിച്ചു.

സ്വന്തം ഗ്രൗണ്ടില്‍ സ്റ്റംപിംഗ് ചാന്‍സ് കൈവിട്ട ഭരതിനെ ആരാധകര്‍ വെറുതെവിട്ടില്ല.ബാറ്റിംഗിലും തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന ഭരതിന് ആകെ അറിയാവുന്നത് വിക്കറ്റ് കീപ്പിംഗാണെന്നും അതിലും നിരാശയാണല്ലോ ആരാധകര്‍ പ്രതികരിച്ചു. സഞ്ജു സാംസണൊക്കെ ഇതിനെക്കാള്‍ എത്രയോ ഭേദമാണെന്നും രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരെ സഞ്ജു ഫിഫ്റ്റി അടിച്ചത് സെലക്ടര്‍മാര്‍ കാണുന്നില്ലെ എന്നും ആരാധകര്‍ ചോദിക്കുന്നു.

ഇന്ത്യയുടെ 396 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ടിനായി സാക്ക് ക്രോളി തകര്‍ത്തടിച്ചു. 78 പന്തില്‍ 76 റണ്‍സെടുത്ത ക്രോളിയെ അക്സര്‍ പട്ടേലിന്‍റെ പന്തില്‍ ശ്രേയസ് അയ്യര്‍ പറന്നു പിടിച്ചു പുറത്താക്കിയാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. ടീം സ്കോര്‍ 100 കടന്നതിന് പിന്നാലെ ജോ റൂട്ടിനെ സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ച ബുമ്ര ഇംഗ്ലണ്ടിനെ ബാക്ക് ഫൂട്ടിലാക്കുകയും ചെയ്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 134-3 എന്ന നിലയിലാണ്. 21 റണ്‍സോടെ പോപ്പും 10 റണ്‍സുമായി ജോണി ബെയര്‍സ്റ്റോയും ക്രീസില്‍.


കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവുമായി കെസിഎ, 40000 പേർക്ക് ഇരിപ്പിടം, നിർമാണച്ചെലവ് 750 കോടി

ആലുവ-നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 40 ഏക്കർ സ്ഥലത്ത് ചെങ്ങമനാട് വില്ലേജില്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്‌പോർട്‌സ് സിറ്റിയാണ് ഇതില്‍ പ്രധാനം.


തിരുവവന്തപുരം: കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാനുള്ള നിര്‍ദേശം കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചു. തിരുവവന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന കായിക ഉച്ചകോടിയിലാണ് കെ സി എ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ് കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡ‍ിയത്തിനുള്ള നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്. കൊച്ചി സ്പോര്‍ട്സ് സിറ്റിക്ക് പുറമെ സംസ്ഥാനത്ത് കായിക മേഖലയില്‍ ഉന്നത നിലവാരമുള്ള12 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 150 കോടി രൂപ നിക്ഷേപമുള്ള പദ്ധതികളും കെസിഎ സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചു.


ആലുവ-നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 40 ഏക്കർ സ്ഥലത്ത് ചെങ്ങമനാട് വില്ലേജില്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്‌പോർട്‌സ് സിറ്റിയാണ് ഇതില്‍ പ്രധാനം. 40,000 ഇരിപ്പിടങ്ങൾ, ഇൻഡോർ, ഔട്ട്ഡോർ പരിശീലന സൗകര്യം, പരിശീലന ഗ്രൗണ്ട്, സ്പോർട്സ് അക്കാദമി, റിസർച്ച് സെന്‍റർ, ഇക്കോ പാർക്ക്, വാട്ടർ സ്പോർട്സ് പാർക്ക്, സ്പോർട്സ് മെഡിസിൻ ആന്‍ഡ് ഫിറ്റ്നസ് സെന്‍റർ, ഇ-സ്പോർട്സ് അരീന, വിനോദ മേഖല, ക്ലബ് ഹൗസ് എന്നിവയുള്‍ക്കൊള്ളുന്നതായിരിക്കും കൊച്ചിന്‍ സ്പോര്‍ട്സ് സിറ്റി.

ഇതിന് പുറമെ വിവിധ ജില്ലകളിലായി മൂന്ന് ആഭ്യന്തര ക്രിക്കറ്റ് വേദികൾ കൂടി കെസിഎ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള സൗകര്യങ്ങളുടെ നവീകരണവും പദ്ധതി നിര്‍ദേശങ്ങളിലുണ്ട്. കാര്യവട്ടത്തെ സ്‌പോർട്‌സ് ഹബ്ബായ ഗ്രീൻഫീൽഡ് ഇന്‍റർനാഷണൽ സ്റ്റേഡിയം 33 വർഷത്തേക്ക് നിലനിർത്താനും കെസിഎ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.  ഇതിനായി സംസ്ഥാന സർക്കാരിനെ സമീപിക്കും. കൊച്ചിയില്‍ നിര്‍മിക്കാന്‍ പോകുന്ന പുതിയ സ്റ്റേഡിയത്തിന്‍റെ പ്രാരംഭ രൂപകല്പനും ചടങ്ങില്‍ കെ സി എ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. 23 മുതൽ 26 വരെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിൽ കേരള സർക്കാർ സംഘടിപ്പിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ കെസിഎ എക്സിബിഷൻ പവലിയനും ഒരുക്കിയിട്ടുണ്ട്.

ഷൊയ്ബുമായുള്ള വിവാഹമോചനം; തീരുമാനമെടുത്തത് സാനിയ; കാരണം വ്യക്തമാക്കി പിതാവ് ഇമ്രാന്‍ മിര്‍സ

ഷൊയ്ബ് മാലിക് മൂന്നാം തവണയും വിവാഹിതനായ വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നതിന് പിന്നാലെ ഷൊയ്ബും സാനിയയും ഔദ്യോഗികമായി വേര്‍പിരിഞ്ഞിരുന്നോ എന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തിയിരുന്നു.


ഹൈദരാബാദ്: പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായി സാനിയാ മിര്‍സ വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് പിതാവ് ഇമ്രാന്‍ മിര്‍സ. സാനിയ മിര്‍സയുമായി ഔദ്യോഗികമായി വേര്‍പിരിഞ്ഞിട്ടാണോ ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായതെന്ന ചോദ്യത്തിന് മറുപടി നല്‍കവെയാണ് സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവാഹമോചനത്തിന് മുന്‍കൈയെടുത്തത് സാനിയ തന്നെയാണെന്നും മുസ്ലീം സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുന്നതിനുള്ള 'ഖുൽഅ' നിയമ പ്രകാരമാണ് സാനിയ തീരുമാനമെടുത്തതെന്നും ഇമ്രാന്‍ മിര്‍സ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

ഷൊയ്ബ് മാലിക് മൂന്നാം തവണയും വിവാഹിതനായ വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നതിന് പിന്നാലെ ഷൊയ്ബും സാനിയയും ഔദ്യോഗികമായി വേര്‍പിരിഞ്ഞിരുന്നോ എന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. ഇമ്രാന്‍ മിര്‍സയുടെ പ്രതികരണത്തോടെ സാനിയയും ഷൊയ്ബും ഔദ്യോഗികമായി വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ക്കും സ്ഥിരീകരണമായിരിക്കുകയാണ്.

ഇന്നലെ ഷൊയ്ബ് മാലിക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിവാഹച്ചിത്രങ്ങളിലൂടെയാണ് ആരാധകര്‍ താരത്തിന്‍റെ വിവാഹ വാര്‍ത്ത അറിഞ്ഞത്. പാക് നടി സന ജാവേദിനെ ആണ് മാലിക് വീണ്ടും വിവാഹം കഴിച്ചത്. മാലിക്കിന്‍റെ മൂന്നാം വിവാഹവും. സന ജാവേദിന്‍റെ രണ്ടാം വിവാഹവുമാണിത്. 2020ല്‍ പാക് ഗായകന്‍ ഉമൈര്‍ ജസ്‌വാളിനെ സന വിവാഹം കഴിച്ചിരുന്നു. വിവാഹ വാര്‍ത്തക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ സന ജാവേദ് പ്രൊഫൈല്‍ പേര് സന ഷൊയ്ബ് മാലിക്ക് എന്നാക്കുകയും ചെയ്തു.

2010ലാണ് സാനിയയും ഷൊയ്ബും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയയും മാലിക്കും മകൻ ഇഹ്സാന്‍റെ ജന്മദിനം ആഘോഷിക്കാനായി ഒരുമിച്ചപ്പോള്‍ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചുവെന്നായിരുന്നു ആരാധകര്‍ കരുതിയത്.

എന്നാല്‍ മുമ്പ് പലപ്പോഴും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സാനിയ ഷൊയ്ബുമായുള്ള ബന്ധത്തിലെ വിള്ളലുകളെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. രണ്ട് ദിവസം മുമ്പ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്റ്റോറിയും വിവാഹ ജീവിതത്തെക്കുറിച്ചായിരുന്നു.

ഗോവയെ തീര്‍ത്ത കുളിര് മാറിയിട്ടില്ല; കണക്കുകള്‍ വീട്ടാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ്‌സിക്കെതിരെ

ഇനിയും അവസാനിക്കാത്ത കണക്കുകള്‍ വീട്ടാനുറച്ചാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങുന്നത്


ബെംഗളൂരു: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അഭിമാനപ്പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ബെംഗളൂരു എഫ്സിയാണ് എതിരാളികൾ. ഇനിയും അവസാനിക്കാത്ത കണക്കുകള്‍ വീട്ടാനുറച്ചാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങുന്നത്. 16 കളിയില്‍ 29 പോയിന്‍റുമായി നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. 

കഴിഞ്ഞ സീസണില്‍ സുനിൽ ഛേത്രിയുടെ ഗോളും പിന്നാലെയുണ്ടായ വിവാദങ്ങളും കേരള ബ്ലാസ്റ്റേഴ്സും ആരാധകരും ഒരിക്കലും മറക്കില്ല. 2023 മാർച്ച് മൂന്നിനായിരുന്നു ഐഎസ്എല്ലിനെ പിടിച്ചുലച്ച ഫ്രീകിക്ക് ഗോളും ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിഷേധവും ബഹിഷ്കരണവും. വിലക്കും പിഴയുമെല്ലാം കഴിഞ്ഞ് 364 ദിവസത്തിന് ശേഷം ഇതേ വേദിയിലേക്ക് തിരികെ എത്തുമ്പോൾ ഇവാൻ വുകോമനോവിച്ചിനും സംഘത്തിനും ജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല. ഇക്കുറി കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചെങ്കിലും ശ്രീകണ്ഠീരവയിലെ ജയമേ ബ്ലാസ്റ്റേഴ്സിനെയും ആരാധകരേയും തൃപ്തിപ്പെടുത്തൂ. 

കഴിഞ്ഞ മത്സരത്തില്‍ എഫ്‌സി ഗോവയ്ക്കെതിരെ രണ്ട് ഗോളിന് പിന്നിലായിട്ടും നാല് ഗോൾ തിരിച്ചടിച്ച് വിജയവഴിയിൽ തിരിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവില്‍ എത്തിയിരിക്കുന്നത്. പ്രധാന താരങ്ങളുടെ പരിക്ക് തിരിച്ചടിയായി തുടരുമ്പോഴും ബെംഗളൂരുവിലെ ആദ്യ ജയം അസാധ്യമല്ലെന്ന് ഇവാൻ വുകോമനോവിച്ച് ഉറപ്പിച്ച് പറയുന്നു. 16 കളിയിൽ 29 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചും 17 കളിയിൽ 18 പോയിന്‍റുളള ബെംഗളൂരു ഒൻപതും സ്ഥാനത്താണ് നിലവില്‍. നേർക്കുനേർ കണക്കിൽ ബെംഗളൂരുവിനാണ് ആധിപത്യം. പതിനാല് കളികളിൽ ബെംഗളൂരു എട്ടിൽ ജയിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് ജയിച്ചത് നാല് കളിയിലാണ്. രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു.

ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തില്‍ ജംഷെഡ്പൂർ എഫ്‌സിയെ നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സ് തകർത്തു. ബഗാൻ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജംഷെഡ്പൂരിനെ തോൽപിച്ചത്. ദിമിത്രി പെട്രറ്റോസ്, ജേസൺ കമ്മിംഗ്സ്, അ‍ർമാൻഡോ സാദികു എന്നിവരാണ് ബഗാന്‍റെ സ്കോറർമാർ. പതിനാറ് കളിയിൽ പത്താം ജയം നേടിയ ബഗാൻ 33 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്തേക്കുയ‍ർന്നു. 35 പോയിന്‍റുളള ഒഡിഷ എഫ്‌സിയാണ് ഒന്നാംസ്ഥാനത്ത്.